ADVERTISEMENT

നിലമ്പൂർ  ∙ സ്കൂൾ വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ കെട്ടിടത്തിൽ കൈകൾ പിന്നിലേക്കു കെട്ടിയ നിലയിൽ കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിലമ്പൂർ മിനർവപ്പടിയിൽ ഇന്നലെ വൈകിട്ട് 6ന് ആണ് സംഭവം.

സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്കുള്ള കോണിപ്പടിയിലാണ് ചന്തക്കുന്നിലെ എയ്ഡഡ് സ്ഥാപനത്തിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന പതിമൂന്നുകാരനെ അവശനിലയിൽ കണ്ടത്. മിനർവപ്പടിയിൽ വാടക ക്വാർട്ടേഴ്സിലാണ് ബാലനും കുടുംബവും താമസിക്കുന്നത്. ഇന്നലെ രാവിലെ സ്കൂളിൽ പോയതാണ്. വൈകിട്ട് വീട്ടിൽ തിരിച്ചെത്താൻ വൈകി. രക്ഷിതാവ് അധ്യാപകനെ വിളിച്ചന്വേഷിച്ചപ്പോൾ കുട്ടി  ഇന്നലെ സ്കൂളിൽ എത്തിയില്ല എന്നറിഞ്ഞ് അന്വേഷണം നടത്തുകയായിരുന്നു. 

കെട്ടിടത്തിന്റെ താഴെ നിലയിൽ കടകളാണ്. ഒന്നാം നിലയിലെ ഇലക്‌ട്രോണിക്സ് സാമഗ്രികളുടെ മൊത്തവ്യാപാര കടയിലെ ജീവനക്കാരനായ മുഹമ്മദ് ഹാഷിം താഴെ വന്ന് ചായ കുടിച്ച് മടങ്ങുമ്പോൾ മീതെ കോണിപ്പടിയിൽനിന്ന് ആരോ വിളിക്കുന്നതു കേട്ട് ചെന്നുനോക്കിയപ്പോൾ ആണ് ഹാർഡ് ബോർഡിന്റെ പെട്ടികൾ കൂട്ടിയിട്ട ഭാഗത്ത് കുട്ടിയെ കണ്ടത്.

പടിയിൽ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. പെട്ടികൾ കെട്ടാനുപയോഗിക്കുന്ന പ്ലാസ്റ്റിക് വള്ളി കൊണ്ടാണ് കൈകൾ ബന്ധിച്ചിരുന്നത്. താഴെ കടയിൽ സാധനങ്ങൾ വാങ്ങുകയായിരുന്ന ആംബുലൻസ് ഡ്രൈവർ വി.കെ.റിയാസ് മോൻ എത്തി കുട്ടിയെ എടുത്ത് താഴെ എത്തിച്ച് കൈകളിലെ കെട്ടഴിച്ചു. പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ സുനിൽ പുളിക്കലും സംഘവും എത്തി പൊലീസ് ജീപ്പിൽ ആശുപത്രിയിലെത്തിച്ചു.

സംഭവത്തിന്റെ നടുക്കം മാറാത്ത കുട്ടിക്ക് കാര്യമായി ഒന്നും പറയാൻ കഴിയുന്നില്ല. കുട്ടിക്ക് പരുക്കില്ല. അൽപം മാറി സ്കൂൾ ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കുട്ടി കെട്ടിടത്തിലേക്കു കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. നിലവിൽ കേസെടുത്തിട്ടില്ലെന്നും കുട്ടി സാധാരണനില വീണ്ടെടുത്ത ശേഷം വിവരങ്ങൾ ചോദിച്ചറിയുമെന്നും പൊലീസ് പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com