ADVERTISEMENT

മലപ്പുറം∙ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് വോട്ടിങ് യന്ത്രങ്ങൾ പരിശോധിക്കുന്നതിനായി വിശാലമായ പന്തലും മറ്റും ഒരുക്കി ഇനി കാശുകളയണ്ട. ജില്ലയിലെ ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനായി വെയർഹൗസ് റെഡി. മലപ്പുറം സിവിൽ സ്റ്റേഷനിൽ നിർമിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെയർഹൗസ് ഇന്നു രാവിലെ 11ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ ഉദ്ഘാടനം ചെയ്യും.

വെയർഹൗസിനായി രണ്ടു വർഷം കൊണ്ടാണു മൂന്നു നില കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 7 കോടി രൂപയാണു ചെലവ്. നാലു കോടി രൂപ കെട്ടിട നിർമാണത്തിനും മൂന്നു കോടി രൂപ അനുബന്ധ സംവിധാനങ്ങൾ ഒരുക്കുന്നതിനുമാണു ചെലവഴിച്ചത്. അഗ്‍നിസുരക്ഷാ സംവിധാനങ്ങൾ, സിസിടിവി, ലിഫ്റ്റ്, വെള്ളം, വൈദ്യുതി, ജനറേറ്റർ സംവിധാനങ്ങളും സെക്യൂരിറ്റി ഗാർഡുമാർക്കു താമസിക്കാനും നിരീക്ഷണത്തിനുമായി ഔട്ട് ഹൗസും സിസിടിവി കേന്ദ്രീകൃത സംവിധാനവും പുതിയ കെട്ടിടത്തിലുണ്ട്.

താഴത്തെയും ഒന്നാമത്തെയും നിലകളിലായി 16 മണ്ഡലങ്ങളിലെയും നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന യന്ത്രങ്ങൾ സൂക്ഷിക്കാനായി 32 പ്രത്യേക സ്റ്റാക്കുകളുമുണ്ട്. രണ്ടാം നിലയിൽ ഹാളും മറ്റു സൗകര്യങ്ങളുമുണ്ട്. തിര‍ഞ്ഞെടുപ്പ് കമ്മിഷന്റെ സംസ്ഥാന മികച്ച വെയർഹൗസുകളിൽ ഒന്നാണു മലപ്പുറത്തേത്.

രണ്ടിടങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റി

നിലവിൽ വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും മലപ്പുറം നഗരത്തിലെ നാലിടങ്ങളിലായാണു സൂക്ഷിച്ചിരിക്കുന്നത്. മലപ്പുറം ഗവ. കോളജ് ഓഡിറ്റോറിയം, പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് പഴയ കെട്ടിടം എന്നിവിടങ്ങളിൽ സൂക്ഷിച്ചിരുന്ന യന്ത്രങ്ങൾ പുതിയ കെട്ടിടത്തിലേക്കു മാറ്റിയിട്ടുണ്ട്. ഇനി സിവിൽ സ്റ്റേഷനിലെ ഗോഡൗൺ, കോട്ടക്കുന്ന് ഡിടിപിസി ഹാൾ എന്നിവിടങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങളും ഇങ്ങോട്ടു മാറ്റും.

തിരഞ്ഞെടുപ്പിനു ശേഷം കോളജ് ഓഡിറ്റോറിയവും കോട്ടക്കുന്ന് ‍ഡിടിപിസി ഹാളും വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്നതിനാൽ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതുമൂലം ഒട്ടേറെ പ്രയാസങ്ങളായിരുന്നു നേരിട്ടിരുന്നത്. പുതിയ വെയർഹൗസ് തുറക്കുന്നതോടെ ഇതിനു പരിഹാരമാകും.

രണ്ടിടങ്ങളിൽ ഓൺലൈൻ ഉദ്ഘാടനം

മലപ്പുറത്തെ ഇവിഎം/വിവിപാറ്റ് വെയർഹൗസ് ഉദ്ഘാടനത്തോടൊപ്പം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിർമിച്ച വെയർഹൗസുകളുടെ ഉദ്ഘാടനവും ഇന്നു രാവിലെ 11ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ മലപ്പുറത്തുനിന്ന് ഓൺലൈനായി നിർവഹിക്കും.

മാസ്റ്റർ ട്രെയ്നർ പരിശീലനം തുടങ്ങി

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനതല മാസ്റ്റർ ട്രെയ്നർമാർക്കും ജില്ലാതല മാസ്റ്റർ ട്രെയ്നർമാർക്കുമുള്ള കേന്ദ്രതിരഞ്ഞെടപ്പു കമ്മിഷന്റെ പരിശീലനം ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. സിവിൽ സ്റ്റേഷനിലാണു പരിശീലനം നടക്കുന്നത്. ഡൽഹിയിൽ നിന്ന് ഓൺലൈനായാണു പരിശീലനം. ഇതോടൊപ്പം തിര‍ഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടു കൂടിയാണ് വെയർഹൗസ് ഉദ്ഘാടനം വേഗത്തിലാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com