ADVERTISEMENT

കുറ്റിപ്പുറം ∙ ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചാൽ പാലക്കാട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന റഗുലേറ്റർ കം ബ്രിജിന്റെ ജോലി ‘വെള്ളത്തിലാകും’. പാലത്തിന്റെ തൂണുകൾക്കായി പൈലിങ് നടത്തിയ പ്രദേശം മുഴുവൻ മണൽ മൂടും. മഴയ്ക്കു മുൻപായി ജോലികൾ വേഗത്തിലാക്കണമെന്ന നിർദേശം ഉണ്ടായിരുന്നെങ്കിലും കുമ്പിടി–കാങ്കക്കടവ് റഗുലേറ്റർ കം ബ്രിജിന്റെ ജോലികൾ ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. കരാർ കമ്പനി പല തവണ നിർമാണം നിർത്തിവച്ചിരുന്നു.

ആറുവരിപ്പാതയുടെ ഭാഗമായി ഭാരതപ്പുഴയിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ ജോലികളുമായി താരതമ്യം ചെയ്യുമ്പോൾ കുമ്പിടി പാലത്തിന്റെ ജോലി മന്ദഗതിയിലാണ് നീങ്ങുന്നത്. പൈലിങ് യന്ത്രങ്ങളുടെ കാര്യക്ഷമതയും നിർമാണത്തെ ബാധിക്കുന്നുണ്ട്. കുറ്റിപ്പുറം കാങ്കക്കടവ് പ്രദേശത്ത് തൂണുകൾക്കായി 30 മീറ്റർ ആഴത്തിൽവരെ പൈലിങ് നടത്തിയിട്ടുണ്ട്. കാലവർഷം ആരംഭിക്കുന്നതോടെ ഭാരതപ്പുഴയിൽ ശക്തമായ ഒഴുക്കാണ് ഉണ്ടാവുക. ഇതോടെ ഇതുവരെ നടത്തിയ പൈലിങ് മണൽമൂടും. നിർമാണം ആരംഭിച്ചതു മുതൽ മന്ദഗതിയിലാണ് ജോലി നടക്കുന്നത്. നവംബർ മുതലാണ് പാലത്തിന്റെ ആദ്യഘട്ട ജോലികൾ ആരംഭിച്ചത്.

ജോലികൾ ആരംഭിച്ച് 2 മാസം പിന്നിട്ടാണ് നിർമാണോദ്ഘാടനം നടന്നത്. 7 മാസം പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പാലക്കാട് കുമ്പിടി ഭാഗത്താണ് തൂണുകളുടെ നിർമാണം നടക്കുന്നത്. പുഴയ്ക്കു കുറുകെ ആഴത്തിൽ പൈലിങ് നടത്തിയതിനാൽ അപകടസാധ്യത കണക്കിലെടുത്ത് ഈ ഭാഗത്തേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. 125 കോടി രൂപ ചെലവിലാണ് ഗതാഗതത്തിനും ജലസേചനത്തിനുമായുള്ള പദ്ധതി നടപ്പാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com