ഉറപ്പൊക്കെ വെള്ളത്തിലായി; മഴയ്ക്കു മുൻപ് ചങ്ങാടമൊരുക്കി ആദിവാസി കുടുംബങ്ങൾ

പ്രഖ്യാപനത്തിലെ പാലം അക്കരെ കടത്തില്ല:  പുന്നപ്പുഴയിലെ പുഞ്ചക്കൊല്ലിക്കടവിൽ ‍യാത്രചെയ്യാൻ ആദിവാസികൾ പണിത പുതിയ ചങ്ങാടം.
പ്രഖ്യാപനത്തിലെ പാലം അക്കരെ കടത്തില്ല: പുന്നപ്പുഴയിലെ പുഞ്ചക്കൊല്ലിക്കടവിൽ ‍യാത്രചെയ്യാൻ ആദിവാസികൾ പണിത പുതിയ ചങ്ങാടം.
SHARE

എടക്കര ∙ പാലം വരുമെന്ന് നൽകിയ ഉറപ്പ് വെള്ളത്തിൽ വരച്ച വര പോലെയായി. ‌‌ഇത്തവണയും പുഴ കടക്കാൻ ആദിവാസികൾ സംഘടിച്ച് ചങ്ങാടം ഉണ്ടാക്കി. വഴിക്കടവ് വനത്തിനുള്ളിൽ താമസിക്കുന്ന പുഞ്ചക്കൊല്ലി, അളയ്ക്കൽ കോളനികളിലെ ആദിവാസി കുടുംബങ്ങളാണ് പാലമില്ലാത്തതിനാൽ ദുരിതം അനുഭവിക്കുന്നത്. പുന്നപ്പുഴയ്ക്ക് പുഞ്ചക്കൊല്ലിക്കടവിൽ നിർമിച്ചിരുന്ന ഇരുമ്പുപാലം 2019ലെ പ്രളയത്തിൽ തകർന്നതാണ്. പാലം ഇല്ലാതായിട്ട് അടുത്ത ഓഗസ്റ്റ് 9 ആകുമ്പോൾ 4 വർഷമാകും.

കോളനികൾ സന്ദർശിക്കാനെത്തുന്ന ജനപ്രതിനിധികളും  വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും അടുത്ത മഴക്കാലത്തിനു മുൻപ് എന്തായാലും പാലം പണിയുമെന്ന് ഉറപ്പുനൽകിയാണു മടങ്ങുക. ഇപ്പോൾ പാലത്തിന് ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ടല്ലോ എന്ന ആശ്വാസവാക്കുകളാണു പറയുന്നത്. പുഞ്ചക്കൊല്ലിക്കടവിൽ നേരത്തേ ഉണ്ടായിരുന്നത് നടപ്പാലം ആയിരുന്നു. പുതിയ പാലം പണിയുമ്പോൾ വാഹനം വരാൻ വീതിയിലുള്ളതാവണമെന്നാണ് ആദിവാസികളുടെ ആവശ്യം. കടവിന്റെ രണ്ടു ഭാഗവും വനമാണ്.

അതിനാൽ പാലം പണിയുന്നതിന് വനം വകുപ്പിന്റെ അനുമതി വേണം. പാലം പണിയാൻ തടസ്സങ്ങളൊന്നുമില്ലെന്നാണ് വനം വകുപ്പ് അധികൃതർ വ്യക്തമാകുന്നത്. പുന്നപ്പുഴയ്ക്ക് അക്കരെ കാട്ടിനുള്ളിലെ പുഞ്ചക്കൊല്ലി, അളയ്ക്കൽ കോളനികളിലായി കാട്ടുനായ്ക്കർ, ചോലനായ്ക്കർ‍ വിഭാഗങ്ങളിൽപെട്ട 150 കുടുംബങ്ങളാണ് താമസിക്കുന്നത്. മഴക്കാലമായാൽ കോളനികളിലെ കുടുംബങ്ങൾ പ്രളയഭീഷണിയിലാണ്. അതിനാൽ പാലം ഇവർക്ക് യാത്രാമാർഗം മാത്രമല്ല, രക്ഷാമാർഗം കൂടിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS