മലപ്പുറം ∙ ഒറ്റ ദിവസത്തെ പരിശോധനയിലൂടെ ജില്ലയിൽ പൊലീസ് റജിസ്റ്റർ ചെയ്തത് 736 കേസുകൾ. ഇതിന്റെ ഭാഗമായി ലഹരി വിൽപന, അനധികൃത മൂന്നക്ക ലോട്ടറി നടത്തിപ്പ്, അനധികൃത മണൽക്കടത്ത് തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഒട്ടേറെ കുറ്റവാളികളെ അറസ്റ്റ് ചെയ്തു. കാപ്പ നിയമപ്രകാരം നാടുകടത്തിയ 3 പ്രതികൾ അനധികൃതമായി ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി.
ലഹരി മരുന്ന് ഉപയോഗവും വിൽപനയുമായി ബന്ധപ്പെട്ട 109 കേസുകളാണ് റജിസ്റ്റർ ചെയ്തത്. പ്രതികളെ പിടികൂടാനായി പൊലീസ് അന്വേഷണം തുടരുന്നു. അനധികൃത മണൽ കടത്ത് മാഫിയയ്ക്കെതിരെ 9 കേസുകൾ മിന്നൽ പരിശോധനയിൽ റജിസ്റ്റർ ചെയ്തു. ജില്ലയിൽ രഹസ്യമായി നടന്നുവരുന്ന അനധികൃത മൂന്നക്ക ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് 39 കേസുകളാണ് റജിസ്റ്റർ ചെയ്തത്.
വിവിധ കേസുകളിൽ പൊലീസിനു പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്ന 37 പ്രതികളും ജാമ്യമില്ലാ വാറണ്ടിൽ പിടികിട്ടാനുണ്ടായിരുന്ന 125 പ്രതികളും ഉൾപ്പെടെ 162 കുറ്റവാളികളെ അറസ്റ്റ് ചെയ്തു. ജില്ലാ അതിർത്തികളും പ്രധാന നഗരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 4663 വാഹനങ്ങൾ ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തി. ഇവരിൽ നിന്നായി 884550 രൂപ പിഴ ഈടാക്കി.