കുറ്റിപ്പുറം ∙ മംഗളൂരു–ഇടപ്പള്ളി ആറുവരിപ്പാത നിർമാണത്തിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച തൊഴിലാളികളുടെ ക്യാംപുകളിൽ ആരോഗ്യവകുപ്പും തൊഴിൽവകുപ്പും പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് അതത് മേഖലകളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ആർ.രേണുക അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷയും തൊഴിൽ മാനദണ്ഡങ്ങളും പരിശോധിക്കാൻ ആരോഗ്യ വകുപ്പമായി സഹകരിച്ച് ക്യാംപുകളിൽ സംയുക്ത പരിശോധന നടത്തുമെന്ന് ജില്ലാ ലേബർ ഓഫിസർ കെ.ജയപ്രകാശ് നാരായണൻ അറിയിച്ചു.
മഴക്കാലത്തിനു മുന്നോടിയായി ജില്ലയിൽ മറ്റു ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്തും ഇരുവിഭാഗവും പരിശോധന നടത്തും. ആറുവരിപ്പാത നിർമാണത്തിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച തൊഴിലാളികളെ പാർപ്പിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ ‘മനോരമ’ വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി. കടുത്ത വെയിലിൽപോലും തകര ഷീറ്റ് മറച്ചുണ്ടാക്കിയ ഷെഡുകളിലാണ് ദേശീയപാത നിർമാണ ജോലിക്കെത്തിയ നൂറുകണക്കിന് തൊഴിലാളികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ക്യാംപുകളിൽ കഴിയുന്നത്.
ഷെഡുകളിലെ പല മുറികളിലും ചട്ടം മറികടന്ന് ഒട്ടേറെ പേരാണ് താമസിക്കുന്നത്. പല ക്യാംപുകളിലും തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ശുചിമുറി സംവിധാനമില്ല. 12 മണിക്കൂർ നീളുന്ന ജോലിക്ക് 600 മുതൽ 700 രൂപ വരെയാണ് നൽകുന്നതെന്നും പറയുന്നു. 18 വയസ്സിനു താഴെ പ്രായമുള്ളവരും ചില ക്യാംപുകളിൽ ഉണ്ട്.