മഴക്കാലത്തിന് തുടക്കമായതോടെ ജില്ലയിലെ തീരദേശത്ത് ആശങ്ക. വെളിയങ്കോടും പരപ്പനങ്ങാടിയിലും പൊന്നാനിയിലും കടൽക്ഷോഭമുണ്ടാകുന്ന പ്രദേശങ്ങളിലാണ് ജനം ആശങ്കയിൽ കഴിയുന്നത്. കടലാക്രമണം തടയാൻ കടൽ ഭിത്തിയുൾപ്പെടെ നിർമിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും പലയിടത്തും നടപടി ആയിട്ടില്ല. പരപ്പനങ്ങാടിയിൽ കടൽ ഭിത്തി നിർമാണത്തിന് തുക നീക്കിവച്ചിട്ടുണ്ടെങ്കിലും ജോലി തുടങ്ങിയിട്ടില്ല.

കടൽക്ഷോഭം ശക്തമായതോടെ വെളിയങ്കോട്ടും പാലപ്പെട്ടിയിലും നൂറോളം കുടുംബങ്ങളാണ് ആശങ്കയിൽ കഴിയുന്നത് മഴയെ തുടർന്നാണ് തീരദേശ മേഖലയിൽ കടൽക്ഷോഭം തുടർന്നുകൊണ്ടിരിക്കുന്നത്. വെളിയങ്കോട് പഞ്ചായത്തിലെ പത്തുമുറി, തണ്ണിത്തുറ.പെരുമ്പടപ്പ് പഞ്ചായത്തിലെ കാപ്പിരിക്കാട്, പാലപ്പെട്ടി, അജ്മേർ നഗർ തീരങ്ങളിലാണ് കടൽ കരയിലേക്ക് കയറുന്നത്.ഉച്ചയ്ക്കു ശേഷമാണ് കടൽ പ്രക്ഷുബ്ധമാകുക.
കഴിഞ്ഞ ദിവസം കടൽക്ഷോഭത്തിൽ വീടുകളിലേക്ക് വെള്ളം കയറിയ 12 കുടുംബങ്ങൾ താൽക്കാലികമായി ബന്ധുവീട്ടിലേക്കു താമസം മാറി.പകൽ സമയത്ത് മാത്രമാണ് തീരദേശത്തെ വീടുകളിൽ കഴിയുന്നത്.കടൽ ഭിത്തി തകർന്ന വെളിയങ്കോട് പഞ്ചായത്തിലെ തീരങ്ങളിൽ കഴിയുന്ന കുടുംബങ്ങളാണ് ഏത് സമയത്തും വീട് ഒഴിയേണ്ടി വരുന്നത്.രാത്രി കാലങ്ങളിൽ ഭയന്നാണ് മിക്ക കുടുംബങ്ങളും വീടുകളിൽ കഴിയുന്നത്.
പരപ്പനങ്ങാടിയിൽ ആനങ്ങാടിയിൽ കടൽ ഭിത്തി നിർമാണത്തിന് തുക അനുവദിച്ചിട്ടുണ്ട്.റോഡ് തകർന്ന പരപ്പാൽ ബീച്ചിൽ കോടതിയുടെ നിർദേശപ്രകാരം പ്രത്യേക കമ്മിറ്റിയുടെ പഠനം നടത്തും. അതിനു ശേഷമായിരിക്കും ഭിത്തിയും റോഡും നിർമിക്കുക. കടൽഭിത്തി താഴ്ന്ന കെട്ടുങ്ങൽ, ചാപ്പപ്പടി, പുത്തൻകടപ്പുറം, ആലുങ്ങൽ ഭാഗങ്ങളിൽ ബലപ്പെടുത്തുന്നതിനു നടപടി സ്വീകരിക്കും.
ശുചീകരണ ജോലികൾ ഭാഗികം
തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കിയതിനാൽ ജില്ലയിലെ മിക്കയിടത്തും ഇത്തവണ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം ഭാഗികമായെങ്കിലും നടന്നു. ഗ്രാമ തലങ്ങളിൽ ഇത് കൂടുതൽ ഫലപ്രദമായി നടപ്പാക്കി. നഗരങ്ങളിൽ പലേടത്തും ഓടകൾ വൃത്തിയാക്കിയിട്ടില്ല. മാലിന്യം അടിഞ്ഞു കിടക്കുന്നതിനാൽ മഴ പെയ്താൽ വെള്ളക്കെട്ട് രൂപപ്പെടുമോയെന്ന ആശങ്കയുണ്ട്. എടപ്പാൾ ടൗണിൽ കഴിഞ്ഞ ദിവസം പെയ്ത മഴയ്ക്ക് വെള്ളം കയറി വ്യാപാരികൾക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.