ADVERTISEMENT

വണ്ടൂർ ∙ ചേരിങ്ങാപ്പൊയിൽ തെങ്ങിൻകുണ്ടിൽ കുമാരമംഗലം ശിവദാസൻ എന്ന ദാസൻ വാണിയമ്പലം ഉൾവനങ്ങളിൽ നിന്നടക്കം സാഹസികമായി പകർത്തിയതു കടുവ, പുലി, ആന, കാട്ടുപോത്ത്, അപൂർവ പക്ഷികൾ, തുമ്പികൾ, ശലഭങ്ങൾ തുടങ്ങി മൂവായിരത്തിലേറെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ. കറുപ്പിന്റെയും വെളുപ്പിന്റെയും കാലത്തു പതിനഞ്ചാം വയസ്സിൽ കയ്യിലെടുത്ത ക്യാമറ അറുപതിലും താഴെ വച്ചിട്ടില്ല. ഇടക്കാലത്തു കാൻസർ ബാധിതനായിട്ടും ഒട്ടും തളരാതെ ഇപ്പോഴും കാടും പുഴയും മലയും കയറിയിറങ്ങുകയാണ് ദാസൻ.

വാണിയമ്പലത്തെ ആദ്യ സ്റ്റുഡിയോ

നിലമ്പൂർ പോപ്പുലർ സ്റ്റുഡിയോയിൽ 3 വർഷത്തെ പരിശീലനത്തിനു ശേഷം പതിനെട്ടാം വയസ്സിൽ ദാസൻ വാണിയമ്പലത്തു ‘രാജേഷ്’ സ്റ്റുഡിയോ തുടങ്ങി. ആദ്യം വാടകക്കെട്ടിടത്തിൽ. പിന്നീട് റോഡരികിൽ കുറച്ച് സ്ഥലം വാങ്ങി സ്വന്തം കെട്ടിടത്തിലേക്കു മാറ്റിയതാണ് ഗവ.ഹയർസെക്കൻഡറി സ്കൂളിനു സമീപം ഇപ്പോഴുമുള്ളത്. വന്യജീവികളുടെ ഫോട്ടോ എടുക്കാൻ ആദ്യം മുതൽ താൽപര്യമായിരുന്നു. 2017ലാണ് നാവിൽ കാൻസർ ബാധിച്ചത്. രണ്ടു വർഷത്തോളം ചികിത്സ നീണ്ടു. ഒരു വർഷത്തോളം വീടിനുള്ളിൽ തന്നെ കഴിയേണ്ടിവന്നു. 

നാവിന്റെ ഒരു ഭാഗം മുറിച്ചു മാറ്റി വളച്ചു തുന്നിച്ചേർത്തു. മാസങ്ങളോളം സംസാരശേഷി നഷ്ടപ്പെട്ടു. ഔട്ട് ഫോക്കസാകുമായിരുന്ന ജീവിതത്തെ നിശ്ചയദാർഢ്യം കൊണ്ടു തിരിച്ചുപിടിച്ചു. പിന്നീടങ്ങോട്ടു വനയാത്രകളുടെ പെരുമഴയായിരുന്നു. അങ്ങനെ എടുത്തതാണു എണ്ണമറ്റ ആന, കടുവ, പുലിച്ചിത്രങ്ങൾ. 

പ്രദർശനങ്ങൾ, പരിശീലനങ്ങൾ

വന്യജീവികളുടെ ഫോട്ടോ എടുക്കാനുള്ള താൽപര്യം കൊണ്ടുമാത്രം ഒട്ടേറെ തവണ വനംവകുപ്പിന്റെ ശലഭ, തുമ്പി കണക്കെടുപ്പുകൾക്കു ദാസൻ പോയിട്ടുണ്ട്. അപൂർവമായ തവളവായൻ പക്ഷി, നാലു തരം വേഴാമ്പലുൾപ്പെടെ അത്ര സാധാരണല്ലാത്ത 150 ഇനം പക്ഷികൾ, 200 ഇനം ചിത്രശലഭങ്ങൾ, കണ്ണുകൊണ്ടു കാണാൻ പോലും കഴിയാത്തത്ര ചെറിയ പ്രാണികൾ ഉൾപ്പെടെ നൂറ്റിയൻപതിലേറെ ജീവികളുടെ പടങ്ങൾ തുടങ്ങിയവയെല്ലാം ഇദ്ദേഹത്തിന്റെ കയ്യിലുണ്ട്. സൗജന്യമായി പ്രദർശനവും ക്ലാസും നടത്തുന്നുണ്ട്. ഭാര്യ ഗീതയും മക്കളായ ലക്ഷ്മീദാസും ശിവനന്ദനയും ഗീതപ്രിയയും ദാസന്റെ ഫൊട്ടോഗ്രഫിക്കും താങ്ങാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT