കസ്റ്റഡി മരണം: സിബിഐ സംഘം ഇന്നു താനൂരിൽ

Mail This Article
മലപ്പുറം ∙ കസ്റ്റഡി മരണക്കേസ് അന്വേഷണത്തിനായി സിബിഐ സംഘം ഇന്നു താനൂരിലെത്തും. കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ സഹോദരനുൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും. താനൂർ സർക്കാർ അതിഥി മന്ദിരത്തിലാണു തിരുവനന്തപുരം യൂണിറ്റിൽനിന്നുള്ള സിബിഐ ഉദ്യോഗസ്ഥർ അന്വേഷണത്തിന്റെ ഭാഗമായി ക്യാംപ് ചെയ്യുക.സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.
ലഹരി വസ്തുക്കളുമായി അറസ്റ്റിലായ താമിർ ജിഫ്രി താനൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കഴിഞ്ഞ മാസം ഒന്നിനാണു മരിച്ചത്. കസ്റ്റഡി മർദനവും മരണകാരണമായതായി ആരോപണമുയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 8 പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. 4 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. ക്രൈംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ചു താമിർ ജിഫ്രിയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചു.
സർക്കാർ നേരത്തേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായിരുന്നില്ല. കുടുംബത്തിന്റെ ഹർജി പരിഗണിച്ച കോടതിയാണു കേസ് പെട്ടെന്നു സിബിഐയ്ക്കു കൈമാറാൻ ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കേസ് ഫയൽ തിരുവനന്തപുരത്തെത്തി സിബിഐയ്ക്കു കൈമാറിയിരുന്നു. കഴിഞ്ഞ ദിവസമാണു കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു സിബിഐ അന്വേഷണം ഏറ്റെടുത്തതും. എഫ്ഐആർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.