പുലാമന്തോൾ തിരുത്തിൽ വയലിലെ വരമ്പ് തകർത്തു; നശിച്ചത് ഏക്കർ കണക്കിനു നെൽക്കൃഷി
Mail This Article
പുലാമന്തോൾ ∙ പഞ്ചായത്തിലെ തിരുത്ത് പ്രദേശത്തെ പുലാമന്തോൾ പാടശേഖരത്തിൽ സാമൂഹിക വിരുദ്ധർ കൃഷിയും കൃഷിയിടവും നശിപ്പിച്ചതായി പരാതി. നെൽക്കൃഷിക്ക് ആവശ്യമായ വെള്ളം കെട്ടി നിർത്തുന്നതിന് വേണ്ടി നിർമിച്ച പാടവരമ്പ് കഴിഞ്ഞ ദിവസം രാത്രി വെട്ടി മുറിച്ച് വെള്ളം ഒഴുക്കി വിട്ടു. വെള്ളം ഒഴുകിപ്പോയ ഏക്കർ കണക്കിന് സ്ഥലത്തെ നെൽക്കൃഷിയും പാകപ്പെടുത്തിയ കൃഷിസ്ഥലവും നശിച്ചു. വിവിധ സ്ഥലങ്ങളിലായി മീറ്ററുകളോളം പാടവരമ്പ് മുറിച്ച നിലയിലാണ്.
പറിച്ചു നട്ട ഞാറ് വെള്ളത്തിൽ ഒഴുകിപ്പോയി. ചെറൂത്ത് മുഹമ്മദ്, വട്ടിപള്ളിയാലിൽ കുഞ്ഞിമുഹമ്മദ്, തോട്ടുംപള്ളത്ത് വാസു, കാഞ്ഞിരക്കടവത്ത് മമ്മുണ്ണി എന്നിവരുടെ കൃഷിയും കൃഷി സ്ഥലവുമാണ് നശിച്ചത്. പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ, സ്ഥിരസമിതി അധ്യക്ഷ ടി.സാവിത്രി, കൃഷി അസി. രൂപേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷനിൽ കർഷകർ പരാതി നൽകിയിട്ടുണ്ട്. കൃഷി മന്ത്രി ഉൾപ്പെടെയുള്ളവർക്ക് കർഷകർ പരാതി നൽകുന്നുണ്ട്.