അടച്ചും തുറന്നും ഒരു പാലം; തിരൂരിലെ പുതിയ പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആർക്കും പ്രവചിക്കാനാകില്ല

Mail This Article
തിരൂർ ∙ ഏതു നിമിഷവും അടച്ചേക്കാം. അതുപോലെ തന്നെ ഏതു നിമിഷവും തുറക്കുകയും ചെയ്തേക്കാം. തിരൂരിലെ പുതിയ പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആർക്കും പ്രവചിക്കാനാകില്ല. അധികൃതർ അടച്ചും ആരൊക്കെയോ തുറന്നും കൊടുക്കുന്ന പാലമാണിപ്പോൾ തിരൂരിലെ ചർച്ചയും വിവാദവും. സെൻട്രൽ ജംക‍്ഷനെയും സിറ്റി ജംക‍്ഷനെയും ബന്ധിപ്പിക്കുന്ന പാലമാണു കഥയിലെ നായകൻ. പണി കഴിഞ്ഞ പാലം തുറക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ 26ന് യുഡിഎഫ് നടത്തിയ സമരത്തിനിടയ്ക്കാണ് ആദ്യം പാലം തുറന്നത്. അന്നു തന്നെ പൊലീസെത്തി അടച്ചു. പിന്നെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ആരോ പാലം തുറന്നിട്ടു. ഇതോടെ വണ്ടികൾ പാലം കയറി. ചൊവ്വ രാത്രി 10നു മരാമത്ത് വകുപ്പിന്റെ നിർദേശപ്രകാരം പൊലീസെത്തി അടച്ചു. എന്നാൽ ഇന്നലെ രാവിലെ 11.30ന് വീണ്ടും ചിലർ പാലം തുറന്നു.
ഗതാഗതക്കുരുക്കിനിടെ രോഗിയുമായി ആശുപത്രിയിലേക്കു പോകാനെത്തിയ ഓട്ടോറിക്ഷ കടത്തിവിടാൻ ചിലർ ചേർന്നു പാലം തുറക്കുകയായിരുന്നു എന്നാണു വിവരം. എന്നാൽ പിന്നീട് അടച്ചിട്ടില്ല. ഇതോടെ വണ്ടികൾ വീണ്ടും പാലത്തിലൂടെ കടന്നു പോയിത്തുടങ്ങി. ഇന്നലെ രാത്രി വരെ ഇത് അടച്ചിട്ടില്ല. പാലം അടയ്ക്കാൻ മരാമത്ത് വകുപ്പ് ഇന്നലെ വൈകിട്ടു വരെ പൊലീസിനോടും ആവശ്യപ്പെട്ടിട്ടില്ല. എന്നാലും പാലം ഉടൻ അടയ്ക്കും എന്നാണ് അറിയാൻ സാധിച്ചത്.
പാലം തുറന്നു കിടക്കുകയാണെന്ന പ്രതീക്ഷയിൽ പോയാൽ ചിലപ്പോൾ അടഞ്ഞുകിടക്കുന്നതാകും കാണാൻ സാധിക്കുക. പാലം തുറന്നുകിടക്കുമ്പോൾ നഗരത്തിൽ ഗതാഗതക്കുരുക്കില്ലാത്ത സ്ഥിതിയാണ്. ഇതു പരിഗണിച്ചു പാലത്തിൽ ശേഷിക്കുന്ന പണികൾ തീർത്ത് ഉടൻ ഔദ്യോഗികമായി തുറന്നു കൊടുക്കണമെന്നാണു നഗരത്തിലെത്തുന്ന മിക്ക ഡ്രൈവർമാരുടെയും ആവശ്യം. ഇനി പാലം അടച്ചാൽ സമരം നടത്തുമെന്നാണു ചില രാഷ്ട്രീയ പാർട്ടികൾ അറിയിച്ചിട്ടുള്ളത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local