ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റ്: ആദ്യ ദിനം കടകശ്ശേരി
Mail This Article
തേഞ്ഞിപ്പലം ∙ ജില്ലാ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 15 മീറ്റ് റെക്കോർഡുകൾ പിറന്ന ആദ്യ ദിനത്തിൽ 240 പോയിന്റുമായി കടകശ്ശേരി ഐഡിയൽ ഇംഗ്ലിഷ് സ്കൂൾ മുന്നേറുന്നു. 18 സ്വർണവും 12 വെള്ളിയും 7 വെങ്കലവും നേടിയാണ് സ്കൂൾ മുന്നേറുന്നത്. 10 സ്വർണവും 14 വെള്ളിയും 3 വെങ്കലവും നേടി 183 പോയിന്റുമായി കാവനൂർ സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനത്തും 4 സ്വർണവും 2 വെള്ളിയും 7 വെങ്കലവും നേടി 96.5 പോയിന്റുമായി ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്. സിഎച്ച്എംഎച്ച്എസ്എസ് പൂക്കൊളത്തൂർ (2 സ്വർണം, 5 വെള്ളി, 4 വെങ്കലം– 81 പോയിന്റ്) നാലാമതും തിരുനാവായ നവാമുകുന്ദ സ്പോർട്സ് അക്കാദമി (3 സ്വർണം, 6 വെള്ളി, 4 വെങ്കലം– 79 പോയിന്റ്) അഞ്ചാം സ്ഥാനത്തുമുണ്ട്. മീറ്റ് ഇന്നു സമാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ചാംപ്യൻഷിപ് ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മജീദ് ഐഡിയൽ അധ്യക്ഷത വഹിച്ചു.
ഹൈജംപിൽ മണിപ്പുർ ഗോൾഡ്
തേഞ്ഞിപ്പലം ∙ അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗം ഹൈജംപിൽ ഇത്തവണ മണിപ്പുർ ഗോൾഡ്. മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽനിന്നുള്ള ഫിഷാബം ഹസനാണ് ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ തവണ ഹൈജംപിൽ രണ്ടാമതായിപ്പോയതിന്റെ കുറവ് പരിഹരിച്ചായിരുന്നു മധുരപ്രതികാരം. മൊറയൂർ വിഎംഎച്ച്എസ്എസിലെ ഈ ഒൻപതാം ക്ലാസ് വിദ്യാർഥി ഇന്നലെ ഷോട്പുട്ടിൽ വെള്ളിയും നേടി. കൊട്ടുക്കരയിലെ സ്ഥാപനത്തിൽ ജോലിക്കുവന്ന സഹോദരൻ അഫ്ജാൻ ആണ് ഫിഷാബമിനെയും മറ്റൊരു സഹോദരൻ സഹിനൂറിനെയും മൊറയൂരിലെ സ്കൂളിൽ ചേർത്തത്. അഫ്ജാൻ സൗദിയിലേക്കു പോയെങ്കിലും കായികതാരങ്ങൾ കൂടിയായ ഇളയ സഹോദരങ്ങൾ ഇവിടത്തന്നെ താമസിക്കുകയാണ്. ഒരേ ക്ലാസിൽ പഠിക്കുന്ന രണ്ടുപേരും സ്കൂളിലെ ഹാൻഡ്ബോൾ ടീമിലും അംഗമാണ്. മണിപ്പുർ കത്തുകയാണെങ്കിലും നാട്ടിൽ കുടുംബം താരതമ്യേന സുരക്ഷിതരാണെന്ന് ഫിഷാബം പറഞ്ഞു.