കനോലി കനാലിലെ ജലനിരപ്പ് ഉയർന്നുതന്നെ; താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ

Mail This Article
പെരുമ്പടപ്പ് ∙ കനോലി കനാലിൽ ജലനിരപ്പു കുറയാത്തതു മൂലം അയിരൂരിലെയും കോടത്തൂരിലെയും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല. പെരുമ്പടപ്പ് പഞ്ചായത്തിലെ കനോലി കനാലിന്റെയും കുട്ടാടൻ പാടശേഖരത്തിന്റെയും കരപ്രദേശങ്ങളായ അയിരൂർ, കോടത്തൂർ എന്നിവിടങ്ങളിലാണു കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടായത്.
2 മേഖലയിലും കെട്ടിക്കിടക്കുന്ന വെള്ളം അയിരൂർ ചക്കാരം തോട് വഴി കനോലി കനാലിലേക്ക് ഒഴുക്കിവിടുന്നുണ്ടെങ്കിലും കനാലിൽ വേലിയേറ്റം ശക്തമായതോടെ കരമേഖലയിലെ വെള്ളക്കെട്ട് കുറയുന്നില്ല. ചക്കാരം തോടിലെ 2 വിസിബി ഉയർത്തി കൂടുതൽ വെള്ളം ഒഴുക്കി. എന്നിട്ടും തോട്ടിലെയും കനാലിലെയും ജല നിരപ്പ് ഒരേപോലെയാണ്. വരുംദിവസങ്ങളിൽ മഴ ശക്തമാകുകയാണെങ്കിൽ വീടുകൾ വെള്ളക്കെട്ടിലാകുമെന്ന ആശങ്കയിലാണു നാട്ടുകാർ.കുട്ടാടൻ പാടശേഖരത്തും വെള്ളക്കെട്ട് തുടരുകയാണ്. മുണ്ടകൻ പാടശേഖരമായ ഇവിടെ കൃഷി ഇറക്കുന്നതിനു പാടങ്ങൾ ഒരുക്കിയെങ്കിലും വെള്ളക്കെട്ട് കൃഷി വൈകാൻ കാരണമാകും.