ADVERTISEMENT

പൊന്നാനി ∙ നിർധന കുടുംബത്തിനു വീടു വയ്ക്കാൻ നഗരസഭ നഞ്ച ഭൂമി നൽകിയ സംഭവത്തിൽ കൗൺസിൽ യോഗത്തിൽ പ്രതിഷേധവും കയ്യാങ്കളിയും. കുടുംബത്തിനു ഭൂമി വാങ്ങിനൽകിയത് യുഡിഎഫ് ഭരണസമിതിയുടെ കാലത്തെന്നും ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് യുഡിഎഫ് നിർധന കുടുംബത്തെ ചൂഷണം ചെയ്തെന്നും നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ആരോപിച്ചു. 

എൽഡിഎഫ് ഭരണസമിതി നിർധന കുടുംബത്തെ തഴഞ്ഞുവെന്നാരോപിച്ച് ആദ്യം  പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം കൗൺസിൽ യോഗത്തിൽ പ്രതിഷേധവുമായി രംഗത്തു വന്നു.ചെയർമാന്റെ ഡയസിനടുത്തേക്കു പ്രതിപക്ഷ നേതാവ് നീങ്ങിയതോടെ തടയാൻ ശ്രമിച്ചു ഭരണസമിതി കൗൺസിലർ പി.വി.ലത്തീഫ് മുന്നോട്ടു വന്നു. തൊട്ടുപിന്നാലെ കൗൺസിലർമാരായ അബ്ദുൽ സലാം, വി.പി.പ്രഭീഷ്, സൈഫു പൂളയ്ക്കൽ തുടങ്ങിയവരും രംഗത്തു വന്നു. പിന്നെ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയായി.

ഇതോടെ നഗരസഭാ സെക്രട്ടറി എസ്.സജിറൂൻ സ്ഥിതി ശാന്തമാക്കാൻ ശ്രമിച്ചു. കുടുംബത്തിന്റെ ഭവന നിർമാണത്തിനുള്ള അപേക്ഷ എൽഡിഎഫ് ഭരണസമിതി തള്ളിക്കളഞ്ഞെന്നും പാർട്ടിക്കാരെയും ഭരണസമിതി അംഗങ്ങളെ സാമ്പത്തികമായി സഹായിക്കുന്നവരെയും മാത്രമാണ് എൽഡിഎഫ് പരിഗണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ആരോപിച്ചു. 2015ൽ കുടുംബത്തിനു ഭൂമി നൽകാൻ മുന്നിൽ നിന്നവരെക്കുറിച്ച് അന്വേഷിക്കണമെന്ന് ഭരണസമിതി കൗൺസിലർ പി.വി.ലത്തീഫ് ആവശ്യപ്പെട്ടു. 

യുഡിഎഫിന്റെ ചൂഷണം ശിവദാസ് ആറ്റുപുറം (പൊന്നാനി നഗരസഭാധ്യക്ഷൻ)

യുഡിഎഫ് കാലത്ത് ഭൂമാഫിയ നിലനിന്നിരുന്നു. ഇതിന്റെ പൂർണ രൂപം പുറത്തു വരേണ്ടതുണ്ട്. സാമ്പത്തിക ലാഭത്തിനു വേണ്ടി നിർധന കുടുംബത്തെ യുഡിഎഫ് അംഗങ്ങൾ അധികാരം ഉപയോഗിച്ചു ചൂഷണം ചെയ്തു. ഇതിനു തെളിവാണ് നെയ്തല്ലൂരിൽ കുടുംബത്തിനു ലഭിച്ച  നഞ്ച ഭൂമി.

സിപിഎമ്മിന്റേത് ഇരട്ടത്താപ്പ് ഫർഹാൻ ബിയ്യം (പൊന്നാനി നഗരസഭാ പ്രതിപക്ഷ നേതാവ്)

മുൻ നഗരസഭാധ്യക്ഷനും സിപിഎം നേതാവുമായ വ്യക്തിയുടെ സഹോദരൻ പുഴമ്പ്രത്ത് 15 സെന്റ് നഞ്ച ഭൂമിയിൽ 2600 ചതുരശ്ര അടിയിൽ വീട് വച്ചപ്പോൾ അനുമതി നൽകാൻ സിപിഎം ഭരണസമിതിക്കു കഴിഞ്ഞു. നിർധന കുടുംബത്തിനു രണ്ടര സെന്റ് ഭൂമിയിൽ വീട് വയ്ക്കാനുള്ള അനുമതി തള്ളി. ഇതാണു സിപിഎമ്മിന്റെ ഇരട്ടത്താപ്പ്. സ്വന്തക്കാർക്കും ബന്ധുക്കൾക്കും ഏതു നിയമവും ഇവർ വളച്ചൊടിക്കും. ഇന്നലെ കടവനാട് ഉദ്ഘാടനം ചെയ്ത രണ്ടായിരം ചതുരശ്ര അടിയിലുള്ള എംസിഎഫും നഞ്ച ഭൂമിയിലാണു സ്ഥിതി ചെയ്യുന്നത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT