ADVERTISEMENT

മലപ്പുറം ∙ ഒറ്റയ്ക്കല്ല, ഉത്സവം സംഘമായി ആഘോഷിക്കണമെന്നാണ്. ഇന്ത്യൻ ഫുട്ബോളിലെ മെഗാ പൂരമായ ഐഎസ്എല്ലിന്റെ കിക്കോഫിൽ ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു പോരാട്ടം കാണാൻ മലപ്പുറത്തു നിന്ന് സംഘമായിത്തന്നെ പുറപ്പെട്ടു. അതും ബ്ലാസ്റ്റേഴ്സിന്റെ ഗാലറിയിലെ ജീവാത്മാവും പരമാത്മാവുമായ മഞ്ഞപ്പടയോടൊപ്പം തന്നെ. 8 ബസ് നിറയെ ആരാധകരുമായാണ് മഞ്ഞപ്പട മലപ്പുറം വിങ് കിക്കോഫ് പൂരം കൊഴുപ്പിക്കാൻ പുറപ്പെട്ടത്. ഇതിൽ മലപ്പുറത്തു നിന്നു പുറപ്പെട്ട രണ്ടു ബസുകളിലൊന്നിലായിരുന്നു ഞങ്ങളുടെ യാത്ര.

താളമേളവുമായി വേലയിറക്കം

രാവിലെ എട്ടിനു തന്നെ മലപ്പുറം കിഴക്കേത്തലയിൽ മഞ്ഞപ്പട സ്‌റ്റേറ്റ് കോർ അംഗം ഷറഫുദ്ദീൻ മരവട്ടം കർമനിരതനായി. കളി ജയിച്ചോ തോറ്റോ എന്നതു വിഷയമല്ല, കൃത്യ സമയത്തു ജാഥ പുറപ്പെട്ടു എന്നുറപ്പാക്കേണ്ടത് നേതാവിന്റെ ഉത്തരവാദിത്തമാണ്. മലപ്പുറത്തു നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഓരോരുത്തരായി എട്ടേകാലോടെ എത്തിത്തുടങ്ങി. എട്ടേമുക്കാലോടെ മഞ്ഞപ്പടയുടെ മലപ്പുറം വേലക്കമ്മിറ്റി വക രണ്ട് ബസുകൾ താളവും മേളവുമായി യാത്ര തുടങ്ങി.

വമ്പിച്ച ഓഫർ നൽകി സ്വയം പരിചയപ്പെടുത്തൽ

ബസ് ഫുൾ ആയ ശേഷം സ്വയം പരിചയപ്പെടുത്തലായിരുന്നു. മലപ്പുറത്തുനിന്നു വന്ന മച്ചിങ്ങൽ ബഷീർ അഹമ്മദും സഹോദരൻ മുഹമ്മദ് ഇഖ്ബാലും ഒരു ഓഫർ മുന്നോട്ടുവച്ച ശേഷമാണ് സ്വയം പരിചയപ്പെടുത്തിയത്. ഇന്നലത്തെ കളി ജയിച്ചാലും തോറ്റാലും മലപ്പുറം കോട്ടക്കുന്നിലുള്ള അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ വച്ച് ഈ ബസിലെ എല്ലാവരും പങ്കെടുക്കുന്ന ഒരു പാർട്ടി നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

കൂടാതെ അദ്ദേഹം ഉൾപ്പെട്ട കൂട്ടായ്മ നടത്തുന്ന ഫുട്ബോൾ കോച്ചിങ് ക്യാംപിൽ 50 % ഫീസ് ഇളവും പ്രഖ്യാപിച്ചു. കോട്ടക്കുന്നിലുള്ള ക്രിക്കറ്റ് ടർഫിൽ ആഴ്ചയിൽ രണ്ട് ദിവസം ഈ ബസിലുള്ളവർക്ക് സൗജന്യ പരിശീലനമായിരുന്നു മുഹമ്മദ് ഇഖ്ബാലിന്റെ ഓഫർ. പ്ലസ് വൺ വിദ്യാർഥികൾ മുതൽ 60 പിന്നിട്ട ഇഖ്ബാലും സഹോദരൻ ബഷീറും വരെ ആവേശം വാരി വിതറുന്നതായിരുന്നു മലപ്പുറം സംഘം .

'ചക്കര ലൂണേ ഗോളുകളുടെ തോഴനേ എൻ മനക്കോട്ടേൽ നായകനായ് വാഴണേ ''

ബ്ലാസ്റ്റേഴ്സിനു വേണ്ടിയുള്ള ചാന്റിങ് പ്രാക്ടീസിനു തുടക്കമായതോടെ കലൂർ സ്റ്റേഡിയത്തിലെ ഈസ്റ്റ് ഗാലറിക്കു സമാനമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഈസ്റ്റ് ഗാലറി ബസിൽ സൃഷ്ടിക്കപ്പെട്ടു. ബ്ലാസ്റ്റേഴ്സ് ആൻതം മുതൽ വൈക്കിങ് ക്ലാപ്പ് വരെയുള്ളവയുടെ സജീവ പരിശീലനം. കളി നേരിട്ടു കാണാൻ ആദ്യമായെത്തുന്നവർക്കുള്ള പരിശീലനക്കളരി. ഇതിനിടയിൽ ഗായകരായ ആരാധകർ വക പാട്ടുമുണ്ടായിരുന്നു.

ഐഎസ്എൽ മൂന്നാം സീസൺ മുതൽ മഞ്ഞപ്പടയുടെ ഒപ്പുണ്ട്. കൊച്ചിയിൽ നടന്ന കളികളിൽ 90 ശതമാനവും ഞാൻ കണ്ടിട്ടുണ്ട്. കൂടാതെ ബെംഗളൂരുവിലും ഗോവയിലും പോയി കളി കണ്ടു. പറഞ്ഞറിയിക്കാൻ പറ്റാത്ത ആവേശമാണ് ബ്ലാസ്റ്റേഴ്സ്. അതോടൊപ്പം ഈസ്റ്റ് ഗാലറിയിൽ മഞ്ഞപ്പടയോടൊപ്പമിരുന്ന് കളി കാണൽ ഒരനുഭവം തന്നെയാണ്.

ഉച്ചഭക്ഷണത്തിനായി ഷോർട് ബ്രേക്ക്

ഒന്നരയോടെ തൃശൂരിലെ ജറുസലം റിട്രീറ്റ് സെന്ററിൽ ബസ് നിർത്തി. ചിക്കൻ ബിരിയാണിയായിരുന്നു ഭക്ഷണം. വെജ് വേണ്ടവർക്ക് വെജ് ബിരിയാണിയും. ഞങ്ങൾ എത്തിയതിനു തൊട്ടുപിന്നാലെ മലപ്പുറത്തു നിന്നുള്ള മറ്റു മൂന്നു ബസുകളും എത്തി. സഹ പൂരക്കമ്മിറ്റികളും എത്തിയതോടെ മലപ്പുറത്തിന്റെ വടക്കൻ വേല മെഗാ പൂരമായി കലൂർ സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടു. മൂന്നരയോടെയാണ് സ്‌റ്റഡിയത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലെത്തുന്നത്.

അവിടെയും ഇവാൻ ഇവിടെയും ഇവാൻ

എവിടെ നോക്കിയാലും ബ്ലാസ്റ്റേഴ്സിന്റെയും മലയാളികളുടെയും സ്വന്തം ആശാൻ ഇവാൻ വുക്കോമനോവിച്ചിന്റെ മുഖം. എവിടെ നോക്കിയാലും കണ്ണിൽ ആശാൻ മാത്രം. മലയാള മനോരമയും സ്കൈ ഫോമും ചേർന്ന് സൗജന്യമായി വിതരണം ചെയ്ത വുക്കോ മനോവിച്ചിന്റെ മുഖം മൂടികളാണ് സ്‌റ്റേഡിയത്തിൽ ആശാനെ സർവവ്യാപിയാക്കിയത്. ഒന്നല്ല, പതിനായിരക്കണക്കിന് വുക്കോമനോവിച്ചിനെ അണിനിരത്തിയായിരുന്നു ഇന്നലെ ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേറ്റേഴ്സിന്റെ പോരാട്ടം.

malappuram-bus

സൂര്യൻ പടിഞ്ഞാറസ്തമിച്ചു; കിഴക്കിൽ മഞ്ഞപ്പട ഉദിച്ചു

ബ്ലാസ്റ്റേഴ്സ് കളിക്കുന്ന ദിവസം സ്റ്റേഡിയത്തിലെ ഈസ്റ്റ് ഗാലറിയിൽ ആദ്യമായി കയറുന്ന ആരും ആദ്യം ഒന്നു സ്തംഭിച്ചു പോകും. ആരാധകരുടെ പെരുംപട സൃഷ്ടിച്ച മഞ്ഞക്കടൽ കണ്ട്. ചുറ്റും മൊബൈൽ ക്യാമറകൾ തുരുതുരാ മിന്നുന്നു. ഉന്മാദത്തിലാക്കുന്ന താളെപ്പെരുക്കം. നീണ്ട യാത്രയുടെ ക്ഷീണവും ചടപ്പും എവിടെപ്പോയെന്നറിയില്ല.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

കറന്റടിച്ചപോലെ നാം ഫുൾ ചാർജിലേക്ക്. ഊർജത്തിന്റെ ഇത്രയും വേഗമേറിയ ഫാസ്റ്റ് ചാർജർ ഇതിനു മുൻപും ശേഷവും കാണാനിടയില്ല. ഈ ആരാധകക്കൂട്ടത്തെ ഉൾക്കൊള്ളാനുള്ള സംവിധാനമില്ലാതെ മൊബൈൽ നെറ്റ്വവർകക്കുകളെല്ലാം ജാമാകുന്നേടെ ആവേശത്തിന്റെ ദ്വീപായി ഈസ്റ്റ് ഗാലറി മാറുന്നു. കളിക്കാരിറങ്ങിയ ഉടൻ ഒരു നിശ്ശബ്ദത ഗാലറി നിറയും. കലാശ ക്കൊട്ടിനു മുൻപുള്ള നിശബ്ദത പോലെ . കിക്കോഫ് വിസിൽ മുഴങ്ങിയാൽ ആദ്യ കോലു വീഴുകയായി. പിന്നെ 90 മിനിറ്റ് ആവേശത്തിന്റെ മഞ്ഞപ്പട മേളം.

English Summary: ISL football, Kerala Blasters vs Bengaluru FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT