ഇത്തവണയും ഐഡിയൽ ജേതാക്കൾ; അഞ്ജലിയുടെ കണ്ണീരിൽ തിളങ്ങി അജ്മൽ ഓർമകൾ

Mail This Article
തേഞ്ഞിപ്പലം ∙ 15–ാം തവണയും ജില്ലാ ജൂനിയർ അത്‌ലറ്റിക് ഓവറോൾ ചാംപ്യൻമാരായി ഐഡിയൽ കടകശ്ശേരി. 39 സ്വർണവും 24 വെള്ളിയും 13 വെങ്കലവുമടക്കം 499 പോയിന്റുമായാണ് ഐഡിയൽ ഇംഗ്ലിഷ് സ്കൂൾ ജേതാക്കളായത്.16 സ്വർണവും 23 വെള്ളിയും 9 വെങ്കലവുമടക്കം 348.5 പോയിന്റുമായി സ്പോർട്സ് അക്കാദമി കാവനൂർ രണ്ടാം സ്ഥാനവും 18 സ്വർണവും 12 വെള്ളിയും 11 വെങ്കലവുമടക്കം 312.5 പോയിന്റുമായി കെഎച്ച്എംഎച്ച്എസ്എസ് ആലത്തിയൂർ മൂന്നാം സ്ഥാനവും നേടി.
8 സ്വർണവും 9 വെള്ളിയും 11 വെങ്കലവുമടക്കം 176.5 പോയിന്റുമായി നവാമുകുന്ദ സ്പോർട്സ് അക്കാദമി നാലാമതും 4 സ്വർണവും 12 വെള്ളിയും 11 വെങ്കലവുമടക്കം 166.5 പോയിന്റുമായി സിഎച്ച്എംഎച്ച്എസ്എസ് പൂക്കൊളത്തൂർ അഞ്ചാമതുമെത്തി. സമാപന സമ്മേളനം കാലിക്കറ്റ് സർവകലാശാലാ റജിസ്ട്രാർ ഡോ.സതീഷ് ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മജീദ് ഐഡിയൽ അധ്യക്ഷത വഹിച്ചു. സർവകലാശാലാ കായികവിഭാഗം മേധാവിയും അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ അംഗവുമായ ഡോ.സക്കീർ ഹുസൈൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

വന്നത് വെറുതേയായില്ല, ആദിത്യയ്ക്ക് ഇരട്ട സ്വർണം
തേഞ്ഞിപ്പലം ∙ രാജ്യാന്തര ഹർഡിൽസ് താരം മുഹമ്മദ് ഹനാന്റെ വിജയവഴി തേടി മലപ്പുറത്തെത്തിയ കോട്ടയം സ്വദേശി ആദിത്യ അജിക്ക് ജില്ലാ ജൂനിയർ മീറ്റിൽ ഇരട്ട സ്വർണം. കഴിഞ്ഞ ദിവസം അണ്ടർ 18 വിഭാഗം 100 മീറ്ററിൽ റെക്കോർഡോടെ സ്വർണം നേടിയതിനു പിന്നാലെ ഇന്നലെ സ്വന്തം ഇനമായ 100 മീറ്റർ ഹർഡിൽസിലും റെക്കോർഡോടെ ഒന്നാമതെത്തി. ആദിത്യ തിരുനാവായ നവാമുകുന്ദ സ്പോർട്സ് അക്കാദമിക്കു വേണ്ടിയാണ് മെഡൽ നേടിയത്.
അണ്ടർ 16 വിഭാഗം 80 മീറ്റർ ഹർഡിൽസിൽ ജൂനിയർ– ഇന്റർക്ലബ് സംസ്ഥാന മീറ്റുകളിലടക്കം സ്വർണ നേട്ടക്കാരിയായ ആദിത്യ വിദഗ്ധ പരിശീലനം തേടിയാണ് ഹനാന്റെ കോച്ചും സഹോദരനുമായ മുഹമ്മദ് ഹർഷാദിന്റെയടുത്ത് എത്തുന്നത്. ഹർഷാദിനു പുറമേ കെ.എ.ഗിരീഷിന്റെയും ശിഷ്യയാണ്. തിരുനാവായ നവാമുകുന്ദ സ്കൂൾ വിദ്യാർഥിയാണ്.കാഞ്ഞിരപ്പള്ളി വാളാച്ചിറയിൽ അജി – സൗമ്യ ദമ്പതികളുടെ മകളാണ്.
സംസ്ഥാന റെക്കോർഡ് മറികടന്ന ഏറ്
തേഞ്ഞിപ്പലം ∙ സി.ഷഹബാസ് ഇന്നലെ എറിഞ്ഞ കിഡ്സ് ജാവലിൻ സംസ്ഥാന റെക്കോർഡിനെക്കാൾ 4 മീറ്ററിലേറെ ദൂരവും പിന്നിട്ടാണ് നിന്നത്. അണ്ടർ 14 വിഭാഗത്തിലാണ് ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസിന്റെ ഈ താരം മീറ്റ് റെക്കോർഡിനു പുറമേ സംസ്ഥാന റെക്കോർഡും തകർത്തത്. കഴിഞ്ഞ ദിവസം ഷോട്പുട്ടിലും പുതിയ ദൂരം കുറിച്ച ഷഹബാസിന് ഇത് ഇരട്ട റെക്കോർഡും ഇരട്ട സ്വർണനേട്ടവുമായി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

കിഡ്സ് ജാവലിനിൽ 37.46 മീറ്ററാണ് ഷഹബാസ് ഇന്നലെ എറിഞ്ഞത്. ഈയിനത്തിൽ ഇതേ സ്കൂളിലെ തന്നെ സി.ആദർശ് കഴിഞ്ഞ വർഷം സംസ്ഥാന മീറ്റിൽ കുറിച്ച 33.28 മീറ്റർ ദൂരമാണ് മറികടന്നത്. ജില്ലാ മീറ്റിലെ നിലവിലെ റെക്കോർഡ് കഴിഞ്ഞ വർഷം ഐഡിയലിന്റെ വി.പി.മുഹമ്മദ് സയാൻ നേടിയ 32.60 മീറ്റർ ആയിരുന്നു. ആലത്തിയൂർ സ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥിയായ ഷഹബാസ് തിരൂർ ബീരാൻചിറ സ്വദേശികളായ നസീർ–സജീന ദമ്പതികളുടെ മകനാണ്.

അഞ്ജലിയുടെ കണ്ണീരിൽ തിളങ്ങി അജ്മൽ ഓർമകൾ
തേഞ്ഞിപ്പലം ∙ അഞ്ജലിയുടെ കണ്ണീർ ദക്ഷിണയിലൂടെ കായികാധ്യാപകൻ അജ്മലിന്റെ ഓർമകളേറ്റെടുത്ത് നാട്. മന്ത്രി വി.ശിവൻകുട്ടിയടക്കം രാഷ്ട്രീയ – സാമൂഹിക നേതാക്കളായ ഒട്ടേറെ പേരാണ് ഇതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പിട്ടത്. തന്നെ ട്രാക്കിലെ മികവിലേക്ക് കൈപിടിച്ചുയർത്തിയ അധ്യാപകനെ മരണശേഷം എല്ലാവരും വീണ്ടും ഓർക്കാനിടയായതിൽ സന്തോഷമുണ്ടെന്ന് അഞ്ജലി മനോരമയോട് പറഞ്ഞു.
തേഞ്ഞിപ്പലത്തു നടക്കുന്ന ജില്ലാ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിലെ കഴിഞ്ഞ ദിവസം നടന്ന അണ്ടർ 18 വിഭാഗം പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയതിനു പിന്നാലെ ഫിനിഷിങ് ലൈനിൽ വച്ചാണ് മേലാറ്റൂർ ആർഎംഎച്ച്എസ്എസിലെ കെ.അഞ്ജലി ‘അജ്മൽ സാറേ’ എന്നു വിളിച്ചു കരഞ്ഞത്. ഇതു സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളും ചിത്രങ്ങളുമാണ് ശ്രദ്ധനേടിയത്.
ട്രെയിൻ തട്ടി മരിച്ച അധ്യാപകനെയോർത്ത് നേട്ടത്തിന്റെ സമയത്തും വിദ്യാർഥി കരഞ്ഞത് ഗുരു–ശിഷ്യ ബന്ധത്തിന്റെ മാതൃകയായി പലരും ചൂണ്ടിക്കാട്ടി. അജ്മലിന്റെ ബന്ധുക്കൾ നന്ദി പറഞ്ഞ് സന്ദേശമയച്ചതായി അഞ്ജലി പറഞ്ഞു. ഇന്നലെ നടന്ന 200 മീറ്റർ ഓട്ടത്തിൽ അഞ്ജലി വെള്ളി നേടി. ആർഎംഎംഎച്ച്എസ്എസിലെ കായികാധ്യാപകനായിരുന്ന കരിഞ്ചാപ്പാടി സ്വദേശി അജ്മൽ ജൂൺ 8ന് അങ്ങാടിപ്പുറത്തു വച്ചാണ് ട്രെയിൻ തട്ടി മരിച്ചത്. മേലാറ്റൂർ സ്വദേശികളായ ശശികുമാർ–ശൈലജ ദമ്പതികളുടെ മകളാണ് അഞ്ജലി.

കോച്ചിന്റെ പ്രായത്തിൽ എന്തിരിക്കുന്നു
തേഞ്ഞിപ്പലം ∙ പോൾവോൾട്ടിൽ ആൺകുട്ടികളുടെ അണ്ടർ 20 വിഭാഗത്തിൽ സ്വർണം നേടിയ മുഹമ്മദ് ഫൈജാസിന്റെ(18) പരിശീലകന് പ്രായം വെറും 20 വയസ്സ്. ഹൈജംപിലെ മുൻ ജില്ലാ താരംകൂടിയായ കെ.പി.സ്വാലിഹ് ആണ് ഫൈജാസമടക്കമുള്ള ഒട്ടേറെ വിദ്യാർഥികൾക്ക് താനൂർ ഫിഷർമെൻ ക്ലബ്ബിന്റെ കീഴിൽ കായിക പരിശീലനം നൽകുന്നത്.
ഫൈജാസിന്റെ ജ്യേഷ്ഠനും മുൻ പോൾവോൾട്ട് ജില്ലാ ജേതാവുമായ ഫയാസ് ആണ് അനിയനെ സുഹൃത്തും അന്നത്തെ സഹതാരവുമായിരുന്ന സ്വാലിഹിന്റെ പരിശീലനത്തിനു ചേർത്തത്. മേശയും ഡെസ്കും വച്ചൊരുക്കിയ ബാറും മുളവടി കൊണ്ടുള്ള പോളും ഉപയോഗിച്ച് കടപ്പുറത്തെ മണലിലേക്ക് ചാടിയായിരുന്നു പരിശീലനത്തുടക്കം. പിന്നീട് ചിലർ ഇടപെട്ട് പോൾ വാങ്ങിക്കൊടുത്തു.ഇതേയിനത്തിൽ സ്വാലിഹിന്റെ ശിഷ്യൻ കെ.പി.സജ്നാദിനാണ് വെള്ളി.
സിദ്ധാർഥിനെ നടന്നുതോൽപിക്കാൻ ആവില്ല മക്കളേ!
തേഞ്ഞിപ്പലം ∙ 10,000 മീറ്ററിൽ എതിരാളികളില്ലാതെ ‘നടക്കുക’യാണ് തവനൂർ എമർജ് അത്‌ലറ്റിക് അക്കാദമിയുടെ കെ.പി.സിദ്ധാർഥ്. അണ്ടർ 16, 18 വിഭാഗങ്ങളിൽ 2 വീതം സ്വർണം നേടിയ സിദ്ധാർഥ് അണ്ടർ 20 വിഭാഗത്തിലെ കന്നി നടത്തവും പൊന്നാക്കി.ദീർഘദൂര നടത്തക്കാരനായിരുന്ന പിതാവ് വിനോദിന്റെ പാത തുടർന്നാണ് സിദ്ധാർഥും ട്രാക്കിലെത്തിയത്. ഏഴാം വയസ്സിൽ തന്നെ അത്‌ലറ്റിക്സ് പരിശീലനത്തിനു വിട്ടു. ആദ്യം 400, 600 മീറ്റർ ഓട്ടത്തിൽ കൈ നോക്കിയ സിദ്ധാർഥ് പിന്നീടാണ് നടത്തത്തിലേക്ക് കാൽവച്ചത്. തവനൂരിൽ ഫെഡറൽ ബാങ്ക് ജീവനക്കാരനാണ് വിനോദ്. മാതാവ്: പ്രവിത.
ചേട്ടന് സ്വർണം,അനിയന് വെങ്കലം
തേഞ്ഞിപ്പലം ∙ ചേട്ടനു പിന്നാലെ അനിയനും നടന്നു, ചേട്ടൻ കെ.പി.നവീൻ കൃഷ്ണയ്ക്ക് റെക്കോർഡോടെ സ്വർണം, അനിയൻ കെ.പി.ജീവയ്ക്കു വെങ്കലം. അണ്ടർ 16 വിഭാഗം 5000 മീറ്റർ നടത്തത്തിലാണ് സഹോദരങ്ങൾ മെഡൽ പങ്കിട്ടത്. ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസിൽ പ്ലസ്‌വൺ വിദ്യാർഥിയാണ് നവീൻ.
കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനമാണ് ഇത്തവണ ഒന്നാമതാക്കിയത്. ഈ വിഭാഗത്തിൽ ആദ്യ മത്സരമാണ് ഒൻപതാം ക്ലാസ് വിദ്യാർഥിയായ ജീവയുടേത്. ആലത്തിയൂർ മലയമ്പാടി കറുത്തേടത്ത് പടി വിജീഷ്–പ്രതീഷ ദമ്പതികളുടെ മക്കളാണ്. 5000 മീറ്റർ അണ്ടർ 16, 18 ആൺ, പെൺ വിഭാഗങ്ങളിൽ ആലത്തിയൂർ സ്കൂളിനാണ് സ്വർണ നേട്ടം.
രണ്ടാം ദിനം 20 റെക്കോർഡ്
തേഞ്ഞിപ്പലം ∙ രണ്ടാം ദിനം പിറന്നത് 20 റെക്കോർഡുകൾ. 2 ദിവസങ്ങളിലായി നടന്ന മീറ്റിൽ ആകെ 35 റെക്കോർഡുകളാണ് പഴങ്കഥയായത്.