ആറാംക്ലാസുകാരനെ മർദിച്ച അതിഥിത്തൊഴിലാളി ഒളിവിൽ
Mail This Article
തേഞ്ഞിപ്പലം/മഞ്ചേരി ∙ ടയർ ഉരുട്ടിക്കളിക്കുമ്പോൾ ദേഹത്ത് തട്ടിയെന്നാരോപിച്ച് 6–ാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച കേസിൽ പൊലീസ് തേടുന്ന അതിഥിത്തൊഴിലാളി സൽമാൻ ഒളിവിൽ. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് പ്രതിയെ കണ്ടെത്താൻ ശ്രമം ഊർജിതമാക്കി. ഇയാളുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യും. മർദനത്തിനിരയായ വിദ്യാർഥി മഞ്ചേരി മെഡിക്കൽ കോളജിൽ സുഖം പ്രാപിച്ചുവരുന്നു.
ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് അംഗങ്ങൾ ആശുപത്രിയിലെത്തി കുട്ടിയിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. ഈ മാസം ഒന്നിന് പള്ളിക്കൽ അമ്പലവളവിലാണ് സംഭവം നടന്നത്. പള്ളിക്കൽ അമ്പലവളപ്പിൽ മഠത്തിൽ സുനിൽകുമാറിന്റെയും വസന്തയുടെയും മകൻ എം.എസ്.അശ്വിനാണ് (12) ക്രൂര മർദനത്തിനിരയായത്. പ്രതി കുട്ടിയുടെ കഴുത്ത് ഭിത്തിക്കു ചേർത്തു പിടിച്ച് ഇടിക്കുകയും ടയർ ഉരുട്ടാൻ ഉപയോഗിച്ച വടി കൊണ്ടു മർദിക്കുകയും ചെയ്തെന്നാണു ബന്ധുക്കൾ പറയുന്നത്.
ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. കുട്ടി ഇന്നോ നാളെയോ ആശുപത്രി വിടും. വീട്ടിലും വിശ്രമം വേണ്ടിവരുമെന്നു ഡോക്ടർമാർ അറിയിച്ചു, ക്വാർട്ടേഴ്സിന്റെ മൂന്നാം നിലയിലാണ് അശ്വിന്റെ കുടുംബം താമസിച്ചിരുന്നത്. ചെരിപ്പു കമ്പനിയിൽ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളി താമസിക്കുന്നത് ഇതേ ക്വാർട്ടേഴ്സിലാണ്. ക്വാർട്ടേഴ്സിന്റെ ഒഴിഞ്ഞ സ്ഥലത്തു വച്ചാണ് ടയർ ഉരുട്ടിക്കളിച്ചതെന്നും മർദനമേറ്റതെന്നും മാതാവ് വസന്ത പറഞ്ഞു.
ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് വീട്ടിലെത്തിയെങ്കിലും കഴുത്ത് വേദന കടുത്തതോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്.കോഴിപ്പുറം എഎംയുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. ചൈൽഡ് പ്രൊട്ടക്‌ഷൻ കൗൺസിലർ എ.റഹ്മത്തുന്നീസ, ഔട്റീച്ച് വർക്കർ നഫിയ ഫർസാന എന്നിവരാണ് കുട്ടിയിൽനിന്നു മൊഴിയെടുത്തത്. ആവശ്യമെങ്കിൽ കൗൺസലിങ് നൽകുമെന്ന് ഇവർ പറഞ്ഞു.