തൊടികപ്പുലത്തു വേണം, മേൽപാലം, അല്ലെങ്കിൽ അടിപ്പാത; ഇത് റയിൽപാളം രണ്ടായി മുറിച്ച നാടിന്റെ ആവശ്യം

Mail This Article
പോരൂർ ∙ നാടിനെ രണ്ടായി മുറിച്ചു നീണ്ടുകിടക്കുന്ന റെയിൽപാളത്തിൽ ഒരു മേൽപാലമോ അടിപ്പാതയോ തൊടികപ്പുലത്തുകാരുടെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നമാണ്. പാളത്തിന്റെ മറുഭാഗത്തു പോരൂർ പഞ്ചായത്തിലുൾപ്പെട്ട നൂറോളം വീട്ടുകാർക്ക് പഞ്ചായത്ത് ആസ്ഥാനത്തെത്താൻ 13.5 കിലോമീറ്റർ ചുറ്റിവളയണം. പാളം കുരിക്കിട്ടില്ലായിരുന്നെങ്കിൽ രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാവുമായിരുന്നു.
വലിയൊരു പ്രദേശത്തെ വിദ്യാർഥികൾ ആശ്രയിക്കുന്ന തൊടികപ്പുലം എഎൽപി സ്കൂളിലെത്താനും പാളം മുറിച്ചുകടക്കണം. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഇവിടെ രക്ഷിതാക്കളും അധ്യാപകരും പാളത്തിൽ കാവൽ നിന്നാണ് വിദ്യാർഥികളെ മറുവശത്തെത്തിക്കുന്നത്. വിദ്യാലയത്തിൽ എത്താൻ മറ്റു വഴികളൊന്നും ഇല്ല.
ഉച്ചഭക്ഷണത്തിനുള്ള അരിയും പലചരക്കുസാധനങ്ങളും പച്ചക്കറിയും വിറകുമെല്ലാം പാളത്തിലൂടെ ചുമന്നുകൊണ്ടുവരണമെന്ന് പ്രധാനാധ്യാപകൻ എം.ഉസ്മാൻ പറയുന്നു. തൊടികപ്പുലത്ത് മേൽപാലമോ അടിപ്പാതയോ വന്നാൽ നാടിന്റെ മുഖം തന്നെ മാറുമെന്നു പ്രദേശവാസിയായ നീലേങ്ങാടൻ അബ്ദുൽ ഷുക്കൂർ പറയുന്നു.
പോരൂർ, പാണ്ടിക്കാട്, കാളികാവ്, തുവ്വൂർ, കരുവാരകുണ്ട് പഞ്ചായത്തുകൾക്കെല്ലാം നിയോജകമണ്ഡല ആസ്ഥാനമായ വണ്ടൂരിലെത്താൻ എളുപ്പവഴി തുറന്നു കിട്ടും. ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, വിദ്യാഭ്യാസ ജില്ലാ കാര്യാലയം, സബ് ട്രഷറി, സിഐ ഓഫിസ്, പൊലീസ് സ്റ്റേഷൻ തുടങ്ങി നാട്ടുകാർക്ക് ആശ്രയിക്കേണ്ട പ്രധാന കാര്യാലയങ്ങളെല്ലാം വണ്ടൂരിലാണ്.
തൊടികപ്പുലം റെയിൽവേ സ്റ്റേഷന്റെ വരുമാനം വർധിക്കാനും ഇതു പ്രയോജനപ്പെടും. 8 മീറ്റർ വീതിയുള്ള പാറ-കരുവാറ്റക്കുന്ന്-തൊടികപ്പുലം റോഡ് പാളത്തിന്റെ ഒരു വശത്ത് വന്നുനിൽക്കുന്നുണ്ട്. പാളം കടന്നു ചിറ്റയിൽ-പുല്ലാണി-പൂങ്ങോട് റോഡുമായി ബന്ധിപ്പിക്കാനായാൽ മികച്ച യാത്രാസൗകര്യമുള്ള പാതയാക്കി ഇതിനെ മാറ്റാം. നീലാഞ്ചേരി, കരുവാരകുണ്ട് ഭാഗങ്ങളിൽ ഉള്ളവർക്കുപോലും ദൂരം കുറയും.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
മേൽപാലമോ അടിപ്പാതയോ നിർമിക്കുന്നതിനാവശ്യമായ ചെലവു കണ്ടെത്തി നൽകാമെന്നു പഞ്ചായത്ത് റെയിൽവേ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് പോരൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.മുഹമ്മദ് ബഷീർ പറഞ്ഞു. ആവശ്യം ഉന്നയിച്ച് റെയിൽവേ അധികൃതർക്കു നൽകിയ അപേക്ഷയെ തുടർന്ന് വിദഗ്ധ സംഘം പരിശോധന നടത്താമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടപടികൾ വേഗത്തിലാക്കാൻ സർക്കാരിന്റെയും എംപിമാരുടെയും ശ്രമം ഉണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.