മലപ്പുറം ജില്ലയിൽ ഇന്ന് (23-09-2023); അറിയാൻ, ഓർക്കാൻ
Mail This Article
സിഎച്ച്സികളിൽ മെഡി.കോളജ് ഡോക്ടർമാരുടെ നേതൃത്വത്തിൽ ശനിയാഴ്ച മെഡിക്കൽ ക്യാംപ്:മലപ്പുറം ∙ ആയുഷ്മാൻ ഭവ ക്യാംപെയ്നിന്റെ ഭാഗമായി മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ ശനിയാഴ്ചകളിൽ മെഡിക്കൽ ക്യാംപ് നടത്തും. ഗൈനക്കോളജി, ശിശുരോഗം സർജറി, ഇഎൻടി, നേത്രരോഗം, മനോരോഗം തുടങ്ങിയ സ്‌പെഷൽറ്റി ഡോക്ടർമാർ പങ്കെടുക്കും.
ജീവിത ശൈലീ രോഗങ്ങളെ ആസ്പദമാക്കിയുള്ള ഈ ആഴ്ചയിലെ മേള ഇന്നു ചുങ്കത്തറ സിഎച്ച്സിയിൽ നടക്കും. എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും നഗരാരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ മേള നടത്തും. ഓരോ ആഴ്ചയും പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയാണു മേള.
തൊഴിൽമേള നാളെ
എടപ്പാൾ ∙ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാളെ തൊഴിൽമേള നടത്തും. എടപ്പാൾ പഞ്ചായത്തിൽ കെ ഡിസ്കുമായി സഹകരിച്ച് നടത്തിയ തൊഴിൽസഭകളിൽ പേര് റജിസ്റ്റർ ചെയ്തവർക്ക് വേണ്ടിയാണ് മേള സംഘടിപ്പിക്കുന്നത്. നാളെ ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മേള മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
നേത്ര ക്യാംപ് നാളെ
താനൂർ ∙ താനാളൂർ പഞ്ചായത്ത് വാർഡ് 20ൽ പുതുകുളങ്ങര അങ്കണവാടിയിൽ നേത്ര, തിമിര പരിശോധന ക്യാംപ് നാളെ 10 മുതൽ നടത്തും.