വീട്ടിൽക്കയറി അമ്മയെയും മകനെയും ആക്രമിച്ചു: 2 പേർ അറസ്റ്റിൽ

Mail This Article
മേലാറ്റൂർ ∙ കോഴിഫാമിലെ ജോലിക്കാരനായ അസം സ്വദേശിയുടെ വീട്ടിൽക്കയറി ഭാര്യയെ ആക്രമിക്കുകയും തടയാൻ ശ്രമിച്ച ആറു വയസ്സുകാരനായ മകന്റെ മുഖത്തടിച്ചു ചെവിക്ക് പരുക്കേൽപിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എടയാറ്റൂരിൽ കോഴിഫാം നടത്തുന്ന, മഞ്ചേരി കാരക്കുന്ന് സ്വദേശികളായ തടിയാപുറത്ത് മുജീബ് റഹ്മാൻ (49) സഹോദരൻ തടിയാപുറത്ത് അഷ്കർ മോൻ (40) എന്നിവരെയാണു മേലാറ്റൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കോഴിഫാമിലെ ജീവനക്കാരനായ അസം സ്വദേശി ജിയാനുൽ ഇസ്‌ലാം ഫാമിലെ 100 മീറ്റർ നീളമുള്ള വയറുകളും ബൾബും മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം. ഇയാൾ താമസിക്കുന്ന വേങ്ങൂരിലുള്ള വാടക ക്വാർട്ടേഴ്സിൽ കഴിഞ്ഞ ദിവസം വൈകിട്ടെത്തിയ പ്രതികൾ വീടിനുള്ളിൽ അതിക്രമിച്ചു കയറി ഭാര്യ സഫിയ ബീഗത്തെ (37) ക്രൂരമായി മർദിക്കുകയും വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും ചെയ്തെന്നു പൊലീസ് പറഞ്ഞു.
ഈ സമയം സഫിയ ബീഗവും ഒന്നും ആറും വയസ്സുള്ള മക്കളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മാതാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മൂത്തമകൻ ഷാഹിദിന്റെ മുഖത്തടിച്ചതിനെത്തുടർന്ന് ചെവിക്കു ഗുരുതര പരുക്കേറ്റതിനാൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ റെജി മോൻ, സിപിഒമാരായ അനീഷ് പീറ്റർ, ഗോപാലകൃഷ്ണൻ, ഷിജു, ശ്രീജിത്ത്, സുരേന്ദ്രബാബു എന്നിവരുൾപ്പെട്ട സംഘമാണു കേസ് അന്വേഷിക്കുന്നത്.