ADVERTISEMENT

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനു വഴിയൊരുക്കി, ആവശ്യപ്പെട്ട സ്ഥലത്തിന്റെ രേഖകളെല്ലാം ഒന്നിച്ചെത്തി ഉദ്യോഗസ്ഥർക്കു കൈമാറി പരിസരവാസികൾ. പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽ ഭൂമിയും വീടും നഷ്ടമാകുന്നവർ പാലക്കാപറമ്പ് അങ്കണവാടിയിൽ ഇന്നലെ രാവിലെ മുതൽ ആരംഭിച്ച ക്യാംപിലെത്തി രേഖകൾ സമർപ്പിച്ചു. ഇരു വില്ലേജുകളിൽനിന്നുമായി 80 ഭൂവുടമകളുടെ സ്ഥലമാണ് ഏറ്റെടുക്കുന്നത്.

നെടിയിരുപ്പിൽ 24 വീടുകളും ഒരു ടർഫ് ഗ്രൗണ്ടും മറ്റൊരു കെട്ടിടവും ഉൾപ്പെടുന്നുണ്ട്. പള്ളിക്കലിൽ 12 വീടുകൾ, 2 ക്വാർട്ടേഴ്സുകൾ, 3 കെട്ടിടങ്ങൾ എന്നിവയും. നെടിയിരുപ്പ് വില്ലേജിൽനിന്നു രേഖ സമർപ്പിക്കാൻ ശേഷിക്കുന്ന 20 ഉടമകളും ഇന്നലെ എത്തി. പള്ളിക്കൽ വില്ലേജിൽനിന്നു രേഖകൾ സമർപ്പിക്കാൻ 15 പേരാണ് ബാക്കിയുണ്ടായിരുന്നത്. അവരിൽ 13 ഉടമകളും ഇന്നലെയെത്തി.

2 പേർ പട്ടയം ഇല്ലാത്തവരാണ്. അവരുടെ രേഖകൾ ശരിയാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഓരോരുത്തരിൽനിന്നും ഏറ്റെടുക്കുന്ന സ്ഥലത്ത് ഉൾപ്പെടുന്ന വീട്, ഭൂമി, കൃഷി, മരങ്ങൾ, മറ്റു നിർമാണങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള മൊത്തം നഷ്ടപരിഹാരത്തുക സംബന്ധിച്ച് ഉദ്യോഗസ്ഥർ ഓരോരുത്തരെയും പ്രത്യേകം ബോധ്യപ്പെടുത്തി. രേഖകൾ പൂർണമല്ലാത്തവർക്ക് ആവശ്യമായ നിർദേശങ്ങളും നൽകി.

നഷ്ടപരിഹാരത്തുക സംബന്ധിച്ച് ആക്ഷേപമുള്ളവർ രേഖകൾ സമർപ്പിച്ച ശേഷം അതു സംബന്ധിച്ച പരാതിയും സമർപ്പിച്ചു. ഡപ്യൂട്ടി കലക്ടർ എം.പി.പ്രേംലാൽ, തഹസിൽദാർ എം.കെ.കിഷോർ കുമാർ, ഡപ്യൂട്ടി തഹസിൽദാർമാരായ പി.വി.അഹമ്മദ്‌ സാജു, ശ്രീധരൻ വാളക്കുളവൻ, ഉദ്യോഗസ്ഥരായ കെ.സത്യനാരായണൻ, ടി.ഷിബി, നൗഷാദ്, ഷജിത്, നഗരസഭാ കൗൺസിലർ കെ.പി.ഫിറോസ്, പള്ളിക്കൽ പ‍ഞ്ചായത്തംഗം ജമാൽ കരിപ്പൂർ, ചുക്കാൻ ബിച്ചു, സി.ജാസിർ, തുടങ്ങിയവർ നേതൃത്വം നൽകി.

ഭൂമി സംസ്ഥാന സർക്കാർ രണ്ടാഴ്ചയ്ക്കകം കൈമാറും
കരിപ്പൂർ ∙ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി കോഴിക്കോട് വിമാനത്താവളം വികസനത്തിനു വേണ്ടിയുള്ള ഭൂമി സംസ്ഥാന സർക്കാർ രണ്ടാഴ്ചയ്ക്കകം കൈമാറിയേക്കും. ഇനി വലിയ വിമാനങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണു കരിപ്പൂർ. വലിയ വിമാനങ്ങൾ ഇറങ്ങാൻ മതിയായ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) ഇല്ല എന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്നാണു നിലവിലുള്ള സ്ഥലം ഏറ്റെടുക്കുന്നത്. നിലവിലുള്ള 2860 മീറ്റർ റൺവേ വലിയ വിമാന സർവീസുകൾക്കു മതിയാകും.

എന്നാൽ, റൺവേയുടെ രണ്ടറ്റത്തും 90 മീറ്റർ വീതമാണ് റെസയുള്ളത്. ഇത് 240 മീറ്റർ ആക്കണമെന്നാണ് നിർദേശം. അതിനായി 14.5 ഏക്കർ ഭൂമിയാണ് ആവശ്യപ്പെട്ടത്. റെസയുടെ പ്രവൃത്തിക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. 19 മാസമാണ് റെസ ജോലിക്കു കാലാവധി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, വലിയ വിമാനങ്ങൾക്ക് ഈ പ്രവൃത്തി തീരുംവരെ കാത്തിരിക്കാതെ നേരത്തേ അനുമതി നൽകാൻ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

വിമാനത്താവളം വികസനത്തിനു ഭൂമി ആവശ്യപ്പെട്ടിട്ട് ഏറെയായെങ്കിലും ഓഗസ്റ്റ് 7നു സർവേ തുടങ്ങി സ്ഥലം ഏറ്റെടുക്കൽ നടപടി 2 മാസത്തിനകം പൂർത്തിയാക്കാനായി. നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള പ്രത്യേക ചുമതല ദേശീയപാതാ ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡപ്യൂട്ടി കലക്ടർ ഡോ.ജെ.ഒ.അരുണിനാണ്.

12% പലിശയും
കരിപ്പൂർ ∙ ഓരോരുത്തർക്കും നിശ്ചയിച്ച നഷ്ടപരിഹാരത്തുകയ്ക്കു പുറമേ, 12% പലിശയും ലഭിക്കും. ഭൂമിയുടെ അടിസ്ഥാന വിലയിൽ മാത്രമാണു പലിശ ലഭിക്കുക. വിജ്ഞാപനം വന്ന ജനുവരി മുതൽ നഷ്ടപരിഹാരത്തുകയുടെ അവാർഡ് തയാറാക്കുന്നതു വരെയുള്ള കാലാവധി കണക്കാക്കിയാണു പലിശ. നഷ്ടപരിഹാരത്തുക ലഭിക്കുമ്പോൾ പലിശയുടെ തുക സഹിതമാണു അക്കൗണ്ടിൽ എത്തുകയെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com