എടക്കരയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു

Mail This Article
എടക്കര(മലപ്പുറം) ∙ കാലികളെ തീറ്റാൻ കാട്ടിൽക്കയറിയ കർഷകൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഉപ്പട ചെമ്പൻകൊല്ലിയിലെ പാലക്കാട്ടുതോട്ടത്തിൽ ജോസ്(66) ആണു മരിച്ചത്. വഴിക്കടവ് റേഞ്ചിലെ കരിയംമുരിയം വനത്തിലെ മേലേചെമ്പൻകൊല്ലി ജനവാസ കേന്ദ്രത്തിനു സമീപം ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.
രാവിലെ മേയാൻവിട്ട കാലികളെ തിരിച്ചുകൊണ്ടുവരാൻ പോയപ്പോഴാണ് ആക്രമണമുണ്ടായത്. സമീപത്തു വെറ്റിലക്കൃഷി ചെയ്യുന്ന പാലക്കുഴി പുത്തൻവീട്ടിൽ ദാസൻ, ആനയുടെ അലർച്ചയ്ക്കൊപ്പം ഒരാളുടെ നിലവിളിയും കേട്ട് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിൽ റോഡിൽനിന്നു 100 മീറ്റർ അകലെ വനത്തിൽ പരുക്കേറ്റുകിടക്കുന്ന ജോസിനെ കണ്ടെത്തി.
അൽപം അകലെ ആനയുമുണ്ടായിരുന്നു. ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം ഇന്നു വൈകിട്ട് പാതിരിപ്പാടം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ലൈസ. മക്കൾ: ജിതിൻ, ജിന്റു. മരുമക്കൾ: റീന ജിതിൻ, ഷിനിൽ.