വന്ദേഭാരതിന് ഇന്നു തിരൂരിൽ സ്വീകരണം

Mail This Article
തിരൂർ ∙ വന്ദേഭാരതിനു സ്വീകരണം നൽകാൻ ഇന്നു നാടൊന്നിക്കും. ഇന്നു പ്രധാനമന്ത്രി ഓൺലൈനായി സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. വൈകിട്ട് 3.42നു തിരൂരിൽ വണ്ടിയെത്തും. ഇ.ടി.മുഹമ്മദ് ബഷീർ എംപിയുടെ നേതൃത്വത്തിൽ മുസ്‍ലിം ലീഗ് പ്രവർത്തകരും ബിജെപി ജില്ലാ കമ്മിറ്റിയും തിരൂർ ചേംബർ ഓഫ് കൊമേഴ്സും മലബാർ ട്രെയിൻ യൂസേഴ്സ് ഫോറവുമെല്ലാം സ്വീകരണമൊരുക്കും.
ഇതിനായി ചെണ്ടമേളങ്ങളും മറ്റുമുണ്ടാകും. ഇത് ഉച്ചയ്ക്കു രണ്ടിനു തന്നെ ആരംഭിക്കും. പരിപാടി കാണാനും ഒട്ടേറെപ്പേർ എത്തും. ലോക്കോ പൈലറ്റുമാർക്കു മധുരം നൽകിയും ഷാൾ അണിയിച്ചും പൂച്ചെണ്ട് നൽകിയും സ്വീകരണം നൽകും. പാലക്കാട് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇന്നു വണ്ടിയെ നിയന്ത്രിക്കുക.
ഡിവിഷനൽ മാനേജർക്കും സ്റ്റേഷനിൽ സ്വീകരണം നൽകും. വന്ദേഭാരതിൽ തിരൂരിൽനിന്നു റെയിൽവേയുടെ ക്ഷണം ലഭിച്ചിട്ടുള്ളവർ കയറും. ചിലർ ഇവിടെ ഇറങ്ങുകയും ചെയ്യും. സ്റ്റോപ്പില്ലെന്നറിഞ്ഞിട്ടും ആദ്യ സർവീസിന് ഉദ്ഘാടന ദിവസം ഇവിടെ വൻ വരവേൽപാണ് ലഭിച്ചത്. അതിനെക്കാൾ വലിയ സ്വീകരണമായിരിക്കും ഇന്നു തിരൂരിൽ.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local