ADVERTISEMENT

മലപ്പുറം ∙ കേരളത്തിനു പുറമേ ചെന്നൈയിലെയും ബെംഗളുരുവിലെയും ഓഫിസുകളിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥർ, കണ്ണൂർ പെരിങ്ങോം, വിജയവാഡ അടക്കമുള്ള ക്യാംപുകളിൽ നിന്നായി സിആർപിഎഫിന്റെ വൻപട, പ്രാദേശിക പിന്തുണയൊരുക്കി ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർ. പോപ്പുലർ ഫ്രണ്ടിന്റെ പണമിടപാടുകളുമായി ബന്ധപ്പെട്ട് ജില്ലയിലെ ഏഴിടങ്ങളിൽ നടന്നത് വൻ സന്നാഹത്തോടെയും ആസൂത്രണത്തോടെയുമുള്ള പരിശോധന. 

 

കോഴിക്കോട്, കൊച്ചി ഓഫിസുകൾ കേന്ദ്രീകരിച്ച് പുലർച്ചെ നടത്തിയ നീക്കം പുറംലോകമറിഞ്ഞത് രാവിലെ മാത്രം. വിവിധ സ്റ്റേഷനുകളിലെ പൊലീസുകാരോട് പുലർച്ചെ തന്നെ എത്താൻ തലേ ദിവസം മേലുദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നെങ്കിലും എന്തിനാണെന്ന് അറിയിച്ചിരുന്നില്ല. കണ്ണൂരിൽ നിന്നുള്ള സിആർപിഎഫിന്റെ പട മലപ്പുറം കെഎസ്ആർടിസി യൂണിറ്റിൽ നിരന്നത് യാത്രക്കാർക്കും നഗരത്തിലെത്തിയവർക്കും കൗതുകമായി. അന്വേഷിച്ചവരോട് പറഞ്ഞത് വാഹനം കേടായതിനാൽ നിർത്തിയിട്ടതാണെന്നായിരുന്നു. 

 

മലപ്പുറം കോഡൂർ വലിയാട് അബ്ദുൽ അസീസിന്റെ വീട്ടിൽ രാവിലെ 7ന് ആരംഭിച്ച പരിശോധന വൈകിട്ട് 7 വരെ നീണ്ടു. ചെന്നൈയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവിടെ പരിശോധനയ്ക്കെത്തിയത്. മലപ്പുറം പൊലീസും സുരക്ഷയൊരുക്കി. മഞ്ചേരി ∙ കിഴക്കേത്തല തടവള്ളി തയ്യിൽ അബ്ദുൽ ജലീൽ, പുൽപറ്റ ഷാപ്പിൻകുന്ന് മണ്ണേത്തൊടി പള്ളിയാളി ഹംസ എന്നിവരുടെ വീടുകളിൽ ഇന്നലെ രാവിലെ 7.30 മുതലായിരുന്നു പരിശോധന. കൊച്ചിയിൽ നിന്നെത്തിയ സംഘമാണ്  നേതൃത്വം നൽകിയത്.

 

ഇഡി സംഘം വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ജലീൽ വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് തിരിച്ചെത്തിയപ്പോൾ മൊഴി രേഖപ്പെടുത്തി. ഹംസയും രാവിലെ ബിസിനസ് ആവശ്യത്തിനു പുറത്തുപോയപ്പോഴാണ് പരിശോധന നടന്നത്. ഇവിടെ വീട്ടുകാരിൽനിന്നു മൊഴിയെടുത്തു. വീടുകളുടെ പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ കാവൽ നിർത്തി ആരെയും അകത്തുകയറ്റാതെ ആയിരുന്നു പരിശോധന. മഞ്ചേരി പൊലീസുമുണ്ടായിരുന്നു. 

 

പെരിന്തൽമണ്ണ ∙ വെങ്ങാട് പള്ളിപ്പടിയിലെ ഹൈരദാലിയുടെ വീട്ടിൽ രാവിലെ 7.30ന് ആരംഭിച്ച പരിശോധന വൈകിട്ട് 4.30 വരെ നീണ്ടു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ സംഘത്തിന് ലഭിച്ചതായാണ് വിവരം. കുളത്തൂർ പൊലീസ് ഉൾപ്പെടെയായിരുന്നു സുരക്ഷയൊരുക്കിയത്. 

 

അരീക്കോട് ∙ അരീക്കോട് കേന്ദ്രീകരിച്ച് 3 പേരുടെ വീടുകളിലായിരുന്നു പരിശോധന. ഊർങ്ങാട്ടിരി മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ മൂർക്കനാട് പറമ്പാട്ടുമ്മൽ നൂറുൽ അമീൻ, അരീക്കോട് കൊഴക്കോട്ടൂർ കൊടപ്പത്തൂർ അബ്ദുൽ ഖാദർ, എളയൂർ ആലുംകുണ്ടിൽ മുഹമ്മദ് ഹനീഫ എന്നിവരുടെ വീടുകളിൽ രാവിലെ 7.30ന് ആണ് പരിശോധന ആരംഭിച്ചത്. മുഹമ്മദ് ഹനീഫ സ്ഥലത്തുണ്ടായിരുന്നില്ല. മറ്റു രണ്ടുപേരെയും ഇഡി വിശദമായി ചോദ്യം ചെയ്തതായാണു വിവരം. അരീക്കോട് പൊലീസും സുരക്ഷയൊരുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com