അമൃത് ഭാരത് യോജന: അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ പ്രാരംഭ ജോലികൾ തുടങ്ങി
Mail This Article
പെരിന്തൽമണ്ണ∙ അമൃത് ഭാരത് യോജന പദ്ധതിയിൽ അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ പ്രാരംഭ പ്രവൃത്തി തുടങ്ങി. 8.5 കോടി രൂപ ചെലവിലുള്ള പ്രവൃത്തികളാണ് നടപ്പാക്കുന്നത്. പ്ലാറ്റ്ഫോമുകൾ നീളം കൂട്ടി കൂടുതൽ ഇരിപ്പിടങ്ങളും ആവശ്യമായ സ്ഥലത്ത് മേൽക്കൂരകളും സ്ഥാപിക്കും. ഇരിപ്പിടങ്ങളുടെ നവീകരണം, വിശ്രമ കേന്ദ്രം, യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രം, പാർക്കിങ് ഏരിയ വിപുലീകരണം, സ്‌റ്റേഷന്റെ മുൻഭാഗം വീതി കൂട്ടി എലിവേഷൻ മാറ്റൽ, ഡിസ്‌പ്ലേ ബോർഡുകൾ, അലങ്കാര വിളക്കുകൾ, ശുചിമുറി ബ്ലോക്കുകൾ, ശുദ്ധജല സൗകര്യം തുടങ്ങിയവ പദ്ധതിയിലുണ്ട്. സ്‌റ്റേഷന്റെ മുൻഭാഗം വീതി കൂട്ടുന്ന പണിയാണ് കഴിഞ്ഞ ദിവസം തുടങ്ങിയത്.
എഫ്‌സിഐ ഗോഡൗണിലേക്കുള്ള ചരക്കു വാഹനം ഇറക്കുന്ന ലൈനിനോട് അനുബന്ധമായി മൂന്നാമതൊരു ഗുഡ്‌സ് പ്ലാറ്റ്ഫോം നിർമിക്കും. ഈ പ്ലാറ്റ്‌ഫോമിനെ ഒന്നാമത്തെ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുന്ന മേൽപാലവും പദ്ധതിയിലുണ്ട്. ഇവിടെ നിലവിൽ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കാൻ മേൽപാലം നിർമിച്ചിട്ടുണ്ട്. ഇതിനു പുറമേയാകും പുതിയ പാലം. റെയിൽവേ സ്‌റ്റേഷനിലേക്കുള്ള പ്രധാന അനുബന്ധ റോഡ് വീതി കൂട്ടി രണ്ടു വരിപ്പാതയാക്കും. ഇതിന്റെ മുന്നോടിയായി മരങ്ങൾ മുറിച്ചു നീക്കുന്നുണ്ട്. 8 മാസത്തിനകം മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാത വൈദ്യുതീകരണ പ്രവൃത്തികളും സ്‌റ്റേഷനിൽ നടക്കുന്നുണ്ട്.