നിലമ്പൂർ നഗരത്തിൽ കള്ളന്റെ വിളയാട്ടം രണ്ടിടത്ത് മോഷണം, രണ്ടിടത്ത് മോഷണശ്രമം

Mail This Article
നിലമ്പൂർ ∙ നഗരത്തിൽ താഴെ ചന്തക്കുന്ന്, മിനർവപ്പടി ഭാഗങ്ങളിൽ 4 സ്ഥാപനങ്ങളിൽ കവർച്ചാശ്രമം. രണ്ടിടത്ത് നിന്ന് പണം മോഷ്ടിച്ചു. മോഷണം നടത്തുന്ന സിസിടിവി ദൃശ്യം പൊലീസിന് കിട്ടി. ഇന്നലെ പുലർച്ചെയാണ് സംഭവം.കെഎൻജി പാതയിൽ മേലേതിൽ ഷമീദിന്റ ബേക്കറിയിൽ നിന്ന് 20,000 രൂപ മോഷ്ടിച്ചു. രാവിലെ ഷട്ടർ ഉയർത്തിയ നിലയിൽ കണ്ട സമീപ കടക്കാരനാണ് ഉടമയെ വിവരം അറിയിച്ചത്. 2.41ന് പാന്റ്, ഷർട്ട്, മുഖം മൂടി, മങ്കി ക്യാപ് എന്നിവ ധരിച്ച കള്ളൻ കൈയിൽ കമ്പിപ്പാരയുമായി വരുന്നത് ദൃശ്യത്തിലുണ്ട്.തുടർന്ന് 50 മീറ്റർ മാറി വിജനമായ ഇടുങ്ങിയ വഴിയിൽ എം.കെ. നൗഫലിന്റ ചിക്കൻ സ്റ്റാളിലെത്തി. എഐ ക്യാമറ കണ്ണ് വെട്ടിച്ച് ബൈക്ക് യാത്രികർ സഞ്ചരിക്കുന്ന വഴിയാണ്. വാതിൽ ചില്ല് അടിച്ചു തകർത്തു. ഉള്ളിൽ കടന്നില്ല. ബൈക്ക് വരുന്നത് കണ്ട് പേടിച്ച് സ്ഥലം വിട്ടതായി കരുതുന്നു.
പിന്നീട് കെഎൻജി പാതയിലെ കെട്ടിടത്തിന്റ ഒന്നാം നിലയിൽ ഡോ. ടി.പി.നിഷാദിന്റെ ഡെന്റൽ ക്ലിനിക്കിൽ മോഷണം നടത്തി. 4.41ന് ആണ് സംഭവം. ചില്ലുവാതിൽ അടിച്ച് തകർത്ത് ഉള്ളിൽ കടക്കുന്ന സിസിടിവി ദൃശ്യം കിട്ടി. ഓപ്പറേഷൻ തീയറ്ററിലെ ഉപകരണങ്ങൾ കേട് വരുത്തി. തൊട്ടടുത്ത് ഡിഷ് ടിവി സർവീസ് സെന്ററിൽ ചില്ല് വാതിൽ തകർത്ത് അകത്ത് കടന്നു. മേശവലിപ്പ് പൂട്ട് പൊളിച്ച് തുറന്നെങ്കിലും ഒന്നും കിട്ടിയില്ല. പരാതികളിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപകാലത്ത് മോഷണം പെരുകുകയാണ്. രാത്രി ട്രെയിനിൽ എത്തി മോഷണം നടത്തുന്നവരാണ് പിന്നിലെന്ന് സംശയിക്കുന്നു. ഫാത്തിമഗിരി റോഡിൽ വീട്ടിൽ നിന്ന് ഒന്നര മാസം മുൻപ് 4.5 പവന്റെ സ്വർണാഭരണവും 60,000 രൂപയും മോഷ്ടിച്ച മൂവർ സംഘത്തെ ഇതുവരെ പിടികൂടാനായില്ല. സമാന കുറ്റകൃത്യത്തിന് പാലക്കാട് പൊലീസും സംഘത്തെ തിരയുന്നുണ്ട്.