കാലിക്കറ്റ് സർവകലാശാലാ പരീക്ഷാഭവൻ വിവിധോദ്ദേശ്യ സമുച്ചയം നവംബറിൽ തുറക്കും

Mail This Article
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ പരീക്ഷാഭവനിൽ വിവിധ സേവനങ്ങൾക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തി അലയേണ്ട ദുരിതത്തിൽ നിന്ന് വിദ്യാർഥികൾ നവംബറോടെ മോചിതരാകും. പ്രഫഷനൽ കോഴ്സുകളുടെ പഴയ കെട്ടിടം നവീകരിച്ച് വിവിധോദ്ദേശ്യ സമുച്ചയമാക്കിയത് നവംബറിൽ തുറക്കുകയാണ്. 8 ബ്രാഞ്ചുകൾക്ക് വെവ്വേറെ കൗണ്ടറുകൾ അവിടെ സജ്ജമാക്കും. ഓരോന്നിലും സെക്‌ഷൻ ഓഫിസറും 3 വീതം അസിസ്റ്റന്റുമാരും ഉണ്ടാകും. ചെലാൻ കൗണ്ടർ, ഇലക്ട്രോണിക് ടോക്കൺ സംവിധാനം, അപേക്ഷകൾ സമർപ്പിക്കേണ്ട വിധം തയാറാക്കിയ വിഡിയോ പ്രദർശിപ്പിച്ച് 3 ബിഗ് സ്ക്രീനുകൾ എന്നിവയും ഒരുക്കുന്നുണ്ട്. 50 പേർക്ക് ഒരേ സമയം ഇരിക്കാം. വിശ്രമമുറിയും ശുചിമുറികളും ഉണ്ടാകും.

ഈ ബൈക്കുകൾ എന്തു ചെയ്യും?
∙വിവിധോദ്ദേശ്യ സമുച്ചയത്തിന്റെ മുന്നിലാകെ തലങ്ങും വിലങ്ങും നിർത്തിയിട്ട ബൈക്കുകൾ കാണാം. ജീവനക്കാരുടെ ബൈക്കുകളാണ് ഇവ. വിവിധോദ്ദേശ്യ സമുച്ചയം തുറക്കുന്നതോടെ ഈ ബൈക്കുകൾ എവിടെ നിർത്തിയിടുമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ഇപ്പോഴത്തെ സ്ഥലത്ത് നിർത്തിയിട്ടാൽ വിവിധോദ്ദേശ്യ സമുച്ചയത്തിൽ എത്തുന്നവർക്ക് അസൗകര്യമാകും. ജീവനക്കാരുടെ കാറുകൾ നിർത്തിയിടാൻ പരീക്ഷാഭവൻ വളപ്പിൽ തീരെ സ്ഥലമില്ല. അവർ കാറുകൾ പരീക്ഷാഭവൻ വളപ്പിന് പുറത്താണ് നിർത്തിയിടുന്നത്. പരീക്ഷാഭവൻ വളപ്പ് പരമാവധി പ്രയോജനപ്പെടുത്തി പാർക്കിങ് കേന്ദ്രം നിർമിക്കണമെന്നും വിദ്യാർഥികൾക്കും മറ്റും വാഹന പാർക്കിങ്ങിന് ടാറിങ് നടത്തി സ്ഥലം ഒരുക്കണമെന്നും മുൻപേയുള്ള ആവശ്യമാണ്.