‘ഹലോ, വണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഹസ്കറാക്ക അല്ലേ... ഞങ്ങളുടെ മീൻ പീടിക ഉദ്ഘാടനം ചെയ്തു തരുമോ?’

Mail This Article
മഞ്ചേരി∙ ‘‘ഹലോ, വണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഹസ്കറാക്ക അല്ലേ... ഇത് ആമയൂർ മേലങ്ങാടീന്ന് ആണ്. ഞങ്ങളുടെ മീൻ പീടിക ഉദ്ഘാടനം ചെയ്തു തരുമോ.....?’’ ഫോൺ വിളി കേട്ട് ഉദ്ഘാടനത്തിനെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഞെട്ടിയത് സംരംഭകരുടെ വലുപ്പം കണ്ടാണ്. യുപി സ്കൂൾ വിദ്യാർഥികളായ അഞ്ചു കുട്ടികൾ!. ഏതായാലും ‘പൊടിപ്പിള്ളേർ യാഥാർഥ്യമാക്കിയ ഫൈവ് ഡ്രീംസ് അക്വേറിയം ഉദ്ഘാടനം കഴിഞ്ഞതു മുതൽ ഹിറ്റ് ആയിരിക്കുകയാണ്. തൃക്കലങ്ങോട് പഞ്ചായത്തിലെ ആമയൂർ മേലങ്ങാടിയിലാണ് കുരുന്നുകളുടെ സംരംഭക സ്വപ്നം ഇൻസ്റ്റന്റ് ഹിറ്റായത്. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്കർ ആമയൂർ ഇതുസംബന്ധിച്ചു ഫെയ്സ്ബുക് കുറിപ്പിട്ടതോടെയാണ് സംരംഭം വൈറലായത്.
അക്വേറിയം ഉദ്ഘാടനത്തിന് സ്ഥലത്തെത്തിയപ്പോഴാണ് സംരംഭകർ കുട്ടികളാണെന്ന് ഹസ്കർ അറിയുന്നത്. ഏതായാലും കുട്ടികളുടെ സംരംഭത്തെ കുറിച്ചുള്ള വാർത്തകൾ വാട്സാപ് ഗ്രൂപ്പുകളിലും പഞ്ചായത്ത് പ്രസിഡന്റിന്റെ കുറിപ്പ് ഫെയ്സ്ബുക്കിലും പ്രചരിക്കാൻ തുടങ്ങിയതോടെ അക്വേറിയം പരസ്യം ഇല്ലാതെ ഹിറ്റ് ആയി. ആദ്യ 2 ദിവസം 6000 രൂപയുടെ കച്ചവടമാണു നടന്നത്. അതോടെ കുട്ടികളും ആവേശത്തിലാണ്.
ചെങ്ങര ജിയുപി സ്കൂൾ വിദ്യാർഥികളായ കെ.ജസീം, ഹാദി അംദാൻ അല്ലിപ്ര, അഫാക് സമാൽ, എൻ.വി.മിശാൽ, എ.പി.ഷിബു എന്നിവരാണ് ഈ കുരുന്നു സംരംഭകർ. ഓരോരുത്തരുടെയും മൂലധനം 1000 രൂപ വീതം. കോവിഡ് കാലത്ത് നേരമ്പോക്കിനു മീൻ വളർത്തിയിരുന്നു. സ്വപ്നം വലുതായപ്പോൾ അത് അക്വേറിയമായി. റിട്ട. അധ്യാപകൻ അല്ലിപ്ര അലിയുടെ വീട്ടിലാണ് അക്വേറിയം ഒരുക്കിയത്. മൊബൈൽ ഗെയിമുകളിൽനിന്നും മറ്റും ശ്രദ്ധ തിരിക്കാൻ ബദൽ എന്തെങ്കിലും കണ്ടെത്തിയാൽ അവർ ആ വഴിക്കു നീങ്ങുമെന്നതിനു തെളിവാണ് കുട്ടികളുടെ അക്വേറിയമെന്ന് അലി പറഞ്ഞു.