ADVERTISEMENT

തിരൂർ ∙ രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ സാധാരണ ഓട്ടം ഇന്നലെ തുടങ്ങി. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്കുള്ള ഇന്നലത്തെ സർവീസിൽ തിരൂരിൽ വന്നിറങ്ങിയത് 44 പേരാണ്. തിരുവനന്തപുരം, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാരായിരുന്നു ഇവർ. തിരുവനന്തപുരത്ത് നിന്നായിരുന്നു കൂടുതൽപേർ. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്കായി 10 പേർ ഇവിടെനിന്നു കയറുകയും ചെയ്തു. ആദ്യ ദിനം ചെയർകാറിലും എക്സിക്യൂട്ടീവ് ക്ലാസിലുമായി 161.51% ഒക്യുപൻസിയാണ് വന്ദേഭാരതിലുണ്ടായിരുന്നത്. 856 പേർ ടിക്കറ്റ് ബുക്ക് ചെയ്തു. ഇതിൽ 530 പേർ യാത്ര ചെയ്തു. 

തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നത്. തിരുവനന്തപുരം വന്ദേഭാരതിൽ (20631) ഒക്ടോബർ 2 വരെ തിരൂരിൽനിന്ന് തിരുവനന്തപുരത്തേക്കു ടിക്കറ്റ് വെയ്റ്റ് ലിസ്റ്റാണ്. തിരിച്ചുള്ള തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിൽ (20632) ഒക്ടോബർ ഒന്നു വരെ തിരുവന്തപുരത്തുനിന്ന് തിരൂരിലേക്കും ഇതാണ് അവസ്ഥ. തിരൂരിൽനിന്ന് കാസർകോട്ടേക്കും ടിക്കറ്റ് കിട്ടാനില്ല. തിരൂരിൽ സ്റ്റോപ് അനുവദിച്ചത് റെയിൽവേക്ക് നഷ്ടമാകില്ലെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സാധാരണ ഓട്ടം തുടങ്ങിയ ഇന്നലെ ചെയർമാൻ മുനീർ കുറുമ്പടി, ഷംസുദ്ദീൻ നാലകത്ത് എന്നിവരുടെ നേതൃത്വത്തിൽ മലബാർ റെയിൽ യൂസേഴ്സ് ഫോറം  പ്രവർത്തകർ വണ്ടിയിൽ കന്നിയാത്ര ചെയ്തു.

വന്ദേഭാരത് എക്സ്പ്രസിൽ തിരൂരിൽനിന്ന് മറ്റു സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇങ്ങനെ. എസി ചെയർകാർ (സിസി), എസി എക്സിക്യൂട്ടീവ്  ക്ലാസ് (ഇസി) ക്രമത്തിൽ

∙കാസർകോട്: 870 രൂപ, 1505 രൂപ
∙കണ്ണൂർ: 725, 1210
∙കോഴിക്കോട്: 365, 690
∙ഷൊർണൂർ: 380, 705 
∙തൃശൂർ: 440, 835 
∙എറണാകുളം: 540, 1035
∙ആലപ്പുഴ: 635, 1230 
∙കൊല്ലം: 995, 1755  
∙തിരുവനന്തപുരം: 1100, 1955

(കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് (20631) ചൊവ്വാഴ്ചകളിൽ ഓടില്ല. തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് (20632) തിങ്കളാഴ്ചകളിൽ ഓടില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com