ഐക്യത്തോടെ കൈകോർത്ത് നബിദിന സ്‌നേഹറാലി
Mail This Article
മലപ്പുറം ∙ ദഫ് മേളവും നബികീർത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി മഅദിൻ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും നേതൃത്വത്തിൽ മലപ്പുറത്തു നബിദിന സ്‌നേഹറാലി സംഘടിപ്പിച്ചു. ചെരക്കാപറമ്പ് ഹബീബ് കോയ തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച റാലി സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസല്യാർ ഉദ്ഘാടനം ചെയ്തു. മഅദിൻ അക്കാദമി, കേരള മുസ്ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്ജെഎം, എസ്എംഎ, എസ്എസ്എഫ് തുടങ്ങിയ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു റാലി.
ലഹരിക്കെതിരെ ബോധവൽക്കരണം, ബഹുസ്വര സമൂഹത്തിൽ വിശ്വാസിയുടെ ബാധ്യത, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രവാചക മാതൃകകൾ, കാർഷിക രംഗത്തെ പ്രവാചകാധ്യാപനങ്ങൾ, മതദർശനങ്ങളുടെ പേരിൽ സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്നതിന്റെ നിരർഥകത എന്നിവ വിളിച്ചോതുന്ന പ്രദർശനങ്ങൾ റാലിയെ ശ്രദ്ധേയമാക്കി. ഖുർആൻ വചനങ്ങളും ഹദീസുകളുടെ പൊരുളും ഇസ്‌ലാമിക ചരിത്രത്തിലെ സുവർണാധ്യായങ്ങളും മുദ്രണം ചെയ്ത പ്ലക്കാർഡുകളും മതസൗഹാർദത്തിന്റെ അനിവാര്യത ഉൾക്കൊള്ളുന്ന ഡിസ്‌പ്ലേകളും ഉണ്ടായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസല്യാർ, എസ്എംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ ജമലുല്ലൈലി ചേളാരി, എസ്എംഎ ജില്ലാ പ്രസിഡന്റ് സൈനുൽ ആബിദീൻ ജീലാനി തിരൂർ, കെ.കെ.എസ്.തങ്ങൾ, സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീൻകുട്ടി ബാഖവി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുസ്തഫ കോഡൂർ, എസ്ജെഎം ജില്ലാ പ്രസിഡന്റ് കുഞ്ഞീതു മുസല്യാർ, എസ്‌വൈഎസ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, പറവൂർ കുഞ്ഞിമുഹമ്മദ് സഖാഫി, കെ.പി.ജമാൽ കരുളായി, ടി.അബ്ദുൽ അസീസ് ഹാജി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ദുൽഫുഖാറലി സഖാഫി എന്നിവർ നേതൃത്വം നൽകി.