തോന്നിയ റൂട്ടിലൂടെ കെഎസ്ആർടിസി സർവീസ്; ‘തന്നിഷ്ടം; ഒടുവിൽ നഷ്ടം’

Mail This Article
തിരൂർ ∙ യാത്രക്കാർ ആവശ്യപ്പെട്ട വഴി പരിഗണിക്കാതെ തോന്നിയ റൂട്ടിലൂടെ കെഎസ്ആർടിസി ബസ് സർവീസ് നടത്തി. നഷ്ടം വന്നതോടെ സർവീസുകൾ നിർത്താനും തുടങ്ങി. തിരൂരിൽ നിന്ന് തൃശൂരിലേക്ക് ബസ് സർവീസ് വേണമെന്നത് വർഷങ്ങൾ പഴക്കമുള്ള ആവശ്യമാണ്. കോഴിക്കോട് നിന്ന് തുടങ്ങി പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരുനാവായ, കുറ്റിപ്പുറം, എടപ്പാൾ വഴിയാണ് സർവീസ് വേണ്ടതെന്നും യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു.
ഇതാണ് തൃശൂരിലേക്ക് എളുപ്പമുള്ള വഴിയെന്നതിനാലായിരുന്നു ഈ ആവശ്യം. ഇക്കാര്യം ‘മനോരമ’ വാർത്തയാക്കുകയും ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട മന്ത്രി വി.അബ്ദുറഹിമാൻ ഗതാഗത മന്ത്രിയുമായി ഇക്കാര്യം ചർച്ച നടത്തുകയും ചെയ്തു. ഇതേ തുടർന്ന് അൽപം വൈകിയാണെങ്കിലും കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചു.
യാത്രക്കാരെ പരിഗണിക്കാതെ തന്നിഷ്ടം
എന്നാൽ യാത്രക്കാരുടെ ആവശ്യം പരിഗണിക്കാതെ പൊന്നാനി, ചാവക്കാട്, വാടാനപ്പള്ളി വഴിയാണ് സർവീസുകൾ തുടങ്ങിയത്. എന്നാൽ ഈ വഴി തൃശൂരിലേക്കു പോകാൻ യാത്രക്കാരുണ്ടായില്ല. കാരണം ദൂരം കൂടുന്നതും ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രയായിരുന്നു കാരണം.ഇതോടെ നഷ്ടം വന്ന് സർവീസുകൾ നിർത്തേണ്ട സ്ഥിതിയായി. കൽപറ്റ – മൂന്നാർ സൂപ്പർഫാസ്റ്റ്, തിരൂർ വഴി റീഷെഡ്യൂൾ ചെയ്ത തൃശൂർ – കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ, എറണാകുളം ഫാസ്റ്റ് പാസഞ്ചർ എന്നിവ നിലവിൽ നിർത്തി.
സമയം മാറ്റിയിട്ടും ‘സമയം’ ശരിയായില്ല
കാസർകോട് – തൃശൂർ സൂപ്പർ ഫാസ്റ്റ് പലതവണ സമയം മാറ്റി ഓടിച്ചു. ഇടയ്ക്ക് എറണാകുളം വരെയും ഓടിച്ചു നോക്കി. എന്നിട്ടും നഷ്ടമായതോടെ ഈ വണ്ടിയും നിർത്താൻ പോകുകയാണ്. ബാക്കിയുള്ള വണ്ടികൾ നഷ്ടം നികത്താൻ ചാവക്കാട് നിന്ന് ഗുരുവായൂർ കയറിയാണ് ഇപ്പോൾ പോകുന്നത്.
ഇതോടെ കോഴിക്കോട് – ഗുരുവായൂർ വണ്ടികളുടെ വരുമാനത്തെയും ഇത് ബാധിച്ചു തുടങ്ങി. ഇനി ബാക്കിയുള്ള സർവീസുകളെങ്കിലും വാടാനപ്പള്ളിയിലൂടെ പോകുന്നത് മാറ്റി തിരുനാവായ – കുറ്റിപ്പുറം പാതയിലൂടെ ആക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.