കാവനൂരിന്റെ കുന്തമുന; ജാവലിനിൽ വിജയകഥ ആവർത്തിച്ച് അഷിഖ

Mail This Article
തേഞ്ഞിപ്പലം ∙ കാവനൂർ ഇരുവേറ്റിയിലെ നാട്ടുമാവുകൾക്കു കല്ലെറിഞ്ഞായിരുന്നു തുടക്കം. ഏഴാം ക്ലാസിലെത്തിയപ്പോൾ കുറച്ചുകൂടി പ്രഫഷനലായി എറിഞ്ഞാലെന്താ എന്നായി ചിന്ത. അങ്ങനെയാണ് പി.അഷിഖ ജാവലിൻ ത്രോയിലേക്കെത്തുന്നത്. പിന്നീട് എറിഞ്ഞപ്പോഴൊക്കെ മൂവാണ്ടനു പകരം സ്വർണമെഡലുകൾ ചറപറാ വീണു. ഇന്നലെ കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ സംസ്ഥാന സീനിയർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിലെ സ്വർണമെഡലടക്കം.
ചെറുപ്രായത്തിൽ ഉന്നമിട്ടതെല്ലാം ഒന്നൊന്നായി നേടിയെടുക്കുകയാണ് പി.അഷിഖയെന്ന വിദ്യാർഥിനി. മലപ്പുറത്തിന്റെ കായികപ്പെരുമയ്ക്ക് ജാവലിൻ മൂർച്ച നൽകിയ കാവനൂർക്കാരി. ജംപ് ഇനങ്ങളിൽ മത്സരിച്ചിരുന്ന അഷിഖ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജാവലിൻ ത്രോയിലേക്കെത്തുന്നത്.
വെറുതെ ഒരു പരീക്ഷണം നടത്തി നോക്കിയതാണ്. ഫലം കണ്ടതോടെ ജാവലിൻ തന്നെയാക്കി പ്രധാന ഇനം. ജൂനിയർ തലത്തിൽ ഒട്ടേറെ മീറ്റുകളിൽ അഷിഖ പിന്നീടു മെഡൽ നേടി. സംസ്ഥാന സീനിയർ മീറ്റിൽ ഇന്നലെ 37.17 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. കഴിഞ്ഞ വർഷവും സീനിയർ മീറ്റിലെ ഒന്നാം സ്ഥാനം അഷിഖയ്ക്കായിരുന്നു.
കോതമംഗലം എംഎ കോളജിൽ ബിരുദ വിദ്യാർഥിയായ അഷിഖ ഇത്തവണ എറണാകുളം ജില്ലയ്ക്കു വേണ്ടിയാണ് സീനിയർ മീറ്റിൽ കളത്തിലിറങ്ങിയത്. കായിക ഇനം ഏതുമായിക്കോട്ടെ, ഏറ്റവും ചുരുങ്ങിയത് മൂന്നു വർഷത്തെ കഠിന പരിശീലനം വേണ്ടി വരും ഒരു സംസ്ഥാന മെഡലിലേക്കെത്താൻ എന്ന് അഷിഖ പറയുന്നു. ജാവലിൻ ത്രോയിലെ സൂപ്പർ സ്റ്റാറുകളായ നീരജ് ചോപ്രയുടെയും അന്നു റാണിയുടെയും ആരാധികയാണ് അഷിഖ. അനുജത്തി വർഷയും ജാവലിൻ രംഗത്ത് വളർന്നു വരുന്ന താരമാണ്. കാവനൂർ ഇരുവേറ്റി കുഞ്ഞുട്ടൻ, വിദ്യകല ദമ്പതികളുടെ മകൾ.