ക്രിമിനൽ കേസ്: 3 പേർക്കെതിരെ കാപ്പ ചുമത്തി

Mail This Article
മലപ്പുറം ∙ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികളായ വാഴക്കാട് ചീക്കോട് വാവൂർ സ്വദേശി തെക്കുകോളിൽ വീട്ടിൽ ഷറഫുദ്ദീൻ (33), തെക്കുകോളിൽ വീട്ടിൽ മുഹമ്മദ് അഷറഫ് (35), തിരൂർ തൃപ്രങ്ങോട് പോയിലിശ്ശേരി തടത്തരികത്ത് വീട്ടിൽ നസീം (32) എന്നിവർക്കെതിരെ കാപ്പ ചുമത്തി.
മണൽക്കടത്ത്, ഡ്യൂട്ടിയിലുള്ള നിയമപാലകരെ ആക്രമിച്ചു ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ ഒട്ടേറെ കേസുകളിൽ പ്രതിയായ ഷറഫുദ്ദീനെ ആറുമാസത്തേക്കു ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തി. തെക്കുകോളിൽ വീട്ടിൽ മുഹമ്മദ് അഷറഫ്, തടത്തരികത്ത് വീട്ടിൽ നസീം എന്നിവരെ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ആറു മാസ കാലത്തേക്കു ആഴ്ചയിൽ ഒരു ദിവസം കൊണ്ടോട്ടി, തിരൂർ ഡിവൈഎസ്പിമാർക്ക് മുൻപിൽ ഹാജരായി ഒപ്പുവയ്ക്കണം.
ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ പ്രത്യേക റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ അജിതാ ബീഗമാണ് ഉത്തരവിറക്കിയത്. ആറു മാസ കാലയളവിൽ വിലക്കു ലംഘിച്ചാൽ അറസ്റ്റു ചെയ്യും.മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ജില്ലയിൽ ഈ വർഷം 8 പേരെ കാപ്പ നിയമപ്രകാരം തടവിലാക്കി. 27 പേർക്കു ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.