വീട്ടുകാർ ആശുപത്രിയിലേക്കു പോയ സമയത്ത് അടച്ചിട്ട വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് അര ലക്ഷം രൂപയും വസ്ത്രങ്ങളും
Mail This Article
നെടിയിരുപ്പ് ∙ വീട്ടുകാർ ആശുപത്രിയിലേക്കു പോയ സമയത്ത് അടച്ചിട്ട വീട്ടിൽ മോഷണം. അര ലക്ഷം രൂപയും വസ്ത്രങ്ങളും മോഷണം പോയതായി പരാതി. കോളനി റോഡ് അങ്ങാടിക്കു സമീപം പുലാശ്ശേരി മുഹമ്മദലിയുടെ വീട്ടിലാണു മോഷണം. സിസിടിവി ക്യാമറ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം കേടുവരുത്തിയ ശേഷമായിരുന്നു കവർച്ച.
ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യത്തിനു വീട്ടുകാർ 26ന് എറണാകുളത്തേക്കു പോയതായിരുന്നു. പിറ്റേന്നു മുതൽ മൊബൈൽ ഫോണിൽ സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ കാണാതായതു ശ്രദ്ധയിൽപെട്ടതിനെ തുടർന്നു സഹോദരനെ വിവരമറിയിച്ചെന്നും സഹോദരൻ എത്തിയപ്പോൾ വീടിന്റെ മുൻവാതിൽ തകർത്ത നിലയിലാണു കണ്ടതെന്നും മുഹമ്മദാലി പറഞ്ഞു.
അലമാരകളിലും മറ്റുമുള്ള വസ്തുക്കൾ വാരിവലിച്ചിട്ട നിലയിലാണ്. 2 വർഷം മുൻപു ദുബായിലേക്കു പോയ സമയത്ത് വീട്ടിൽ സമാനമായ രീതിയിൽ മോഷണം നടന്നിരുന്നെന്നും അതിനു തുമ്പുണ്ടായിട്ടില്ലെന്നും മുഹമ്മദാലി പറഞ്ഞു. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local