സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസിൽ 15 വർഷം കഠിനതടവ്

Mail This Article
മഞ്ചേരി∙ സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് 15 വർഷം കഠിനതടവും 15,000 രൂപ പിഴയും വിധിച്ചു. മഞ്ചേരി കരുവമ്പ്രം ചാടിക്കല്ല് മങ്കരത്തൊടി മുഹമ്മദിന് (47) ആണ് ജഡ്ജി എസ്.രശ്മി ശിക്ഷ വിധിച്ചത്. പീഡനത്തിന് 10 വർഷം കഠിനതടവ്, 10,000 രൂപ പിഴ, വീട്ടിൽ അതിക്രമിച്ചു കയറിയതിന് 3 വർഷം കഠിനതടവ്, 5000 രൂപ പിഴ, ഭീഷണിപ്പെടുത്തിയതിനും തടഞ്ഞുവച്ചതിനും ഒരു വർഷം വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയടയ്ക്കുന്ന പക്ഷം തുക പരാതിക്കാരിക്കു നൽകണം.മോഷണക്കേസിൽ ജയിലിൽ കഴിയുന്ന സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചെന്നാണ് കേസ്.
2022 സെപ്റ്റംബർ 14നു ആണ് സംഭവം. സഹോദരപുത്രനെ ആനക്കയം പാലത്തിൽനിന്നു പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയെന്ന കേസിൽ ജയിലിൽ കഴിയുമ്പോഴാണ് പ്രതി പരാതിക്കാരിയുടെ ഭർത്താവുമായി സൗഹൃത്തിലാകുന്നത്. ജാമ്യത്തിലിറങ്ങിയ പ്രതി ഇരുമ്പുഴിയിലെ സുഹൃത്തിന്റെ വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണു കേസ്. മഞ്ചേരി ഇൻസ്പെക്ടർ റിയാസ് ചാക്കീരിയാണ് അറസ്റ്റ് ചെയ്തത്. സ്പെഷൽ പ്രോസിക്യൂട്ടർ എ.എൻ.മനോജ് 13 സാക്ഷികളെ വിസ്തരിച്ചു.