ADVERTISEMENT

തേഞ്ഞിപ്പലം∙ ഓട്ടം നോക്കിയാൽ പിതാവ് കാളിയാർതൊടി കെ.രാധാകൃഷ്ണന്റെ ഓട്ടോറിക്ഷയെക്കാളും മൈലേജ് ചിലപ്പോൾ  മകൻ കെ.ആനന്ദ് കൃഷ്ണയ്ക്കാകും.  സ്റ്റാൻഡിൽ അദ്ദേഹം കാത്തുകിടന്നതിനെക്കാൾ കൂടുതൽ സമയം ആനന്ദ് ട്രാക്കിലെ അവസരങ്ങൾക്കായി കാത്തുകിടന്നിട്ടുണ്ട്. സ്കൂൾ തലത്തിൽ മെഡലുകളൊന്നുമില്ലാത്ത, അത്‌ലറ്റിക്സിൽ വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത പയ്യൻ, സ്പോർട്സ് ക്വോട്ടയിൽ പ്രവേശനം നൽകാൻ കോളജുകൾ മടിച്ചിരുന്ന വിദ്യാർഥി.

malappuram--athletics
കാലിക്കറ്റ് സർവകലാശാലാ സ്റ്റേ‍ഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പുരുഷൻമാരുടെ 200 മീറ്റർ ഓട്ടത്തിൽ സ്വർണത്തിലേക്കു കുതിക്കുന്ന ഇടുക്കിയുടെ പി.കെ.ജിഷ്ണു പ്രസാദ് (479). ചിത്രം:മനോരമ

പക്ഷേ, ഇന്നു റെക്കോർഡുകളുടെ രാജകുമാരനായി ആനന്ദ് പുനരവതരിച്ചിരിക്കുന്നു. സംസ്ഥാന സീനിയർ മീറ്റിൽ 5000 മീറ്റർ ഓട്ടത്തിലെ അരനൂറ്റാണ്ട് പഴക്കമുള്ള റെക്കോർഡും ഇന്നലെ ആനന്ദിനു മുൻപിൽ മുട്ടുകുത്തി. 1973ൽ തിരുവനന്തപുരത്തിന്റെ ശശിധരൻ സ്ഥാപിച്ച റെക്കോർഡ് (14 മിനിറ്റ്, 46 സെക്കൻഡ്) ആണ് ഇന്നലെ കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ ആനന്ദ് (14 മിനിറ്റ് 29 സെക്കൻഡ്) പൊളിച്ചടുക്കിയത്.

സീനിയർ മീറ്റിലെ രണ്ടാം റെക്കോർഡാണ് ഇന്നലെ ആനന്ദ് നേടിയത്. കഴിഞ്ഞ ദിവസം 1500 മീറ്ററിലെ റെക്കോർഡും സ്വന്തം പേരിലേക്കു മാറ്റിയെഴുതിയിരുന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് അത്‌ലറ്റിക്സിൽ വിജയം നേടിയതിന്റെ നേർക്കാഴ്ചയാണ് ആനന്ദിന്റെ കരിയർ.  ചെറുപ്പം മുതലേ ട്രാക്കിലെ ഓട്ടം ഹരമായിരുന്നെങ്കിലും ഈ മഞ്ചേരി മംഗലശ്ശേരിക്കാരനു വിദഗ്ധ പരിശീലനത്തിനുള്ള അവസരങ്ങളും സ്കൂൾ തലത്തിലെ മെഡലുകളും അന്യമായിരുന്നു.

എന്നാൽ ഇതിലൊന്നും തളരാതെ പോരാടാനായിരുന്നു ആനന്ദിന്റെ തീരുമാനം. പ്ലസ്ടു മുതൽ കോഴിക്കോട് നവയുഗ അക്കാദമിയിലെ  വിനു കെ. വിശ്വനാഥിനു കീഴിൽ പരിശീലനമാരംഭിച്ചു. മഞ്ചേരി ബോയ്സ് സ്കൂളിൽ പഠനവും അവധി ദിവസങ്ങളിൽ കോഴിക്കോട് മെഡിക്കൽ കോളജ് മൈതാനത്തു പരിശീലനവുമായി കുറച്ചുകാലം. പ്ലസ്ടു പഠനം കഴിഞ്ഞു സ്പോർട്സ് ക്വോട്ടയിൽ കോളജ് പ്രവേശനത്തിനു ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

പല കോളജുകളും ആനന്ദിന്റെ അപേക്ഷ തള്ളി. ഒടുവിൽ കോതമംഗലം എംഎ കോളജിലെ ജോർജ് ഇമ്മാനുവൽ ആണ് ആനന്ദിന് അഡ്മിഷൻ നൽകിയത്. അദ്ദേഹത്തിന്റെ കീഴിലുള്ള ചിട്ടയായ പരിശീലനത്തിനു ഫലമുണ്ടായി. നിലവിൽ 10000 മീറ്റർ, 5000 മീറ്റർ മത്സരഇനങ്ങളിൽ എംജി സർവകലാശാലാ റെക്കോർഡ് ആനന്ദിന്റെ പേരിലാണ്.

ഇപ്പോൾ സംസ്ഥാന സീനിയർ മീറ്റിൽ 1500, 5000 മീറ്ററിലെ റെക്കോർഡും ആനന്ദ് കൃഷ്ണ സ്വന്തമാക്കിയിരിക്കുന്നു. കോതമംഗലം എംഎ കോളജിൽ എംഎ സോഷ്യോളജി ഒന്നാം വർഷ വിദ്യാർഥിയാണ്. എറണാകുളത്തിനു വേണ്ടിയാണ് സീനിയർ മീറ്റിൽ ആനന്ദ് ഇത്തവണ ഇറങ്ങിയത്. അമ്മ: കെ.പി.സുനിത 

malappuram-throw
1.റീബ അന്ന ജോർജ് 2. വനിതകളുടെ ഹാമർത്രോയിൽ സ്വർണം നേടുന്ന എറണാകുളത്തിന്റെ കെസിയ മറിയം ബെന്നി 3.പുരുഷൻമാരുടെ 20 കിലോമീറ്റർ നടത്തത്തിൽ റെക്കോർഡോടെ സ്വർണം നേടുന്ന എറണാകുളത്തിന്റെ ബിലിൻ ജോർജ് ആന്റോ

ഇഷ്ടം കൂടി റെക്കോർഡ് തിരുത്തി!
തേഞ്ഞിപ്പലം∙ റീബ അന്ന ജോർജിന്റെ വാട്സാപ് മുഖചിത്രം അർജുന അവാർഡ് ജേതാവ് പ്രീജ ശ്രീധരനാണ്. അതും വർഷങ്ങളായി. ആരാധന അത്രയ്ക്കുണ്ട്. ഇന്നലെ ഇതേ പ്രീജ ശ്രീധരന്റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് (5000 മീറ്റർ ഓട്ടം)  റീബ തിരുത്തിയെഴുതി. 2001ൽ പ്രീജ സ്ഥാപിച്ച (17 മിനിറ്റ് 53 സെക്കൻഡ്) റെക്കോർഡ് ആണ് റീബ തിരുത്തിയത് (17 മിനിറ്റ് 52 സെക്കൻഡ്). നേരത്തേ ദീർഘദൂര നടത്ത ഇനങ്ങളിൽ മത്സരിച്ചിരുന്ന റീബ 10,000 മീറ്റർ, 5000 മീറ്റർ ഓട്ടത്തിലേക്കു പിന്നീട് ചുവടുമാറ്റുകയായിരുന്നു.

പാലക്കാട് എസ് സ്റ്റാർ അക്കാദമിയിലെ എ.ആർ.സൂരജ് ആണ് റീബയിലെ പ്രതിഭ തിരിച്ചറിഞ്ഞ് എല്ലാ പ്രോത്സാഹനവും നൽകിയത്. സംസ്ഥാന റെക്കോർഡിലേക്കെത്തുന്നത് ഇതാദ്യം. ദീർഘദൂര മാരത്തണുകളിൽ മത്സരിച്ചു പരിശീലനത്തിനും ഹോസ്റ്റൽ താമസത്തിനും പണം കണ്ടെത്തുന്ന റീബയുടെ ഏറ്റവും വലിയ ആഗ്രഹം ഒരു ദേശീയ മെഡൽ നേടുകയെന്നതാണ്. തിരുവല്ല ഇരവിപേരൂർ സ്വദേശിയായ ജോർജ് വർഗീസ്, ബീനാ ജോർജ് ദമ്പതികളുടെ മകൾ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥി. പാലക്കാടിനു വേണ്ടിയാണ് ഇത്തവണത്തെ സീനിയർ മീറ്റിൽ മത്സരിക്കാനിറങ്ങിയത്.

malappuram-time
നല്ല സമയംപുരുഷൻമാരുടെ 800 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ തിരുവനന്തപുരത്തിന്റെ സൽമാൻ ഫാറൂഖ് (ഇടത്) ഫിനിഷിങിനിടെ കൈയിലെ വാച്ചിലെ സമയം സ്റ്റോപ് ചെയ്യുന്നു.

കുതിപ്പ് കോതമംഗലം എംഎ കോളജിന്റെ ചിറകിൽ
തേഞ്ഞിപ്പലം∙മീറ്റിൽ കിരീടം ചൂടിയത് എറണാകുളമായിരുന്നെങ്കിലും കുതിപ്പു നൽകിയ എൻജിൻ കോതമംഗലം എംഎ കോളജിന്റേതായിരുന്നു. എറണാകുളം നേടിയത് 17 സ്വർണവും 8 വെള്ളിയും 8 വെങ്കലവും. ഇതിൽ എംഎ കോളജിന്റെ സംഭാവനയാകട്ടെ 15 സ്വർണം, 7 വെള്ളി, 8 വെങ്കലം. വിവിധ ജില്ലകളിൽനിന്നുള്ള താരങ്ങൾ കായിക ഉപരിപഠനത്തിനെത്തുന്ന കലാലയമായി എംഎ കോളജ് മാറിയതിന്റെ തെളിവാണ് ഈ മെഡൽത്തിളക്കമെല്ലാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT