ഇന്ന് ലോക വയോജന ദിനം; തൊണ്ണൂറ്റിരണ്ടാം വയസ്സിലെ യുവത്വം

Mail This Article
കോട്ടയ്ക്കൽ ∙ വാഴ, പച്ചക്കറി, കപ്പ, ചേമ്പ്, ചേന..... വറ്റല്ലൂരിലെ മൂത്തേടത്ത് വീടിനോടു ചേർന്ന മൂന്നര ഏക്കർ സ്ഥലത്ത് ഉൽപാദിപ്പിക്കാത്ത വിളകളില്ല. ഇവയെ മക്കളെ പോലെ സ്നേഹിച്ചു പരിപാലിക്കുന്നത് 92 വയസ്സുള്ള സത്യവതിയെന്ന റിട്ട. അധ്യാപിക ആണെന്നു പറഞ്ഞാൽ അതിശയിക്കേണ്ടതില്ല. വീട്ടുകാർക്കൊപ്പം നാട്ടുകാർക്കു കൂടി പ്രയോജനം ചെയ്യുന്നതാണ് ‘ടീച്ചറമ്മ’യുടെ ഈ കൃഷി. രാവിലെ നാലുമണിയോടെ സത്യവതിയുടെ ഒരു ദിവസം തുടങ്ങും. 6 മണിക്ക് കൃഷിയിടങ്ങളിലെത്തും. പച്ചക്കറികൾക്കോ മറ്റോ വാട്ടമോ കേടോ ഉണ്ടോയെന്നു പരിശോധിക്കുകയാണ് ആദ്യത്തെ പണി.
പിന്നീട്, നന്നായി നനയ്ക്കും. ഇതിനായി 2 കിണറുകൾ കുഴിച്ചിട്ടുണ്ട്. ഉച്ചയോടെ വീട്ടിലേക്കുമടങ്ങും. 3 മണി വരെ വായനയും വിശ്രമവും. വീണ്ടും ഇറങ്ങിയാൽ തിരിച്ചുകയറുന്നത് ആറര മണിയോടെ. പച്ചില, ജൈവ വള പ്രയോഗത്തിന് സമയമായാൽ സ്വന്തമായി തന്നെ ചെയ്യും. കള പറിക്കാനും മറ്റുമായി ജോലിക്കാർക്കൊപ്പം കൂടും. എന്തെങ്കിലും കാരണത്താൽ ജോലിക്കാർ എത്തിയില്ലെങ്കിൽ അവരുടെ പണികളും ചെയ്യും. ഒന്നര ഏക്കറോളം സ്ഥലത്ത് കപ്പയും പയറും മാത്രമാണ്. 50 സെന്റ് വരുന്ന തെങ്ങിൻ തോപ്പിൽ ഇടവിളകളായി പച്ചക്കറികളുമുണ്ട്. 50 സെന്റിൽ കൂർക്ക മാത്രം കൃഷി ചെയ്യുന്നു. 85 വയസ്സുവരെ നെൽക്കൃഷിയും ചെയ്തിരുന്നു.
മാനദണ്ഡങ്ങൾ പാലിച്ചാണ് പറമ്പിലേക്കു ഇറങ്ങിയതെങ്കിലും കോവിഡ് പിടികൂടി. വിശ്രമത്തിനുശേഷം വീണ്ടും കൃഷിഭൂമിയിൽ. ലാഭമോ നഷ്ടമോ നോക്കിയല്ല കൃഷിയെന്നും അതുവഴി മനസ്സിനും ശരീരത്തിനും ഊർജം ലഭിക്കുന്നുണ്ടെന്നും സത്യവതി പറയുന്നു. വീട്ടുകാരുടെ ഉപയോഗം കഴിഞ്ഞാൽ നാട്ടുകാർക്കും ഉൽപാദിപ്പിക്കുന്ന വിളകൾ നൽകാറുണ്ട്. പറമ്പിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കു പതിവായി പണിയുള്ളതിനാൽ അഞ്ചോളം കുടുംബങ്ങൾക്ക് അല്ലലില്ലാതെ ജീവിക്കാനും കഴിയുന്നുണ്ട്.
സിപിഎം നേതാവും റിട്ട. അധ്യാപകനുമായിരുന്ന ഭർത്താവ് മൂത്തേടത്ത് നാരായണൻ നായർക്കൊപ്പമാണ് 57 വർഷം മുൻപ് സത്യവതി മണ്ണിലേക്കിറങ്ങിയത്. 23 വർഷം മുൻപ് അദ്ദേഹം മരിക്കുന്നതുവരെ നിഴൽ പോലെ കൂടെനിന്നു. അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ സുജാത വർമ അടക്കമുള്ള 8 മക്കളെല്ലാം അമ്മയുടെ കൃഷി പാഷനോട് ചേർന്നു നിൽക്കുന്നുണ്ട്. കോഴിക്കോട്, മീനാർകുഴി, വറ്റല്ലൂർ എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് സത്യവതി പ്രവർത്തിച്ചത്. സർവീസിലിരിക്കെ കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ഇപ്പോൾ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് നേതാവാണ്.