തൃപ്പനച്ചി പാലോട്ടിൽ മിന്നൽ ചുഴലിക്കാറ്റ്; മുണ്ടേരിയിൽ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു

Mail This Article
തിരൂർ ∙ അനവസരത്തിൽ പെയ്തിറങ്ങുന്ന മഴ എല്ലായിടത്തും ദുരിതം തീർക്കുന്നു. നെൽവയലുകളിൽ വെള്ളം നിറഞ്ഞതോടെ കർഷകരാണ് ഏറെ പ്രയാസത്തിലായത്. ഞാറ്റടികൾ പോലും വയലുകളിൽ നിറഞ്ഞ വെള്ളത്തിലാണ്. സാധാരണ വെയിൽ ഉള്ള സമയമാണിത്.
മഴ പെയ്തിറങ്ങുന്നത് നെൽക്കൃഷിയുടെ താളം തെറ്റിക്കുകയാണെന്ന് കർഷകർ പറയുന്നു. തിരുനാവായ, ചമ്രവട്ടം എന്നിവിടങ്ങളിലെ പല പാടങ്ങളിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. പുഴകളിലും തോടുകളിലും വെള്ളം ഉയർന്നിട്ടുണ്ട്. ഭാരതപ്പുഴയിലും വെള്ളം ഉയർന്നിട്ടുണ്ടെങ്കിലും തുരുത്തുകൾ മൂടിയിട്ടില്ല.തുറന്നുകിടക്കുന്ന ചമ്രവട്ടം റഗുലേറ്ററിലൂടെ ശക്തമായ ഒഴുക്കാണുള്ളത്. കഴിഞ്ഞ 4 ദിവസമായി മഴ തുടരുന്നുണ്ട്. ഇതിൽ 29നാണ് തിരൂർ മേഖലയിൽ കൂടുതൽ മഴ ലഭിച്ചത്. 64.3 മില്ലിമീറ്റർ.
ഇന്നലെ 61.3 മില്ലിമീറ്റർ മഴയായിരുന്നുവെന്ന് തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ വെതർ സ്റ്റേഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇന്നലെ 25 – 26 ഡിഗ്രി ആയിരുന്നു താപനില. സ്കൂളിൽ വെതർ സ്റ്റേഷനുള്ളതിനാൽ മഴയുടെയും കാറ്റിന്റെയും കൃത്യമായ കണക്കറിയാൻ പ്രദേശവാസികൾക്ക് എളുപ്പമാണ്. ഇവിടെയെടുക്കുന്ന കാലാവസ്ഥയുടെ നില സ്കൂളിലെ ബോർഡിൽ എഴുതിവയ്ക്കാറുമുണ്ട്.
വഴിമാറിയത് വലിയ ദുരന്തം
പെരിന്തൽമണ്ണ∙ തിരക്കേറിയ കോഴിക്കോട്–പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് മഴയ്‌ക്കിടെ കൂറ്റൻ മരക്കൊമ്പ് പൊട്ടിവീണു. വഴിമാറിയത് വലിയ ദുരന്തം. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ജംക്‌ഷനടുത്ത് തളി ക്ഷേത്രത്തിനു മുൻവശത്തു നിന്നിരുന്ന കൂറ്റൻ അരയാൽ മരത്തിന്റെ കൊമ്പാണ് റോഡിലേക്ക് പൊട്ടിവീണത്. വൈദ്യുതി–കേബിൾ ലൈനുകളും വൈദ്യുത പോസ്റ്റും തകർത്താണ് മരക്കൊമ്പ് വീണത്.
സംഭവത്തിന് അൽപം മുൻപു വരെ വാഹനങ്ങളുടെ വലിയ നിരയുണ്ടായിരുന്ന ഈ ഭാഗത്ത് സാധാരണ വഴിയാത്രക്കാരുടെയും വലിയ തിരക്കുണ്ടാകാറുണ്ട്. എന്നാൽ മരം പൊട്ടിവീണപ്പോൾ വാഹനങ്ങളോ വഴിയാത്രക്കാരോ കാര്യമായി ഉണ്ടായിരുന്നില്ല. ഒരു കോളജ് വിദ്യാർഥിക്കു തലയ്‌ക്കു ചെറിയ പരുക്കേറ്റു. തളിക്ഷേത്രത്തിന്റെ പ്രവേശന ഗോപുരത്തിന്റെ താഴികക്കുടത്തിനു കേടുപാടു സംഭവിച്ചു. ഒരു മണിക്കൂറോളം ദേശീയ പാതയിൽ പൂർണമായി ഗതാഗതം മുടങ്ങി.
സംഭവം നടന്നു നിമിഷങ്ങൾക്കകം തന്നെ മെയിൻ സ്വിച്ച് ഓഫാക്കി വൈദ്യുതി ജീവനക്കാർ സ്ഥലത്തെത്തിയത് ആശ്വാസമായി. നാട്ടുകാരുടെയും പെരിന്തൽമണ്ണയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളുടെയും സിവിൽ ഡിഫൻസ് അംഗങ്ങളുടെയും നേതൃത്വത്തിൽ മരം വെട്ടിമാറ്റിയാണ് പിന്നീട് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്.
2 മണിക്കൂറിനു ശേഷമാണ് ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാനായത്. പൊലീസ് ഗതാഗതം ക്രമീകരിക്കാൻ ഏറെ പണിപ്പെട്ടു. സംഭവത്തിനു ശേഷം ഇന്നലെ മുഴുവൻ പാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷാ സേന സ്‌റ്റേഷൻ ഓഫിസർ സി.ബാബുരാജ്, ഫയർ ആൻഡ് സേഫ്‌റ്റി ഓഫിസർമാരായ രമേഷ്, കിഷോർ, സഫീർ, ഉമ്മർ, ഹോംഗാർഡുമാരായ സുബ്രഹ്‌മണ്യൻ, ഷുക്കൂർ, രാമകൃഷ്‌ണൻ, ഉണ്ണിക്കൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി.
വ്യാപക നാശനഷ്ടം
പുൽപറ്റ∙തൃപ്പനച്ചി പാലോട്ടിൽ കാറ്റിലും മഴയിലും പരക്കെ നാശം. ഇന്നലെ രാവിലെ 11.30നു 15 മിനിറ്റ് നീണ്ട മിന്നൽ ചുഴലിക്കാറ്റ് ആണ് നാട്ടുകാരെ പരിഭ്രാന്തരാക്കിയത്. 2 വീടുകൾക്കു മുകളിൽ മരം വീണു ഭാഗികമായി കേടുപറ്റി. വൈദ്യുത പോസ്റ്റുകളും മരങ്ങളും പൊട്ടിവീണു. വൈകിട്ടാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡോ.റസാഖ്, ചീനിയംപുറത്ത് അബ്ദുല്ല എന്നിവരുടെ വീടിനു മുകളിലാണ് മരം വീണത്. ഉമ്മർ ചക്കാലക്കലിന്റെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പാറിപ്പറന്നു. പാലോത്ത് ചീനിയമ്പുറത്ത് നബിദിന പരിപാടിക്കു താൽക്കാലികമായി നിർമിച്ച സ്റ്റേജ്, ബോക്സ് എന്നിവ തകർന്നു. മദ്രസയുടെ മേൽക്കൂരയിലെ ഓടുകൾ പറന്നുവീണു 2 പേർക്ക് പരുക്കേറ്റു. സെയ്തലവി മുസല്യാർ ഉൾപ്പെടെ ഏതാനും പേരുടെ വാഴക്കൃഷി നശിച്ചു.
മരം പൊട്ടിവീണ് ആണ് വൈദ്യുത പോസ്റ്റുകൾ തകർന്നത്. 3 വൈദ്യുതി പോസ്റ്റുകൾ പൂർണമായും 3 കാലുകൾ ഭാഗികമായി തകർന്നു. കാറ്റിലും മഴയും നാശം വിതച്ച തൃപ്പനച്ചി പാലോട്ടെ കുടുംബങ്ങൾക്ക് നഷ്ട പരിഹാരം നൽകണമെന്നു പി.ഉബൈദുല്ല എംഎൽഎ ആവശ്യപ്പെട്ടു.
കനത്തമഴ
എടക്കര ∙ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ലഭിച്ചത് 90.4 മില്ലിമീറ്റർ മഴ. പാലേമാട് വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ കേരള സ്കൂൾ വെതർ സ്റ്റേഷനിലെ മഴമാപിനിയിൽ രേഖപ്പെടുത്തിയ കണക്കാണിത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വർഗീകരണ പ്രകാരം മഴ 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ കൂടുതലാണെങ്കിൽ ശക്തമായ മഴയായാണ് കണക്കാക്കുന്നത്, .മഴ കൂടിയതോടെ ഉയർന്ന താപനില 28 ഡിഗ്രി സെൽഷ്യസിലേക്കും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസിലേക്കും എത്തി. അന്തരീക്ഷ ആർദ്രത 100% ആണ്. ഇപ്പോഴും മഴ തുടർന്നുകൊണ്ടിരിക്കുകയാണ്

പുഴകളിലെല്ലാം വെളളം ഉയർന്നിട്ടുണ്ട്. തുള്ളിമുറിയാതെ പെയ്യുന്ന മഴയിൽ റോഡുകൾ മിക്കയിടത്തും വെള്ളക്കെട്ടാണ്.ചാലിയാറിൽ വെള്ളം ഉയർന്നതോടെ മുണ്ടേരി വനത്തിനുള്ളിലെ ആദിവാസി കുടുംബങ്ങൾ ദുരിതത്തിലായി. കുത്തൊഴുക്കു കാരണം കടവിൽ ചങ്ങാടമിറക്കാൻ കഴിയാത്ത സ്ഥിതിയാണ്.ഇരുട്ടുകുത്തി, വാണിയംപുഴ, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി എന്നീ കോളനികളിലെ കുടുംബങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ ചങ്ങാടത്തെയാണ് ആശ്രയിക്കുന്നത്.
പുഴയിൽ വെളളം കൂടിയതോടെ കോളനികളിലെ വിദ്യാർഥികൾ 2 ദിവസമായി സ്കൂളുകളിലും പോകുന്നില്ല. വഴിക്കടവ് വനത്തിനുള്ളിലെ പുഞ്ചക്കൊല്ലി, അളയ്ക്കൽ കോളനികളിലെ ആദിവാസി കുടുംബങ്ങളും പുഴ കടക്കാൻ കഴിയാതെ ഒറ്റപ്പെട്ട നിലയിലാണ്. ഇവരും ചങ്ങാടത്തെയാണ് ആശ്രയിക്കുന്നത്.
ആശങ്ക; അൽപം ആശ്വാസം
മലപ്പുറം ∙ കർക്കടകം വരണ്ടൊഴിഞ്ഞപ്പോൾ നെല്ലിന്റെ രണ്ടാം വിളയായ മുണ്ടകനായി ആശങ്കയോടെ ഞാറു നട്ടവർക്ക് ആശ്വാസമായാണ് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴയെത്തിയത്. അതേസമയം പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പാടശേഖരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യമുള്ളതിനാൽ ഞാറു ചീഞ്ഞു നാശമുണ്ടാകുമോ എന്ന ആശങ്കയുമുണ്ട്.
ഇടവപ്പാതി വേണ്ടത്ര കനിയാതിരുന്നതിനാൽ ഇത്തവണ അൽപം വൈകിയാണ് ജില്ലയിലെ ഏറ്റവും വലിയ നെല്ല് സീസണായ മുണ്ടകൻ കൃഷിക്കു തുടക്കമായത്. മഴക്കാലമായിട്ടും തോടുകളിലും മറ്റും ചിറ കെട്ടി വെള്ളം തിരിച്ചുവിട്ടാണ് പലയിടത്തും നിലമൊരുക്കിയത്. ഈ മാസം ആദ്യം തുടർ മഴ കിട്ടിയതോടെ നേരിയ ആശ്വാസമായി. ഇതോടെ ചിറ അൽപം തുറന്നു വിട്ടു. ഞാറു നടീൽ ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയപ്പോൾ വീണ്ടും തുടർച്ചയായി മഴ ലഭിച്ചത് കർഷകർക്ക് പ്രതീക്ഷ കൂടിയാണ് നൽകുന്നത്.

കൃഷിയുടെ തുടക്കത്തിൽ മഴ കിട്ടുന്നത് ഏറെ ഗുണകരമാണെന്ന് കർഷകർ പറയുന്നു. എന്നാൽ വെള്ളക്കെട്ടോ വെള്ളപ്പൊക്കമോ ഉണ്ടായാൽ ദോഷകരമാകും. പൊന്നാനി ഭാഗത്തെ കോൾ മേഖലയിൽ നവംബർ കഴിഞ്ഞാണ് കൃഷിയുടെ ഒരുക്കം തുടങ്ങുന്നത്. മൺസൂണിൽ വേണ്ടത്ര മഴയില്ലെങ്കിൽ വേനൽ ചതിക്കുമോ എന്ന അവരുടെ ആശങ്കയ്ക്കും അറുതി വരുത്തുകയാണ് ഇപ്പോഴത്തെ മഴ.
കരിഞ്ചാപ്പാടി ബാബു : "മൺസൂൺ മഴ വേണ്ടത്ര ലഭിക്കാത്തതിനാൽ പൂട്ടിയ കണ്ടത്തിൽ നെല്ലിനു പകരം കപ്പ നട്ടവർ വരെയുണ്ട്. തുടർന്നും വെള്ളം കിട്ടിയില്ലെങ്കിൽ നെല്ല് ഉണങ്ങുമോ എന്നായിരുന്നു അവരുടെ പേടി. കതിർ വന്ന ശേഷം മഴ പെയ്താൽ കനത്ത ദോഷമാകും. "
കെ.എ.ജയാനന്ദൻ, പൊന്നാനി കോൾ സംരക്ഷണ സെക്രട്ടറി: "മുണ്ടകൻ കൃഷിക്ക് തുടക്കത്തിൽ മഴ കിട്ടുന്നത് അനുഗ്രഹമാണ്. വെള്ളക്കെട്ട് പ്രശ്നമുള്ള ഭാഗങ്ങളിൽ ഇനിയും ഞാറു നടാനുള്ളവർ മഴയുടെ സ്ഥിതി നോക്കി ചെയ്താൽ മതി. ഒരാഴ്ച വരെയൊക്കെ കാത്തിരുന്നാലും ഗുണമാകും. കോൾ കർഷകർക്കും ഈ മഴ പ്രതീക്ഷയായി."