ട്രെയിൻ ടിക്കറ്റെടുക്കാൻ തിരക്കേണ്ട; ആപ്പിലൂടെ വേഗത്തിലെടുക്കാം, എന്താണ് യുടിഎസ് ആപ്?

Mail This Article
തിരൂർ ∙ സാധാരണ ടിക്കറ്റെടുക്കാനുള്ള യുടിഎസ് ആപ്പ് ജനകീയമാക്കാനുള്ള റെയിൽവേയുടെ ശ്രമങ്ങൾ തുടരുമ്പോഴും ടിക്കറ്റ് കൗണ്ടറിനു മുൻപിലുള്ള വലിയ വരിക്കു ശമനമില്ല. വണ്ടി പുറപ്പെടാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോഴും ടിക്കറ്റ് കൗണ്ടറിനു മുൻപിൽ ഉന്തും തള്ളുമാണ്. ഓൺലൈൻ സൗകര്യങ്ങൾ ഇപ്പോഴും മിക്ക യാത്രക്കാരും ഉപയോഗിക്കുന്നില്ല. പകരം കൗണ്ടറിനു മുൻപിൽ ടിക്കറ്റെടുക്കാൻ വരി നിൽക്കുകയാണ്.
പലപ്പോഴും ട്രെയിൻ പ്ലാറ്റ്ഫോമിൽ വന്നു നിൽക്കുന്ന സമയത്താണ് ടിക്കറ്റിനായുള്ള പരക്കം പാച്ചിൽ. നിലവിൽ പല സ്റ്റേഷനുകളിലും ജനറൽ ടിക്കറ്റ് കൊടുക്കാനുള്ള കൗണ്ടറുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ഇതും തിരക്ക് കൂട്ടുന്നുണ്ട്. യുടിഎസ് ആപ് ഉപയോഗിച്ചാൽ ഈ വരിയിൽ നിൽക്കുന്ന പ്രയാസം ഒഴിവായിക്കിട്ടും. ടിക്കറ്റ് കൗണ്ടറുകൾക്കു സമീപം ഒട്ടിച്ചിരിക്കുന്ന ക്യുആർ കോഡ് ഉപയോഗിച്ചും ടിക്കറ്റ് എടുക്കാം. ഇതിനായി പ്രത്യേക നിരക്കു നൽകേണ്ടതുമില്ല.
എന്താണ് യുടിഎസ് ആപ്
മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന ആപ്പാണ് യുടിഎസ്. ഇതുവഴി സാധാരണ ടിക്കറ്റുകൾ എടുക്കാം. കൗണ്ടറുകൾക്കു മുൻപിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് റെയിൽവേ ആപ് പുറത്തിറക്കിയത്. ഇത് ഡൗൺലോഡ് ചെയ്ത് മൊബൈൽ നമ്പർ നൽകി കിട്ടുന്ന ഒടിപി വഴി റജിസ്ട്രേഷൻ പൂർത്തിയാക്കാം. തുടർന്ന് പേപ്പർ, പേപ്പർലെസ് ഓപ്ഷൻ നൽകാം.
യാത്ര പുറപ്പെടുന്ന സ്റ്റേഷനും ഇറങ്ങേണ്ട സ്റ്റേഷനും യാത്രക്കാരുടെ എണ്ണവും ഏതു തരം ട്രെയിനിലാണു പോകേണ്ടതെന്നും നൽകിയാൽ ടിക്കറ്റിന്റെ തുക കാണിക്കും. തുടർന്ന് ഓൺലൈനായി പണമടയ്ക്കാം. ഇതിൽ ഷോ ടിക്കറ്റ് എന്ന ഓപ്ഷനിൽ അമർത്തിയാൽ ടിക്കറ്റ് പരിശോധിക്കുന്നയാൾ ആവശ്യപ്പെട്ടാൽ ഇത് കാണിച്ചു കൊടുക്കാം.
പേപ്പർ ടിക്കറ്റ് എന്ന ഓപ്ഷനാണു നൽകിയതെങ്കിൽ സ്റ്റേഷനിലുള്ള എടിവിഎം വഴിയോ കൗണ്ടറിൽനിന്നോ ടിക്കറ്റ് പ്രിന്റ് ചെയ്തെടുക്കുകയും ചെയ്യാം. യാത്രാ ടിക്കറ്റിനു പുറമേ പ്ലാറ്റ്ഫോം ടിക്കറ്റും ഈ രീതിയിൽ എടുക്കാം. മുൻപ് സ്റ്റേഷനിൽനിന്ന് 15 കിലോമീറ്റർ പരിധിക്കുള്ളിൽ ആപ് പ്രവർത്തിച്ചിരുന്നില്ല. ഇപ്പോൾ അതു മാറ്റിയിട്ടുണ്ട്.