‘ഈ ചിത്രങ്ങളെല്ലാം അടുത്ത ദിവസം കലക്ടറേറ്റിലേക്കു കൊണ്ടുവരൂ, എല്ലാ ഞാൻ വിറ്റുതരാം’, ഇത് കലക്ടറുടെ ഉറപ്പ്

Mail This Article
തിരൂർ ∙ ‘ഈ ചിത്രങ്ങളെല്ലാം അടുത്ത ദിവസം കലക്ടറേറ്റിലേക്കു കൊണ്ടുവരൂ, എല്ലാ ഞാൻ വിറ്റുതരാം’ – ഇതുകേട്ടപ്പോൾ വിശ്വസിക്കാനാകാതെ സീമ ഒന്നുകൂടി കലക്ടറെ നോക്കി. അദ്ദേഹം പറഞ്ഞത് ആവർത്തിച്ചപ്പോൾ ചിരിച്ചത് സീമ മാത്രമല്ല, പുറത്തൂർ ബഡ്സ് സ്കൂളിലെ കുട്ടികളെല്ലാവരുമാണ്. സ്കൂളിലെ കുട്ടികൾ ഇലകളും പൂക്കളും പുല്ലുകളുമെല്ലാം ഉണക്കിയെടുത്ത് ഫ്രെയിം ചെയ്തുണ്ടാക്കിയ ചിത്രങ്ങളാണ് കലക്ടർ വി.ആർ.വിനോദ് വിറ്റുതരാം എന്നേറ്റത്. ഇന്നലെ പടിഞ്ഞാറേക്കര ബീച്ചിൽ നടന്ന സാഗരം സാക്ഷി പരിപാടി സ്ഥലത്തു ചിത്രങ്ങളുമായി സ്കൂൾ ഒരു സ്റ്റാൾ ഇട്ടിരുന്നു. 190 ചിത്രങ്ങളാണ് എത്തിച്ചത്.എന്നാൽ വന്നവരെല്ലാം പരിപാടി കാണാൻ പോയതോടെ ചിത്രങ്ങൾ വാങ്ങാൻ ആളുണ്ടായില്ല. വെറും 14 എണ്ണം മാത്രമാണ് വിറ്റുപോയത്. ഇതിൽ നിരാശയുണ്ടായിരുന്നെങ്കിലും സ്റ്റാൾ കാണാൻ, പരിപാടിക്കെത്തിയ കലക്ടർ വരുമെന്ന പ്രതീക്ഷയിലായിരുന്നു അധ്യാപിക എം.സീമയും കുട്ടികളും. ഇതിനിടെ ബീച്ച് കാണാൻ പോയ കലക്ടർ പുറത്തേക്കു പോയി. ഇതോടെ എല്ലാവരും ആകെ നിരാശയിലായി.
എന്നാൽ നേരത്തേ ഇക്കാര്യം ശ്രദ്ധിച്ചിരുന്ന കെ.ടി.ജലീൽ എംഎൽഎയും കലക്ടറും കറങ്ങിത്തിരിഞ്ഞ് ഇവർക്കരികിലേക്കു തന്നെയെത്തി. എംഎൽഎയും കലക്ടറും കൂടെയുണ്ടായിരുന്ന സബ് കലക്ടർ സച്ചിൻ കുമാർ യാദവും ഇവരിൽനിന്നു ചിത്രങ്ങൾ വാങ്ങി. പിന്നെ കൂടുതൽ വിശേഷങ്ങൾ ചോദിച്ചു മനസ്സിലാക്കി. ചിത്രങ്ങൾ വിറ്റുപോയില്ലെന്നു മനസ്സിലാക്കിയതോടെ കലക്ടർ ഇവരെ കലക്ടറേറ്റിലേക്കു ക്ഷണിക്കുകയായിരുന്നു. അവിടെയുള്ള ജീവനക്കാർക്കെല്ലാം ഇതു വിൽക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടുതൽ മനോഹരമായ ചിത്രങ്ങൾ ഒരുക്കി അടുത്ത ദിവസം കലക്ടറേറ്റിലേക്കു പോകാനുള്ള തയാറെടുപ്പ് ഇവർ ഇന്നു മുതൽ തുടങ്ങാൻ പോകുകയാണ്.കഴിഞ്ഞ ദിവസം പുറത്തൂർ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിലും ഇവരുടെ ചിത്രങ്ങൾ വിറ്റുപോയിരുന്നു.