ലോഡ്ജുകളിലെ ശുചിമുറി മാലിന്യം ഓടയിൽ ഒഴുക്കുന്നു

Mail This Article
നിലമ്പൂർ ∙ ലോഡ്ജുകളിലെ ശുചിമുറി മാലിന്യം ഓടയിൽ ഒഴുക്കുന്നു. പ്രദേശം കോളറ, വയറിളക്കം, മഞ്ഞപ്പിത്തം, തുടങ്ങിയ ജലജന്യ രോഗങ്ങളുടെ ഭീഷണിയിൽ. മാലിന്യമുക്ത നഗരസഭയെന്ന് അവകാശപ്പെടുന്ന നിലമ്പൂരിലാണ് സംഭവം. നഗരസഭാ മത്സ്യ,മാംസ മാർക്കറ്റിന് പിൻവശത്ത് ചെന്നാൽ സംഭവം നേരിട്ട് കാണാം. ലോഡ്ജുകളിൽ നിന്ന് കുഴലുകൾ വഴി ഓടയിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. ചുറ്റുപാടും മാലിന്യം തെറിപ്പിച്ച് ഒന്നാം നിലയിൽ നിന്ന് വരെ താഴേയ്ക്ക് ഒഴുക്കുന്നുണ്ട്. ദുർഗന്ധം അസഹനീയമാണ്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് സംഭവം. ശുദ്ധജല പദ്ധതികളുള്ള ചാലിയാറിലേക്കാണ് ഈ വെള്ളം ഒഴുകിയെത്തുന്നത്.
മലിന ജലം ഇറങ്ങി ഓടയുടെ വശങ്ങളിലെ കിണറുകൾ മലിനമാകുന്നു. ശുചിമുറി ടാങ്കും ഓടയോട് ചേർന്നാണ്. ചോർച്ച തടയാൻ സിമന്റ് തേച്ച് അടച്ചത് കാണാം. ദുർഗന്ധം മാർക്കറ്റിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യത്തിന് ഭീഷണിയാണ്. പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. കരിയില കത്തിക്കുന്നതിന് പോലും ഫോട്ടോ എടുത്ത് 10,000 പിഴ ചുമത്തുന്ന നഗരസഭ വൻകിടക്കാരുടെ വീഴ്ചകൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. മാർക്കറ്റിന്റെ ഭാഗത്ത് കരിങ്കല്ല് ഭിത്തി ഇറക്കിക്കെട്ടി ഓട കയ്യേറിയതായും പരാതിയുണ്ട്. ഒരിടത്ത് വീതി കുറഞ്ഞ് വെള്ളം ഒഴുകിപ്പോകാനാകാതെ ഇടുങ്ങിയതായി.