ADVERTISEMENT

തിരൂർ ∙ തീരം കണ്ട ഏറ്റവും വലിയ ക്യാൻവാസ്, അതിൽ കല്ലുകൊണ്ടുള്ള മനോഹര ചിത്രങ്ങൾ. പടിഞ്ഞാറേക്കര ബീച്ചിൽ അറബിക്കടലിനെ സാക്ഷിയാക്കി പരിപാടിയിൽ പങ്കെടുക്കാനും വീക്ഷിക്കാനുമായി നിരന്നുനിന്നത് നൂറുകണക്കിനാളുകളായിരുന്നു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പും ജില്ലാ ചൈൽഡ് പ്രൊട്ടക‍്ഷൻ യൂണിറ്റും പുറത്തൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ പടിഞ്ഞാറേക്കരയിൽ നടത്തിയ സാഗരം സാക്ഷി എന്ന പരിപാടിയിലായിരുന്നു ഈ കാഴ്ച. കുട്ടികളുടെ അവകാശ സംരക്ഷണം, ലഹരി വിമുക്തി, ഉത്തരവാദിത്തപൂർണ രക്ഷകർതൃത്വം, മാലിന്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി.

13 പഞ്ചായത്തുകളും 3 നഗരസഭകളുമാണ് പങ്കെടുത്തത്. ഇവിടങ്ങളിലെ ഐസിഡിഎസും അങ്കണവാടി ജീവനക്കാരും മറ്റു ശിശു സംരക്ഷണ പദ്ധതികളിലെ ജീവനക്കാരുമെല്ലാം ഇവിടെയെത്തി.  മീറ്ററുകൾ വലുപ്പമുള്ള ക്യാൻവാസുകൾ ഓരോ സംഘവും ഇവിടെ എത്തിച്ചിരുന്നു. ഇവയെല്ലാം തീരത്തു നിരത്തിവച്ചതോടെ ഒരു കിലോമീറ്ററിലേറെ നീളമായി. പിന്നീട് കയ്യിൽ കരുതിയ ചെറുകല്ലുകൾ ഉപയോഗിച്ച് ക്യാൻവാസുകളിൽ ഇവർ ചിത്രങ്ങൾ തയാറാക്കി. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള മനോഹര ചിത്രങ്ങളായിരുന്നു എല്ലാം. ബാല വിവാഹവും ലഹരിയുമെല്ലാം വിഷയങ്ങളായി. കെ.ടി.ജലീൽ എംഎൽഎയും കലക്ടർ വി.ആർ.വിനോദും തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.സൈനുദ്ദീനുമടക്കമുള്ളവർ പട്ടം പറത്തി പരിപാടി ഉദ്ഘാടനം ചെയ്തു. 

പിന്നീട് ഇവർ തീരം മുഴുവൻ നടന്നു ചിത്രങ്ങൾ കണ്ടു. ചിത്രങ്ങൾ വിധികർത്താക്കൾ പരിശോധിച്ച് മാർക്കുമിട്ടു. താനൂർ നഗരസഭയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പരപ്പനങ്ങാടി നഗരസഭ രണ്ടാം സ്ഥാനവും തലക്കാട് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ഒ.ശ്രീനിവാസൻ, വി.ശാലിനി, കുണ്ടിൽ ഹാജറ, ഷംസിയ സുബൈർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ എ.സുരേഷ്, കെ.വി.ആശാമോൾ, ഷാജേഷ് ഭാസ്കർ, തനൂജ ബീഗം, ഷാജിത ആറ്റശ്ശേരി, ഫസൽ പുള്ളാട്ട്, സി.ഫാരിസ, മുഹമ്മദ് സാലിഹ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT