യുവാവിനെ മർദിച്ച് പണം തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ

Mail This Article
എടക്കര ∙ യുവാവിനെ നഗ്നനാക്കി മർദിച്ച് വിഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചുങ്കത്തറ കൈപ്പിനിയിൽ പാർട്ടിക്കുന്നിൽ മാങ്കുന്നുമ്മൽ മുഹമ്മദ് ബഷീർ (23), പാലുണ്ട മന്നമ്പരമ്പിൽ വിഷ്ണു (23), കലാസാഗർ എരമംഗലത്ത് ജിനേഷ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എടക്കരയിലുള്ള സുഹൃത്തിനെ കാണാനെത്തിയ വണ്ടൂർ സ്വദേശിയായ യുവാവിൽനിന്നാണ് പണം തട്ടിയത്. കാട്ടിച്ചിറയിലെ റബർ തോട്ടത്തിനടുത്തുവച്ച് കഴിഞ്ഞ 12ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം മൊബൈൽ ഫോൺ തട്ടിയെടുത്ത് പാസ്‌വേഡ് ചോദിച്ച് മനസ്സിലാക്കി യുപിഐ പേയ്മെന്റ് വഴി രണ്ട് അക്കൗണ്ടുകളിലേക്ക് 62,000 രൂപ അയച്ച് സ്വന്തമാക്കുകയായിരുന്നു.
എടക്കര പൊലീസ് ഇൻസ്പെക്ടർ എൻ.ബി.ഷൈജുവിന്റെ നേതൃത്വത്തിൽ പ്രത്യേകം സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളിൽ മുഹമ്മദ് ബഷീറിനെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് കഴിഞ്ഞ മാസം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സബ് ഇൻസ്പെക്ടർ മുഹമ്മദ് റാഫി, എഎസ്ഐ വാസുദേവൻ, എസ്‌സിപഒമാരായ സി.എ.മുജീബ്, സുജിത്ത്, അനൂപ്, സിപിഒമാരായ സാബിർ അലി, ഷാഫി മരുത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.