ADVERTISEMENT

മലപ്പുറം ∙ കട്ടപ്പാടത്ത് പന്തു തട്ടുന്നവർ മുതൽ ഫുട്ബോൾ വിഡിയോ ഗെയിം കളിക്കുന്നവർക്കു വരെ കാൽപന്തു കളിയോടുള്ള ആവേശം കളറാക്കാൻ അവസരമൊരുക്കുന്ന ഫുട്ബോൾ ഉത്സവത്തിന് നാളെ മക്കരപ്പറമ്പിൽ തുടക്കം. മലയാള മനോരമയുമായി ചേർന്ന്, ഫുട്ബോൾ രംഗത്തെ യുവസംരംഭം ഫുട്ബോൾ ക്രിയേറ്റീവ്സ് സംഘടിപ്പിക്കുന്ന ‘ഫുട്ബോൾ ഫെസ്റ്റിവൽ–23’ ഒരു മാസത്തെ വിവിധ പരിപാടികളോടെ പൊരുന്നമ്മൽ നാറാണത്ത് മാറക്കന ടർഫിൽ നടക്കും. നാളെ 5ന് കുട്ടിപ്രതിഭകളെ ആദരിക്കൽ, 7ന്  മുതിർന്ന പൗരന്മാരുടെ പ്രദർശന മത്സരം എന്നിവ നടക്കും. 

ഐ ലീഗിലെ ഗോകുലം കേരളയിലെയും ഐഎസ്എലിലെയും താരങ്ങളുമായി സംവദിക്കാൻ അവസരം, അണ്ടർ 18 വിഭാഗം ഫുട്സാൽ ടൂർണമെന്റ്, വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ ടീമുകൾ പങ്കെടുക്കുന്ന കോർപറേറ്റ് ഫുട്ബോൾ ടൂർണമെന്റ്, ഓപൺ ടൂർണമെന്റ്, വിദേശ പരിശീലകരെയടക്കം ഉൾപ്പെടുത്തി കോച്ചിങ് ക്ലിനിക്സ്, ഫുട്ബോൾ വിഡിയോ ഗെയിം കളിക്കുന്നവർക്കായി പ്രത്യേക ക്ലാസ്, ഭിന്നശേഷിക്കാരുടെ ഫുട്ബോൾ, വിവിധ വിഷയങ്ങളിൽ വെബിനാർ തുടങ്ങി കളത്തിലും പുറത്തുമായാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുക. രാജ്യത്തെ പ്രധാന ഫുട്ബോൾ താരങ്ങളെയടക്കം എത്തിക്കും. സ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമെല്ലാം പങ്കെടുക്കാവുന്ന വിവിധ അവസരങ്ങളുണ്ട്. 

 ഫുട്ബോളിനായി ഒരു ദിവസം ചെലവഴിക്കാം എന്ന ആഗ്രഹത്തിൽ വരുന്നവർക്ക് ഫുട്ബോളിലെ കളിയും കാര്യവും പകർന്നു നൽകുകയാണ് ലക്ഷ്യം. കഴിഞ്ഞ ഫുട്ബോൾ ലോകകപ്പ് സമയത്ത് ജില്ലയിലെ വിവിധയിടങ്ങളിൽ ഫുട്ബോൾ ഫെസ്റ്റിവൽ നടത്തിയ ഫുട്ബോൾ ക്രിയേറ്റീവ്സിന്റെ രണ്ടാം സീസണിലാണ് മനോരമയുമായി കൈകോർക്കുന്നത്. അർജന്റീനയുടെ ലോകകപ്പ് വിജയ വാർഷികത്തിൽ അർജന്റീന ആരാധകർക്കായി പ്രത്യേക ആഘോഷ പരിപാടിയും ഇത്തവണ സംഘടിപ്പിക്കുന്നുണ്ട്. വിവരങ്ങൾക്ക്: 90370 76117,www.footballfestival.in

മലപ്പുറം ടു യുകെ,യുകെ ടു മലപ്പുറം
യുകെയിൽ ബിസിനസുകാരനായ മുസ്തഫ–മുനീറ ദമ്പതികളുടെ മകനായ ഷബീബ് പത്താം ക്ലാസ് വരെ മഞ്ചേരി എയ്സ് പബ്ലിക് സ്കൂളിലാണ് പഠിച്ചത്.    യുകെയിലായിരുന്നു ബാക്കി പഠനം. ലണ്ടനിലെ സതാംപ്ടൺ സോലന്റ് സർവകലാശാലയിൽനിന്ന് ഫുട്ബോൾ ആൻഡ് ബിസിനസിൽ ബിരുദം നേടി. 20–ാം വയസ്സിൽ തന്നെ ഫുട്ബോൾ ക്രിയേറ്റീവ്സ് എന്ന പേരിൽ തന്നെ യുകെയിൽ ആദ്യം സംരംഭം റജിസ്റ്റർ ചെയ്തെങ്കിലും കാര്യമായി മുന്നോട്ടു പോയില്ല. പിന്നീട് ഫാഷൻ ഫൊട്ടോഗ്രഫറായി യൂറോപ്പിൽ തിളങ്ങി.

അതിനിടയിലാണ് ഫുട്ബോൾ ബിസിനസ് സ്വപ്നങ്ങളുമായി ബെംഗളൂരുവിലേക്ക് വിമാനം കയറിയത്. എന്നാൽ ചെറുപ്പക്കാരന്റെ വലിയ ലക്ഷ്യത്തിന് അവിടെ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോഴാണ് വീണ്ടും പഴയ ലക്ഷ്യം പൊടിതട്ടിയെടുത്തത്.

നാട്ടിൽ ടർഫുകൾ ഏറെ ഉയർന്നതിനാൽ അത് അനുകൂല സാഹചര്യമാക്കാമെന്നു കരുതി സുഹൃത്തുക്കളെയും കൂട്ടി ലക്ഷ്യത്തിലേക്ക് കിക്ക് ഓഫ്. 2022 ഓഗസ്റ്റിൽ കേരളത്തിൽ ആരംഭിച്ച സംരംഭം ഇപ്പോൾ ഫുട്ബോൾ താരങ്ങൾക്ക് വിവിധ തൊഴിലവസരങ്ങൾ നേടിയെടുക്കാവുന്ന കോഴ്സുകളും ചെയ്യുന്നുണ്ട്. നിലവിൽ സംരംഭത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കൂടിയാണ് ഷബീബ്.

മലപ്പുറത്തെയാക്കാം ‘ഫുട്ബോളിങ് സിറ്റി’
മലപ്പുറം ഫുട്ബോളിന്റെ വളർച്ച ലക്ഷ്യമിട്ട് പടിഞ്ഞാറ്റുംമുറി സ്വദേശിയും ലണ്ടനിൽ സ്ഥിരതാമസക്കാരനുമായ ഷബീബ് മുസ്തഫ(30) ആരംഭിച്ച സംരംഭമാണ് ഫുട്ബോൾ ക്രിയേറ്റീവ്സ്. വൊളന്റിയറിങ് ഫുട്ബോൾ ടൂറിസം എന്ന ആശയത്തിലൂടെ ജില്ലയെ ഒരു ആധുനിക ഫുട്ബോളിങ് സിറ്റി ആക്കുകയെന്നതാണ് ആഗ്രഹം. വിദേശത്തെ വിദഗ്ധ പരിശീലകരുടെയും മറ്റു മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും സേവനം ഉറപ്പാക്കും. യുകെയിലെ രാജ്യാന്തര പരിശീലകൻ നിക്ക് ലെവിറ്റ് സംരംഭത്തിന്റെ പ്രധാന ഉപദേശകരിലൊരാളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT