കുടുംബശ്രീ ജനകീയ ഹോട്ടൽ: സബ്സിഡി കുടിശിക ഇന്നു മുതൽ
Mail This Article
മലപ്പുറം∙ കുടുംബശ്രീ ജനകീയ ഹോട്ടലുകാർക്കു സബ്സിഡി കുടിശിക അനുവദിച്ചതിന്റെ വിതരണം ഇന്നു തുടങ്ങും. ജില്ലയ്ക്കു 4.8 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇവ ട്രഷറിയിലേക്കു കൈമാറുന്നതിന്റെ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ജില്ലയിൽ 144 ജനകീയ ഹോട്ടൽ നടത്തിപ്പുകാർക്കായി സബ്സിഡി തുക ആറു കോടിയിലധികം രൂപയാണ് കുടിശികയായുള്ളത്. ഇനിയും രണ്ടു കോടിയോളം രൂപ ലഭിച്ചാലാണ് മുഴുവൻ കുടിശികയും കൊടുത്തുവീട്ടാനാവുക.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ നടത്തുന്നതും സബ്സിഡി തുക ഏറ്റവും കൂടുതൽ കുടിശികയുള്ളതും ജില്ലയിലാണ്. 33.6 കോടി രൂപയാണ് സംസ്ഥാനത്തൊട്ടാകെ കുടിശിക ഇനത്തിലേക്ക് അനുവദിച്ചത്.
41 കോടി രൂപയോളമാണു സംസ്ഥാനത്തൊട്ടാകെ കുടിശികയുള്ളത്. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി തുടങ്ങിയ കുടുംബശ്രീ ജനകീയ ഹോട്ടലുകളിൽ 20 രൂപയ്ക്കു നൽകുന്ന ഒരു ഊണിന് 10 രൂപയാണ് സബ്സിഡി നൽകുന്നത്. കഴിഞ്ഞ ഓഗസ്റ്റ് വരെ നൽകിയ ഊണിന്റെ സബ്സിഡി തുകയാണ് ലഭിക്കാനുള്ളത്.
ഇപ്പോൾ ഊണിന് 30 രൂപയാക്കി വർധിപ്പിച്ചു സബ്സിഡി ഒഴിവാക്കി. കുടിശിക വിതരണം ചെയ്യാത്തതിനാൽ ജനകീയ ഹോട്ടൽ നടത്തിപ്പുകാർ ചേർന്ന് ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റ് അടക്കമുള്ളയിടങ്ങളിലും സമരപരിപാടികൾ നടത്തിയിരുന്നു.