വീട്ടമ്മയുടെ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു
Mail This Article
മഞ്ചേരി ∙ തുവ്വൂർ പള്ളിപ്പറമ്പ് മാങ്കൂത്ത് സുജിതയെ കൊലപ്പെടുത്തിയത് ആഭരണങ്ങൾ തട്ടിയെടുക്കാനും അതുവിറ്റു കിട്ടുന്ന പണം ഉപയോഗിച്ചു ഒന്നാം പ്രതിയുടെ സാമ്പത്തിക ഞെരുക്കം പരിഹരിക്കാനുമെന്നു പൊലീസ് കുറ്റപത്രം.1950 പേജുള്ള കുറ്റപത്രം പൊലീസ് മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (ഒന്ന്) കോടതിയിൽ സമർപ്പിച്ചു.
ഒന്ന് മുതൽ 5 വരെ പ്രതികളായ തുവ്വൂർ മാതോത്ത് വിഷ്ണു (27), സഹോദരങ്ങളായ വൈശാഖ് (21), വിവേക്(20) സുഹൃത്ത് മുഹമ്മദ് ഷഹാൻ (18), വിഷ്ണുവിന്റെ പിതാവ് മുത്തു(53) എന്നിവർക്കെതിരെയാണ് കേസ്. കൊലപാതകം, അന്യായമായി സംഘം ചേരൽ, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടു പോകൽ, തടങ്കലിൽ പാർപ്പിക്കൽ, കവർച്ച, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, മൃതദേഹത്തോട് അനാദരവ് എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഗൂഢാലോചനയിൽ പങ്കെടുത്തെന്നതാണ് മുത്തുവിനെതിരെയുള്ള കുറ്റം. 107 സാക്ഷികളുള്ള കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മൊബൈൽ ഫോൺ വിവരങ്ങൾ ഉൾപ്പെടെ 25 രേഖകൾ പൊലീസ് ഹാജരാക്കി. കയർ, പായ,ആഭരണം മുറിക്കാൻ ഉപയോഗിച്ച കട്ടർ തുടങ്ങി 40 തൊണ്ടിമുതൽ ഹാജരാക്കി. പ്രതികൾ നിലവിൽ ജയിലിലാണ്.
തുവ്വൂർ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു സുജിത. കൃഷിഭവനിൽനിന്ന് തലവേദനയ്ക്കുള്ള മരുന്ന് വാങ്ങിക്കാൻ പോയ സുജിതയെ കഴിഞ്ഞ ഓഗസ്റ്റ് 11ന് കാണാതാവുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ 11 ദിവസത്തിനുശേഷം വിഷ്ണുവിന്റെ വീട്ടിലെ അടുക്കളയോട് ചേർന്ന മാലിന്യക്കുഴിയിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി. സുജിതയുടെ ആഭരണങ്ങൾ കാണാതായതിനെത്തുടർന്ന് തുവ്വൂരിലെ സ്വർണക്കടകൾ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണമാണ് കേസിനു തുമ്പായത്. ക്രൂരമായ കൊലയ്ക്കു ശേഷം പ്രതികൾ നാട്ടിലൂടെ വിലസുകയും അന്വേഷണം വഴി തെറ്റിക്കാൻ സുജിത തൃശൂരിലെ യുവാവുമായി പ്രണയത്തിലാണെന്ന കഥ വിഷ്ണു പ്രചരിപ്പിക്കുകയും ചെയ്തു. സുജിത അണിഞ്ഞിരുന്ന 53 ഗ്രാം സ്വർണാഭരണം വിഷ്ണു വിൽപന നടത്തിയതായി പൊലീസ് കണ്ടെത്തി. 2 വള, മോതിരം, താലിമാല, മാല, കമ്മൽ എന്നീ ആഭരണങ്ങളാണ് തട്ടിയെടുത്തത്. ഇതു വിറ്റുകിട്ടിയ പണം പ്രതികൾ പങ്കിട്ടെടുത്തതായി കുറ്റപത്രത്തിൽ പറയുന്നു. പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ വി.സതീഷ് കുമാർ, സിപിഒ സനോജ് എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.