ADVERTISEMENT

എസ്.സുജിത് ദാസ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റിട്ട് 2 വർഷവും 9 മാസവും 15 ദിവസവും പൂർത്തിയായി. കോഴിക്കോട് വിമാനത്താവളത്തിലെ സ്വർണവേട്ട, കേരളമാകെ ശ്രദ്ധിച്ച ഒട്ടേറെ കേസുകൾ, താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തെത്തുടർന്ന് പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങൾ, കേസുകളുടെ എണ്ണം വർധിപ്പിച്ച് ജില്ലയെ അപമാനിക്കുന്നുവെന്ന കുറ്റപ്പെടുത്തലുകൾ...സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ മലപ്പുറം ദിനങ്ങൾ. തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ മേധാവിയായി നിയമിതനായ അദ്ദേഹം നാളെ മലപ്പുറം എസ്പി സ്ഥാനമൊഴിയും. എസ്.സുജിത് ദാസ് മനോരമയോട് സംസാരിക്കുന്നു.

മലപ്പുറം അനുഭവം എങ്ങനെ?
കോവിഡ് രൂക്ഷമായിരുന്ന കാലത്താണ് ചുമതലയേറ്റത്. അതിനിടയിൽ നിയമസഭാ തിരഞ്ഞെടുപ്പ് വന്നു.അവ രണ്ടും നല്ല നിലയിൽ കൈകാര്യം ചെയ്യാൻ കഴിഞ്ഞു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചപ്പോൾ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ റെയ്ഡ് നടന്നത് മലപ്പുറം ജില്ലയിലാണ്. മൂന്നു വർഷത്തിനിടെ ജില്ലയിൽ കാര്യമായ ക്രമസമാധാന പ്രശ്നങ്ങളുണ്ടായില്ലെന്നത് നേട്ടമാണ്.

കോഴിക്കോട്  വിമാനത്താവളത്തിലെ സ്വർണക്കടത്ത് തടയാൻ പൊലീസ് നേരിട്ട് ഇടപെട്ടു തുടങ്ങിയത് താങ്കൾ എസ്പിയായ ശേഷമാണ്. എങ്ങനെയാണ് അതിലേക്ക് എത്തിയത്?
സ്വർണക്കടത്ത് തടയുന്നതിൽ പൊലീസിനെന്താണ് കാര്യമെന്ന് പലരും ചോദിക്കുന്നുണ്ട്. നേരത്തേ പൊലീസ് ഇക്കാര്യത്തിൽ ഇടപെട്ടിരുന്നില്ല. എന്നാൽ,സ്വർണക്കടത്ത് സംഘങ്ങൾ തമ്മിൽ സിനിമാ സ്റ്റൈലിൽ നടന്ന ചേസിങ്ങിനൊടുവിൽ രാമാനാട്ടുകരയിലുണ്ടായ അപകടത്തിൽ 5 പേർ മരിച്ചത് ഓർക്കുന്നുണ്ടല്ലോ. സ്വർണക്കടത്ത് വിമാനത്താവള പരിസരത്ത് ക്രിമിനൽ ഗ്യാങ്ങുകളുടെ വിളയാട്ടത്തിനു കാരണമാകുന്നുവെന്ന് പൊലീസ് മനസ്സിലാക്കിയത് ആ സംഭവത്തോടെയാണ്. അത് തടയേണ്ടത് പൊലീസിന്റെ കടമയാണ്.

ഒരു നാട്ടിൽ ചീട്ടുകളി കാരണം കുഴപ്പമുണ്ടാകുന്നുണ്ടെങ്കിൽ കളി ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെയാണ്, സ്വർണക്കടത്ത് തടയുന്നതിൽ പൊലീസ് ഇടപെട്ടത്. അല്ലാതെ മറ്റ് ഏജൻസികളെ മോശക്കാരാക്കാനല്ല. ഇതുവരെ 101 കിലോ സ്വർണം പൊലീസ് പിടിച്ചു.55 കോടിയാണ് ഇതിന്റെ മൂല്യം. 64 പേരെ അറസ്റ്റ് ചെയ്തു.കസ്റ്റംസ് ഉദ്യോഗസ്ഥനെവരെ സസ്പെൻഡ് ചെയ്തു.വിമാനത്താവളവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കാനുമായി.കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഇതേ സംവിധാനം നടപ്പാക്കുന്നത് ആലോചിക്കുമെന്ന് ഡിജിപി പറയുകയും ചെയ്തിട്ടുണ്ട്.

∙നേട്ടങ്ങളെക്കുറിച്ച് പറയുമ്പോഴും താനൂർ കസ്റ്റഡി മരണം ഒരു കറുത്ത പാടല്ലേ?
അത് മറ്റൊരു ഏജൻസി അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസാണ്. അതിനെക്കുറിച്ച് കമന്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.

∙കേസുകളുടെ എണ്ണം കൂട്ടി ജില്ലയെ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണമുയർന്നല്ലോ?
തെളിവില്ലാതെ കേസെടുക്കുകയാണെങ്കിൽ കോടതിയിൽ ചാലഞ്ച് ചെയ്യാമല്ലോ.ലഹരിമരുന്ന് വിൽപനയും വിതരണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസ് റജിസ്റ്റർ ചെയ്ത ജില്ല മലപ്പുറമാണ്.ഇത്തരം കേസുകൾ കൂടുതലായി റജിസ്റ്റർ ചെയ്യപ്പെടുന്നത് സമൂഹത്തിനു ഗുണകരമാണ്.ഓൺലൈൻ ലോട്ടറിക്കാർക്കെതിരെയും മണൽ കടത്തിനെതിരെയുമൊക്കെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ സമരം ചെയ്യുന്നത് നിയമവിരുദ്ധമാണ്. അത്തരം സംഭവങ്ങളിലും കേസെടുത്തിട്ടുണ്ട്. രാഷ്ട്രീയമായ ആരോപണങ്ങൾക്ക് മറുപടി പറയാനില്ല.

∙ജില്ലയിലെ പൊലീസിങ്ങിൽ ഇനിയും മെച്ചപ്പെടേണ്ട മേഖല ഏതാണ്?
സൈബർ തട്ടിപ്പുകളാണ് ഇനി ശ്രദ്ധ പതിയേണ്ട മേഖല. ഇത്തരം കേസുകളിൽ പണം നഷ്ടപ്പെട്ട് പല കുടുംബങ്ങളും കഷ്ടത്തിലാകുന്നുണ്ട്.    ലഹരിക്കെതിരെയെന്ന  പോലെ, സൈബർ തട്ടിപ്പുകളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കണം. തട്ടിപ്പ് തടയുന്നതിനു കൂടുതൽ ഫലപ്രദമായ നടപടികളും വേണം.

∙രണ്ടര വർഷത്തെ സേവനത്തിൽ കൂടുതൽ സംതൃപ്തി തോന്നിയ സന്ദർഭം?
ഒട്ടേറെ പ്രമാദമായ കേസുകൾ തെളിയിക്കാനായി.താനൂർ ബോട്ടപകടത്തിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനായി. അപകടത്തിൽ മരിച്ചവരുടെയെല്ലാം പോസ്റ്റ്മോർട്ടം പുലർച്ചെ 3 മണിക്കകം പൂർത്തിയാകുന്ന രീതിയിൽ ക്രമീകരിച്ചു.ജില്ലയിൽ ഇക്കാലയളവിൽ 70 കോടിയോളം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു.

 ഇവയൊക്കെയുണ്ടെങ്കിലും ഏറ്റവും സന്തോഷം തരുന്നത് ജില്ലയിൽ നടപ്പാക്കിയ എയ്ഡ് പ്രോസിക്യൂഷൻ ലയസൺ വിങ് എന്ന സംവിധാനമാണ്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലയാണ് മലപ്പുറം.

  വിചാരണ അനനന്തമായി നീണ്ടുപോകുന്നതു കാരണം പോക്സോ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികൾക്ക് ശിക്ഷ ലഭിക്കുന്നത് വിരളമായിരുന്നു.ഇതിനു പരിഹാരമായാണ് ലയസൺ വിങ് രൂപീകരിച്ചത്. പരിചയ സമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ ലയസൺ ഓഫിസർമാരായി നിയമിച്ച് ഓരോ കേസും വിശദമായി പഠിച്ച് പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം സുഗമമാക്കുന്നതിനും സാക്ഷികളെ കൃത്യമായി ഹാജരാക്കുന്നതിനും സഹായിച്ചു.ഇതുവഴി വലിയ മാറ്റമുണ്ടായി.

കസ്റ്റോഡിയൽ കേസുകളായി പരിഗണിക്കുന്ന 44 എണ്ണത്തിൽ വിധി പ്രസ്താവിച്ച 19ലും ശിക്ഷ ഉറപ്പാക്കാൻ പൊലീസിന് സാധിച്ചു.മഞ്ചേരി പോക്സോ കേസ് പ്രതിക്ക് 80 വർഷം, പെരിന്തൽമണ്ണയിലെ കേസിൽ 64 വർഷം, മഞ്ചേരിയിലെ മറ്റൊരു കേസിൽ 109 വർഷം  എന്നിങ്ങനെ പ്രതികൾക്ക് ശിക്ഷ ലഭിച്ചത് ഈ സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചതുകൊണ്ടാണ്.ഈ മാതൃക എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനം മലപ്പുറം പൊലീസിനു ലഭിച്ച അംഗീകാരമാണ്. 

പല ജില്ലകളിലും ജോലി ചെയ്തെങ്കിലും മലപ്പുറത്തുകാരെപ്പോലെ പൊലീസുമായി സഹകരിക്കുന്ന ജനങ്ങൾ എവിടെയുമില്ല.പ്രശ്ന പരിഹാരത്തിനായി പൊലീസ് സ്റ്റേഷനെ ആശ്രയിക്കാൻ ഭയമോ ആശങ്കയോ ഇല്ലാത്തവരാണ് മലപ്പുറത്തുകാർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT