മരണത്തിൽ ദുരൂഹതയെന്ന് പരാതി; യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം

Mail This Article
ഊർങ്ങാട്ടിരി ∙ മരണത്തിൽ ദുരൂഹത ആരോപിച്ചതിനെത്തുടർന്ന്, യുവാവിന്റെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്തു. പനമ്പിലാവ് പുളിക്കൽ ബേബിയുടെ മകൻ തോമസിന്റെ (36-തൊമ്മൻ) മൃതദേഹമാണു പോസ്റ്റ്മോർട്ടം ചെയ്തത്. ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് നടപടി. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
പൊലീസ് സർജൻ പി.പി.അജേഷിന്റെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ. ഏറനാട് തഹസിൽദാർ ഹാരിസ് കപ്പൂര്, അരീക്കോട് ഇൻസ്‌പെക്ടർ എം.അബ്ബാസലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ 10ന് പനമ്പിലാവ് സെന്റ് മേരീസ് ദേവാലയത്തിൽ എത്തി. പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി രാത്രിയോടെ പള്ളി സെമിത്തേരിയിൽത്തന്നെ സംസ്‌കരിക്കുകയായിരുന്നു.
കഴിഞ്ഞ നാലിനാണ് ഡ്രൈവറായ തോമസ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സതേടി വീട്ടിലെത്തിയ ശേഷമായിരുന്നു മരണം. ആശുപത്രിയിൽ വച്ച് തോളെല്ലിനു പൊട്ടലുള്ളതായി കണ്ടെത്തിയിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. തുടർചികിത്സയ്ക്കായി പോകുന്നതിനു മുൻപ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടർമാർ അറിയിച്ചതിനാൽ അസ്വാഭാവികതതോന്നിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
പിന്നീട്, മരിക്കുന്നതിനു ദിവസങ്ങൾക്കു മുൻപ് തോമസും സുഹൃത്തുക്കളും തമ്മിൽ സംഘർഷമുണ്ടായിരുന്നതായി അറിഞ്ഞതിനെത്തുടർന്നാണ് കുടുംബം അരീക്കോട് പൊലീസിൽ പരാതി നൽകിയത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് പൊലീസ് പറഞ്ഞു.