അയ്യപ്പചരിതമാടി കേരളനടനത്തിൽ യദുകൃഷ്ണൻ നേടി
Mail This Article
കോട്ടയ്ക്കൽ ∙ സമയം അർധരാത്രി പിന്നിട്ടിരുന്നു. ഗുരു കൂടിയായ ചെറിയച്ഛന്റെ അനുഗ്രഹത്തോടെ വേദിയിൽ യദുകൃഷ്ണൻ അയ്യപ്പചരിതമാടി. ഫലം വന്നപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ ആൺകുട്ടികളുടെ കേരളനടനത്തിൽ ഒന്നാം സ്ഥാനം. മേലാറ്റൂർ ആർഎംഎച്ച്എസ് സ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥിയാണ് കെ.യദുകൃഷ്ണൻ. 2012ൽ യദുകൃഷ്ണന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ ഹരിദാസൻ ബൈക്ക് അപകടത്തിൽ മരിച്ചു.
പിന്നെ ചെറിയച്ഛനും നൃത്താധ്യാപകനുമായ മുരളി കീഴാറ്റൂരാണ് രക്ഷിതാവായത്. കലയുടെ പാരമ്പര്യം അങ്ങനെ യദുവിലേക്കുമെത്തി. കഴിഞ്ഞ തവണയും ജില്ലാ സ്കൂൾ കലോത്സവത്തിൽ കേരളനടനം അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ചെറിയച്ഛന്റെ കീഴിൽ നൃത്തം പഠിച്ചുതുടങ്ങിയിരുന്നു. ഭരതനാട്യവും കുച്ചിപ്പുടിയുമറിയാം. ഇനി ജില്ലയ്ക്കു വേണ്ടി സംസ്ഥാന തലത്തിൽ മത്സരിച്ചു ജയിക്കാനുള്ള ഒരുക്കത്തിലാണ് യദുകൃഷ്ണൻ.