ആനമറിയിൽ ഭീതിപരത്തി ആനകളുടെ വിളയാട്ടം
Mail This Article
വഴിക്കടവ് ∙ ആനമറിയിൽ ആനകൾ എത്തുന്നത് ആശ്ചര്യമുള്ള കാര്യമൊന്നുമല്ല. ആനമറി എന്ന പേര് വന്നത് തന്നെ ആനകളുടെ സാന്നിധ്യം കൊണ്ടാണ്. മുൻപ് ആനമറി ഭാഗത്ത് വനത്തിനിടയിലുള്ള റോഡ് മറികടന്ന് ആനകൾ അങ്ങോട്ടും ഇങ്ങോട്ടും പോവുക മാത്രമായിരുന്നു. എന്നാലിപ്പോൾ അങ്ങനെയല്ല. ആനകൾ ജനവാസ കേന്ദ്രത്തിൽ നിന്നു വിട്ടുപോകാതെ ഭീതിസൃഷ്ടിക്കുകയാണ്. കൊളവണ്ണ കൃഷ്ണന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ 5 ദിവസം തുടർച്ചയായി ആനക്കൂട്ടമെത്തി. 4 ദിവസം കൃഷ്ണൻ ഉറക്കം ഒഴിച്ചിരുന്നതിനാൽ ആനക്കൂട്ടത്തെ പിന്തിരിപ്പിക്കാനായി. ഇതിൽ ഒരു ദിവസം കൃഷ്ണന്റെയും അയൽവാസിയായ മുഹമ്മദലിയുടെയും പിറകെ ആക്രമിക്കാൻ ഓടികൂടുകുയും ചെയ്തു. എന്നാൽ, കഴിഞ്ഞ ദിവസം ക്ഷീണം കാരണം കൃഷ്ണൻ ഉറങ്ങിപ്പോയി. നേരം പുലർന്ന് നോക്കുമ്പോഴും മുന്ന് സ്ഥലങ്ങളിലായുള്ള വാഴയും തെങ്ങും കമുകും എല്ലാം നശിപ്പിച്ചിട്ടുണ്ട്.
പുഞ്ചക്കൊല്ലി പ്ലാന്റേഷൻ തൊഴിലാളിയായ കൃഷ്ണൻ പ്ലാന്റേഷനിലെ ജോലി കഴിഞ്ഞ് കിട്ടുന്ന സമയത്ത് ഏറെ കഷ്ടപ്പെട്ടുണ്ടാക്കിയ വിളകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കടിയിൽ അനവധി പേരുടെ കൃഷിയിടങ്ങളിലാണ് നാശം വരുത്തിയത്. തൊട്ടടുത്തുള്ള നെല്ലിക്കുത്ത് സ്റ്റേഷനിലുള്ള വനപാലകരുടെ കൺമുന്നിലൂടെയാണ് ആനക്കൂട്ടം നാട്ടിലിറങ്ങുന്നത്. വനപാലകർ നേരിട്ട് തന്നെ ഇതെല്ലാം കാണുന്നുണ്ടെങ്കിലും നടപടിയെടുക്കാൻ തയാറാവുന്നില്ല, വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ സ്ഥാപിച്ച വൈദ്യുതവേലി തകർന്ന് നിലയിലാണ്. പുതിയ തൂക്കുവേലി സ്ഥാപിക്കുന്നതിൽ ആനക്കൂട്ടം പതിവായെത്തുന്ന ആനമറി ഭാഗം ഉൾപ്പെടുത്തിയിട്ടുമില്ല.